“പൊൻമുട്ടയിടുന്ന താറാവ് ” എന്ന ചിത്രത്തിന്റെ ആദ്യ പേര് “പൊൻ മുട്ടയിടുന്ന തട്ടാൻ ” എന്നായിരുന്നു: ഈ ചിത്രത്തിന്റെ സംവിധായകൻഎഴുതിയ പാട്ടുകളെല്ലാം ഹിറ്റായി എന്നത് എത്ര പേർക്കറിയാം

 “പൊൻമുട്ടയിടുന്ന താറാവ് ” എന്ന ചിത്രത്തിന്റെ ആദ്യ പേര് “പൊൻ മുട്ടയിടുന്ന തട്ടാൻ ” എന്നായിരുന്നു: ഈ ചിത്രത്തിന്റെ സംവിധായകൻഎഴുതിയ പാട്ടുകളെല്ലാം ഹിറ്റായി എന്നത് എത്ര പേർക്കറിയാം

 

സ്വന്തം ലേഖകൻ
കോട്ടയം: ചിരിയുടെ മാലപ്പടക്കത്തിന് തിരികെ കുത്തിയ ചിത്രമായിരുന്നു 1പൊൻമുട്ടയിടുന്ന താറാവ്” 1988-ൽ വൻവിജയം നേടിയ ഈ ചിത്രം സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു. ചിത്രത്തിലെ ഓരോ രംഗവും പിന്നീട്
ഓർത്തോർത്തു ചിരിക്കാനുതകുന്ന ഒരു സുന്ദരകലാസൃഷ്ടിയായിരുന്നു ഈ സിനിമ .
ചിത്രത്തിന് സംവിധായകൻ ആദ്യം നിശ്ചയിച്ച പേര്
“പൊൻമുട്ടയിടുന്ന തട്ടാൻ ” എന്നായിരുന്നുവത്രെ !

തങ്ങളുടെ കുലത്തൊഴിലിനെ അപമാനിക്കുകയാണോ എന്ന സംശയത്താൽ ഈ ചിത്രത്തിനെതിരെ ചിലർ അന്ന് പ്രതിഷേധമുയർത്തി . അവസാനം പൊന്മുട്ടയിടുന്ന താറാവിലേക്ക് തന്നെ ചിത്രത്തിന് മടങ്ങിയെത്തേണ്ടിവന്നു .
അന്ന് സത്യൻഅന്തിക്കാട് നടത്തിയ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞത് “ഇനി താറാവുകളൊക്കെ പ്രതിഷേധവുമായി വരാതിരുന്നാൽ നന്നായിരുന്നു ” എന്നാണ് .
കുറിക്കുകൊള്ളുന്ന ഈ നർമ്മബോധമാണ് സത്യൻ അന്തിക്കാട് എന്ന ചലച്ചിത്രസംവിധായകന്റെ തുറുപ്പുചീട്ട് .

തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് എന്ന ഗ്രാമം കള്ളുചെത്തിലൂടേയും കമ്മ്യൂണിസ്റ്റ് സമരങ്ങളിലൂടേയുമാണ് വാർത്തകളിൽ എന്നും നിറഞ്ഞു നിന്നിരുന്നത്.
എന്നാൽ “സത്യൻ അന്തിക്കാട് ”
എന്ന സംവിധായകനിലൂടെ ഈ കർഷക ഗ്രാമത്തിന് കിട്ടിയ പ്രശസ്തി വളരെയേറെയായിരുന്നു.
1975-ൽ ഡോക്ടർ ബാലകൃഷ്ണന്റെ സംവിധാനസഹായിയായി ചെന്നൈയിലെത്തിയ സത്യൻ അന്തിക്കാട് ഗാനരചനാരംഗത്താണ് ആദ്യം ശ്രദ്ധകേന്ദ്രീകരിച്ചത്. അക്കാലത്ത് അദ്ദേഹം എഴുതിയ ഏതാനും ഗാനങ്ങൾ വളരെ പ്രശസ്തി നേടിയെടുക്കുകയുണ്ടായി .
“ഒരു നിമിഷം തരൂ നിന്നിലലിയാൻ ….. (സിന്ദൂരം -സംഗീതം എ.ടി. ഉമ്മർ – ആലാപനം യേശുദാസ്) കിനാവിൽ ഏദൻ തോട്ടം ഏതോ സ്വർഗ്ഗമായി …..(ചിത്രം ഏദൻ തോട്ടം – സംഗീതം ശ്യാം – ആലാപനം യേശുദാസ്) ” ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ ….. (ചിത്രം ഞാൻ ഏകനാണ് – സംഗീതം എം.ജി.രാധാകൃഷ്ണൻ – ആലാപനം ചിത്ര )
“ഒരു പ്രേമഗാനം പാടി ഇളം തെന്നലെന്നെയുണർത്തി …. ( ചിത്രം അസ്തമയം – സംഗീതം ശ്യാം- ആലാപനം യേശുദാസ് ) തുടങ്ങിയ സത്യൻ അന്തിക്കാട് രചന നിർവ്വഹിച്ച ഗാനങ്ങൾ ആകാശവാണിയിൽ എന്നും കേൾക്കാമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സത്യൻ അന്തിക്കാട് പിന്നീട് ഗാനരചനരംഗത്ത് നിന്നും പിന്മാറി സംവിധാനരംഗത്ത് ഏറെ ശ്രദ്ധ പതിപ്പിക്കുകയാണുണ്ടായത് . “കുറുക്കന്റെ കല്യാണം” ആയിരുന്നു ആദ്യ ചിത്രം . അതിനു ശേഷം 52 ഹിറ്റ്ചിത്രങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്തത് . നാട്ടിൻപുറത്തെ നന്മകളുടെ നേർക്കാഴ്ചകൾ കാണണമെങ്കിൽ സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾ പരതിയാൽമതി.

പലരും വിദേശങ്ങളിൽ പോയി കോടിക്കണക്കിന് രൂപ ചിലവിട്ട് വൻ ബഡ്ജറ്റിൽ സിനിമകൾ നിർമ്മിക്കുമ്പോൾ സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾ ഒരു ഗ്രാമത്തിന്റെ നിഷ്ക്കളങ്കകാഴ്ചകളിൽ ഒതുങ്ങി നിൽക്കും. നിർമ്മാതാവിന് ഒരിക്കലും നഷ്ടം ഉണ്ടാകാത്തതായിരുന്നു സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾ .
നമ്മൾ ജീവിതയാത്രയിൽ എവിടെയെല്ലാമോ കണ്ടു മറന്ന മുഖങ്ങളെല്ലാം
സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിലൂടെ പുനർജനിക്കുന്നത് പലപ്പോഴും അതിശയത്തോടെ കണ്ടിരുന്നിട്ടുണ്ട്.

മലയാളത്തിൽ വി കെ എൻ എന്ന ഹാസ്യ ചക്രവർത്തിയുടെ ഒരു കഥ ചലച്ചിത്രമാക്കിയതിന്റെ ക്രെഡിറ്റും സത്യനു മാത്രം സ്വന്തം …
സന്ദേശം, വരവേൽപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഈ സംവിധായകൻ കേരള മനസ്സാക്ഷിയുടെ നേരെ ഉയർത്തിയ സാമൂഹിക വിമർശനങ്ങളുടെ മൂർച്ച ഇന്നും ഒട്ടും കുറഞ്ഞിട്ടില്ല.
സത്യന്റെ ഗ്രാമീണചിത്രങ്ങൾ പോലെ തന്നെ
സത്യൻ ചിത്രത്തിലെ ഗാനങ്ങളും ഗ്രാമീണ പശ്ചാത്തലം ഉള്ളവരായിരിക്കും.
“തങ്കത്തോണി തെൻ മലയോര തങ്കത്തോണി തെൻ മലയോരം കണ്ടേ ….. (ചിത്രം മഴവിൽക്കാവടി – രചന കൈതപ്രം – സംഗീതം ജോൺസൺ – ആലാപനം ചിത്ര.) “ആദ്യമായ് കണ്ട നാൾ പാതി വിരിഞ്ഞു നിൻ മുഖം … ( ചിത്രം തൂവൽക്കൊട്ടാരം – രചന കൈതപ്രം – സംഗീതം ജോൺസൺ – ആലാപനം യേശുദാസ് , ചിത്ര )
“കുന്നിമണിച്ചെപ്പു തുറന്നെണ്ണി നോക്കും നേരം ….. ( ചിത്രം പൊന്മുട്ടയിടുന്ന താറാവ് – രചന ഒ എൻ വി – സംഗീതം ജോൺസൺ – ആലാപനം ചിത്ര )
“എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ ….. ( ചിത്രം അച്ചുവിന്റെ അമ്മ – രചന ഗിരീഷ് പുത്തഞ്ചേരി – സംഗീതം ഇളയരാജ – ആലാപനം ചിത്ര ) ” മറക്കുടയാൽ മുഖം
മറക്കും മാനല്ലാ …. (ചിത്രം മനസ്സിനക്കരെ – രചന ഗിരീഷ് പുത്തഞ്ചേരി – സംഗീതം ഇളയരാജ – ആലാപനം എം.ജി.ശ്രീകുമാർ)

“മലർവാകക്കൊമ്പത്ത് മണിമേഘതുമ്പത്ത് …..
( ചിത്രം എന്നും എപ്പോഴും – രചന റഫീഖ് അഹമ്മദ് – സംഗീതം വിദ്യാസാഗർ – ആലാപനം ജയചന്ദ്രൻ , രാജലക്ഷ്മി)
“വൈശാഖ സന്ധ്യേ
നിൻ ചുണ്ടിലെന്തേ ….. (ചിത്രം നാടോടിക്കാറ്റ് – രചന യൂസഫലി കേച്ചേരി – സംഗീതം ശ്യാം – ആലാപനം യേശുദാസ് )
“പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം ….
( ചിത്രം സന്മനസ്സുള്ളവർക്ക് സമാധാനം – രചന മുല്ലനേഴി – സംഗീതം ജെറി അമൽദേവ് – ആലാപനം യേശുദാസ് )

തുടങ്ങി നൂറുകണക്കിന് ഗാനങ്ങളാണ് സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ സംഗീതപ്രേമികളെ ആനന്ദസാഗരത്തിൽ ആറാടിച്ചു കൊണ്ട് വെള്ളിത്തിരയിൽ മിന്നിമറഞ്ഞത്…
1955 ജനുവരി 3-നു ജനിച്ച സത്യൻഅന്തിക്കാടിന്റെ ജന്മദിനമാണ് നാളെ ..മലയാള സിനിമയിലെ നിത്യവസന്തമായ ഈ സംവിധായക പ്രതിഭയ്ക്ക് നിറഞ്ഞമനസ്സോടെ സിനിമാ ലോകം പിറന്നാളാശംസകൾ നേരുകയാണ് .