
ശശികലയുടെ 1600 കോടിയുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടി ; ഇനിയും കോടികളുടെ സ്വത്തുക്കൾ
സ്വന്തം ലേഖകൻ
കൊച്ചി : അണ്ണാ ഡി.എം.കെ. നേതാവ് വി കെ ശശികലയുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടി. 1600 കോടി രൂപയുടെ സ്വത്തുക്കളാണ് ആദായവകുപ്പ് അധികൃതർ കണ്ടുകെട്ടിയത്. പുതുച്ചേരി, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലായി മാൾ, പേപ്പർ മിൽ തുടങ്ങി ഒൻപത് വസ്തുവകകളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. നേരത്തെ വി.കെ ശശികലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിൽ 1,430 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്തുകൾ കണ്ടെത്തിയിരുന്നു. 2017 ൽ 37 ഇടങ്ങളിലായി ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. 2016 നവംബർ എട്ടിന് നിരോധിച്ച നോട്ടുകൾ പിന്നീട് ബിനാമി ഇടപാടുകൾക്ക് ഉപയോഗിച്ചെന്നും കണ്ടെത്തിയിരുന്നു. 2017 നവംബറിൽ ശശികലയുടെ കുടുംബാംഗങ്ങളുടെ വീട്, ജയ ടിവി ഓഫീസ്, ചെന്നൈ സത്യം സിനിമാസ്, കൊച്ചിയിലെ ഫ്‌ളാറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയിരുന്നു