അനശ്വര നടൻ സത്യന്റെ ജീവിതം സിനിമയാവുന്നു; സത്യനായി ജയസൂര്യ
സ്വന്തം ലേഖിക
തിരുവനന്തപുരം: അനശ്വര നടൻ സത്യന്റെ ജീവിതം സിനിമയാവുന്നു. ജയസൂര്യയാണ് സത്യനാകുന്നത്. ഇന്നലെ 48ാം ചരമവാർഷിക ദിനത്തിൽ സത്യന്റെ മകൻ സതീഷ് സത്യനാണ് ‘പപ്പയെ’ക്കുറിച്ചുള്ള സിനിമ ഒരുങ്ങുന്നത് അറിയിച്ചത്. വിജെ.ടി ഹാളിൽ തിങ്ങിനിറഞ്ഞ സദസ് അത് കരഘോഷത്തോടെ സ്വീകരിച്ചു.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. നിർമ്മാതാവിനൊപ്പം പാളയം എൽ.എം.എസ് പള്ളിവളപ്പിലെ സത്യന്റെ സ്മൃതികുടീരത്തിൽ പൂക്കളർപ്പിച്ച് പ്രാർത്ഥിച്ച ശേഷമാണ് ജയസൂര്യ സത്യൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിന് എത്തിയത്.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരു നടൻ എങ്ങനെയാവണമെന്നും കഥാപാത്രത്തോട് എങ്ങനെ നീതി പുലർത്തണമെന്നും കാട്ടിത്തന്ന കലാകാരനായിരുന്നു സത്യനെന്ന് കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. അനുപമം ആയ അഭിനയ ശൈലിയിലൂടെ അദ്ദേഹം സഷ്ടിച്ച സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുകയാണെന്നും കടന്നപ്പള്ളി പറഞ്ഞു.മഹാനായ നടൻ സത്യൻ മാഷിന്റെ ആത്മാവ് അനുഗ്രഹിച്ചതിനാലാണ് ഈ സിനിമ യാഥാർത്ഥ്യമാവുന്നതെന്ന് നടൻ ജയസൂര്യ പറഞ്ഞു. തന്റെ ജീവിതത്തിലെ അപൂർവ്വ നിമിഷമാണ് ഇത്. മറ്റൊരു സത്യനായി വേഷമിട്ട ശേഷമാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ഫുട്‌ബോൾ താരം വി.പി.സത്യന്റെ വേഷമാണ് ക്യാപ്റ്റൻ എന്ന സിനിമയിൽ ചെയ്തത്. തന്നെ സംസ്ഥാന അവാർഡിന് ചിത്രം അർഹനാക്കി. ബഡ്ജറ്ര് നോക്കാതെ ചിത്രം ചെയ്യാമെന്ന് നിർമ്മാതാവ് വിജയ്ബാബുവും സമ്മതിച്ചു. ഇത് നല്ലൊരു ചിത്രമാകുമെന്നും ജയസൂര്യ പറഞ്ഞു.സത്യനെന്ന അതുല്യ കലാകാരന്റെ ജീവിതം സത്യസന്ധമായി ജനങ്ങളിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു. നാല് വർഷത്തെ ഗവഷണത്തിലൂടെയാണ് തിരക്കഥ തയ്യാറാക്കിയത്. സത്യന്റെ മക്കളായ സതീഷ് സത്യൻ, ജീവൻസത്യൻ എന്നിവരുടെ സഹകരണവും കിട്ടി. ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദ്ധരാവും അണിയറയിൽ. രതീഷ് രഘുനന്ദനാണ് സംവിധായകൻ. ബി.ടി.അനിൽ കുമാർ, കെ.ജി.സന്തോഷ് എന്നിവരും സംവിധായകനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ആൻ അഗസ്റ്രിനും ഒരു പ്രധാന വേഷത്തിലെത്തുമെന്ന് വിജയ്ബാബു പറഞ്ഞു.നടി ആൻഅഗസ്റ്റിൻ, ആലപ്പിരമണൻ, ഗായകൻ കൃഷ്ണചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.സതീഷ്‌സത്യൻ സ്വാഗതവും സത്യൻഫൗണ്ടേഷൻ ചെയർമാൻ ജീവൻസത്യൻ നന്ദിയും പറഞ്ഞു. തുടർന്ന് സത്യൻ ചിത്രത്തിലെ ഗാനങ്ങൾ കോർത്തിണക്കി ഗാനസന്ധ്യ അരങ്ങേറി.