play-sharp-fill
സത്യൻ അന്തിക്കാട് എഴുതിയ ചലച്ചിത്ര ഗാനത്തിലെ വരികളിലൂടെ തന്റെ പ്രണയിനിയുടെ പേരും ഉൾപ്പെടുത്തിയത് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഏറെ രസകരമായി തോന്നിയേക്കാം : ശ്രോതാക്കളെ ഏറെ ആകർഷിച്ച ആ ഗാനം ഇതാണ്…

സത്യൻ അന്തിക്കാട് എഴുതിയ ചലച്ചിത്ര ഗാനത്തിലെ വരികളിലൂടെ തന്റെ പ്രണയിനിയുടെ പേരും ഉൾപ്പെടുത്തിയത് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഏറെ രസകരമായി തോന്നിയേക്കാം : ശ്രോതാക്കളെ ഏറെ ആകർഷിച്ച ആ ഗാനം ഇതാണ്…

 

കോട്ടയം: എഴുപതുകളിൽ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു ഡോക്ടർ ബാലകൃഷ്ണൻ എന്ന സകലകലാവല്ലഭൻ .
കഥ ,തിരക്കഥ , സംഭാഷണം , ഗാനങ്ങൾ, നിർമ്മാണം, സംവിധാനം തുടങ്ങിയ എല്ലാ മേഖലകളിലും ഡോക്ടർ ബാലകൃഷ്ണൻ സ്വന്തം കൈയൊപ്പ് പതിപ്പിച്ചിരുന്നു .

അതിനേക്കാളുപരി അദ്ദേഹം ഓർക്കപ്പെടുന്നത് മലയാളത്തിലെ ഒരുപറ്റം ചലച്ചിത്രകാരന്മാരെ കൈപിടിച്ചുയർത്തിയ
മഹത് വ്യക്തി എന്ന നിലയിലാണ്.
രേഖ സിനി ആർട്സ് എന്ന അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയുടെ ” ലേഡീസ് ഹോസ്റ്റലി “ലൂടെയാണ് ഹരിഹരൻ സ്വതന്ത്ര സംവിധായകനാകുന്നത്..
“ലൗ ലെറ്റർ ” എന്ന ചിത്രത്തിലൂടെ കെ ജെ ജോയ് എന്ന ചലച്ചിത്ര സംഗീത സംവിധായകനെ മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നതും ഡോക്ടർ ബാലകൃഷ്ണനാണ് .


സംവിധാന രംഗത്തെ നിറസാന്നിധ്യമായ സത്യൻഅന്തിക്കാട് സിനിമയിലെത്താനുള്ള കാരണവും ഡോക്ടർ ബാലകൃഷ്ണന്റെ സന്മനസ്സായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1976-ൽ ഇദ്ദേഹം നിർമ്മിച്ച് ജേസി സംവിധാനം ചെയ്ത
” സിന്ദൂരം ” എന്ന ചിത്രത്തിന്റെ സഹ സംവിധായകനായിട്ടാണ് സത്യൻ അന്തിക്കാടിന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത് .

തന്റെ സഹസംവിധായകനായ ചെറുപ്പക്കാരന് ആ ചിത്രത്തിൽ ഒരു പാട്ടെഴുതുവാൻ അദ്ദേഹം അവസരം നൽകി .

മനസ്സുനിറയെ സിനിമാമോഹവും അതോടൊപ്പം മാമലകൾക്കപ്പുറത്ത് തന്നെ കാത്തിരിക്കുന്ന പ്രണയിനിയെക്കുറിച്ചുള്ള മധുരസ്മൃതികളും മനസ്സിൽ താലോലിച്ചു കൊണ്ട് സത്യൻ അന്തിക്കാട് എഴുതിയ

“ഒരു നിമിഷം തരൂ
നിന്നിലലിയാൻ
ഒരു യുഗം തരൂ
നിന്നെ അറിയാൻ
നീ സ്വർഗ്ഗരാഗം
ഞാൻ രാഗമേഘം. … ”

എന്ന ഗാനം പിന്നീട് മലയാള ചലച്ചിത്രഗാനശാഖയിലെ നാഴികക്കല്ലുകളിലൊന്നായി മാറി.

പിൽക്കാലത്ത് ജീവിതസഖിയായി തീർന്ന അദ്ദേഹത്തിന്റെ പ്രണയിനി നിർമ്മലയ്ക്കുള്ള പ്രണയോപഹാരമായിരുന്നു ഈ ചേതോഹര ഗാനം .

“നീലാംബരത്തിലെ നീരദകന്യകൾ നിൻ നീലമിഴി കണ്ടു മുഖം കുനിച്ചു ആ നീലമിഴികളിൽ
ഒരു നവസ്വപ്നമായി
നിർമ്മലേ എൻ അനുരാഗം തളിർത്തുവെങ്കിൽ …”

എന്ന വരികളിലൂടെ തന്റെ പ്രണയിനിയുടെ പേരും ഈഗാനത്തിൽ ഉൾപ്പെടുത്തിയത് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഏറെ രസകരമായി തോന്നിയേക്കാം .

മദ്രാസിൽ എത്തിയിരുന്ന കലാകാരന്മാർക്കെല്ലാം ആശ്രയമായിരുന്ന ഡോക്ടർ ബാലകൃഷ്ണൻ ഈ ചിത്രത്തിൽ സത്യൻ അന്തിക്കാടിനെ കൂടാതെ മറ്റു 4 ഗാന രചയിതാക്കൾക്ക് കൂടി അവസരം കൊടുത്തിരുന്നു .
എ ടി ഉമ്മറായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ഭരണിക്കാവ് ശിവകുമാർ എഴുതിയ ഒരു ഗാനവും സിന്ദൂരം എന്ന ചിത്രത്തിന്റെ വിജയത്തിന് മുഖ്യ ഘടകങ്ങളിലൊന്നായി മാറി.

“സിന്ദൂര പുഷ്പവന ചകോരം
സീതപൈങ്കിളിയോടു ചൊല്ലി
നീ പാടും ഗാനത്തിൻ ആനന്ദലഹരിയിൽ എല്ലാം
മറന്നു ഞാനുറങ്ങട്ടെ….”

എന്ന ഗാനവും സത്യൻ അന്തിക്കാടിന്റെ മേൽപ്പറഞ്ഞ ഗാനവും അന്നത്തെ കാലത്ത് റേഡിയോ ശ്രോതാക്കൾ ഏറ്റവുമധികം ആവശ്യപ്പെട്ടിരുന്നതായിരുന്നു.

“വൈശാഖയാമിനി വിരുന്നുവന്നു ..”
( കോന്നിയൂർ ഭാസ് )
“യദുകുലമാധവാ…”
(ശശികല മേനോൻ )
“കാഞ്ചനത്താരകൾ കണ്ണുകൾ ….”
(അപ്പൻ തച്ചേത്ത്) എന്നിവയായിരുന്നു സിന്ദൂരത്തിലെ മറ്റു ഗാനങ്ങൾ .

സോമൻ ,വിൻസെന്റ് ,സുധീർ , ജയഭാരതി , റാണിചന്ദ്ര ,
മല്ലികസുകുമാരൻ , മാള അരവിന്ദൻ എന്നിവർ അഭിനയിച്ച് 1976 ജൂൺ ആദ്യവാരം തിയേറ്ററുകളിലെത്തിയ
” സിന്ദൂരം ” 48 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു.
നടൻ മാള അരവിന്ദന്റെ ആദ്യചിത്രവും ഇതായിരുന്നു.
പിൽക്കാലത്ത് മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് കനത്ത സംഭാവനകൾ നൽകിയ അഞ്ചു ഗാനരചയിതാക്കൾ മാറ്റുരച്ച
മലയാള സിനിമയുടെ
തിരുനെറ്റിയിലണിഞ്ഞ ഈ “സിന്ദൂര ” ത്തിന്റെ ശോഭ ഇന്നും ഒട്ടും കുറഞ്ഞു പോയിട്ടില്ല .