play-sharp-fill
ശാസ്ത്രി റോഡിനെ പുകയിൽ മുക്കി നഗരസഭയുടെ മാലിന്യം കത്തിക്കൽ: തൂത്തൂകൂട്ടിയ മാലിന്യങ്ങൾ പരസ്യമായി കത്തിച്ചത് പതിനാല് സ്ഥലത്ത്; മാലിന്യം സംസ്‌കരിക്കാൻ മാർഗമില്ലാതെ നഗരസഭ

ശാസ്ത്രി റോഡിനെ പുകയിൽ മുക്കി നഗരസഭയുടെ മാലിന്യം കത്തിക്കൽ: തൂത്തൂകൂട്ടിയ മാലിന്യങ്ങൾ പരസ്യമായി കത്തിച്ചത് പതിനാല് സ്ഥലത്ത്; മാലിന്യം സംസ്‌കരിക്കാൻ മാർഗമില്ലാതെ നഗരസഭ

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിനെ പുകയിൽ മുക്കി നഗരസഭയുടെ മാലിന്യം കത്തിക്കൽ. അതിരാവിലെ നഗരസഭ ജീവനക്കാരാണ് റോഡരികിൽ 14 സ്ഥലത്ത് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. ശാസ്ത്രി റോഡിൽ റോഡരികിൽ തൂത്ത് കൂട്ടിയ മാലിന്യങ്ങളാണ് ഇത്തരത്തിൽ കത്തിച്ചത്. പല സ്ഥാപനങ്ങളുടെയും വാതിലിലിട്ടായിരുന്നു മാലിന്യം കത്തിക്കൽ. ഇതോടെ ഇതുവഴി കടന്നു പോയ ബൈക്ക് യാത്രക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. റോഡ് പുകയിൽ മുങ്ങിയതോടെ പലരും ക്ഷുഭിതരാകുന്നതും കാണാമായിരുന്നു.
ബുധനാഴ്ച പുലർച്ചെ മുതലാണ് നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ റോഡരികിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ കത്തിക്കാൻ തുടങ്ങിയത്. നേരത്തെ ഇത്തരത്തിൽ തൂത്ത് കൂട്ടുന്ന മാലിന്യങ്ങൾ വിജനമായ ഏതെങ്കിലും സ്ഥലത്ത് എത്തിച്ചാണ് കത്തിച്ചിരുന്നത്. കരികിലയും, പ്ലാസ്റ്റിക്കും റോഡരികിൽ കൂടിക്കിടക്കുന്ന വസ്തുക്കളും എല്ലാം പരസ്യമായാണ് ഇവിടെ കത്തിച്ചിരുന്നത്.


റോഡരികിൽ മാലിന്യങ്ങൾ പരസ്യമായി കത്തിക്കരുതെന്ന നിയമം നിലനിൽക്കെയാണ് ഇപ്പോൾ യാതൊരു മാനദണ്ഡവുമില്ലാതെ മാലിന്യം കത്തിച്ചിരിക്കുന്നത്. ഇത് അതിരൂക്ഷമായ ദുർഗന്ധവും ശാരീരിക അസ്വസ്ഥതയുമാണ് യാത്രക്കാർക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ നാട്ടുകാർ പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും അപ്പോഴേയ്ക്കും നഗരസഭ അധികൃതർ തീ കത്തിച്ച ശേഷം സ്ഥലം വിട്ടിരുന്നു.
പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ പോലും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ നഗരസഭ അധികൃതർക്ക് മാലിന്യം കത്തിക്കലിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് വ്യാപാരികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group