
ഡല്‍ഹി: ശശി തരൂരിനെ ഒപ്പം കൂട്ടാൻ സിപിഎം ശ്രമം നടത്തുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെ, അദ്ദേഹം മറ്റന്നാള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് മഹാ പഞ്ചായത്ത് യോഗത്തില്‍ തന്നെ രാഹുല്‍ ഗാന്ധി അവഗണിച്ചതില്‍ ശശി തരൂർ കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോർട്ട്.
രാഹുല്‍ ഗാന്ധി തന്നെ കണ്ടില്ലെന്ന് നടിച്ചെന്നും, പേര് പരാമർശിച്ചില്ലെന്നും, പ്രവർത്തക സമിതി അംഗമായിട്ടും രാഹുല്‍ എത്തുന്നതിന് മുൻപ് പ്രസംഗിപ്പിച്ചെന്നും തരൂരിന് പരാതിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പാർട്ടി അധ്യക്ഷന് പരാതി നല്‍കിയിരുന്നു.
ഇതിനിടെ, ദുബായിലെ ഒരു വ്യവസായി വഴി സിപിഎം തരൂരിനെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ ഈ നീക്കം തരൂർ നിഷേധിച്ചിരുന്നു. നിലവില്‍ ദുബായിലുള്ള തരൂർ നാളെ നടക്കുന്ന കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പങ്കെടുക്കില്ല. നാളെ ഡല്‍ഹിയില്‍ എത്തുന്ന അദ്ദേഹം മറ്റന്നാള്‍ രാഹുല്‍ ഗാന്ധിയെ കാണും. ഈ കൂടിക്കാഴ്ചയോടെ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തരൂർ പാർട്ടി വിട്ട് സിപിഎമ്മില്‍ ചേരില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറച്ചു വിശ്വസിക്കുന്നു. തരൂരിനെപ്പോലൊരു നേതാവിന് അനുയോജ്യമായ സ്ഥാനം നല്‍കാൻ സിപിഎമ്മിന് കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണത്തിനിറങ്ങുമെന്ന് വയനാട് ക്യാമ്പില്‍ വെച്ച്
തരൂർ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും, കൊച്ചിയിലെ സംഭവവികാസങ്ങള്‍ കാര്യങ്ങള്‍ വീണ്ടും വഷളാക്കുകയായിരുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂരിന്റെ അതൃപ്തി മാറുമെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ അദ്ദേഹം സജീവമാകുമെന്നുമാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.



