
കോട്ടയം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഗണ്യമായി കുറയുന്നുവെന്ന് കണക്കുകൾ.2019ൽ സംസ്ഥാനത്തു 123 പേർ പാമ്പു കടിയേറ്റ് മരിച്ചു; 2024ൽ 30 മരണങ്ങളായി ചുരുക്കാൻ കഴിഞ്ഞെന്നും വനംവകുപ്പ് അവകാശപ്പെടുന്നു.
4 വർഷത്തിനിടെ ജനവാസ മേഖലയിലെത്തിയ 50,000 പാമ്പുകളെ പിടികൂടി വനത്തിലേക്ക് അയച്ചെന്നു വനംവകുപ്പ്. സർപ്പ വൊളന്റിയർമാരാണു പാമ്പുകളെ പിടികൂടി വനത്തിൽ തുറന്നുവിട്ടത്. വനംവകുപ്പിന്റെ 4 വർഷത്തെ പ്രവർത്തന റിപ്പോർട്ടിലെ കണക്കാണിത്.
2030 ഓടെ പാമ്പുകടിയേറ്റുള്ള മരണം പൂർണമായും ഇല്ലാതാക്കാനായി വനംവകുപ്പിന്റെ ‘സർപ്പ’ മൊബൈൽ ആപ്പ്, ‘പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം’ തുടങ്ങിയ പദ്ധതികൾ നടപ്പാക്കി വരുന്നു. ഇവ പാമ്പുകടിയേറ്റുള്ള മരണം കുറയ്ക്കാൻ സഹായകമാവുന്നുണ്ടെന്നാണ് വിലയിരുത്തൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ കേരളത്തിൽ താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലാണ് ആന്റി വെനം ലഭ്യമാക്കിയിട്ടുള്ളത്. 2024-ൽ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യത ഉറപ്പുവരുത്തതിനുള്ള പ്രാഥമിക നടപടികൾ തുടങ്ങി.
പാമ്പു പിടിത്തത്തിനു മാർഗരേഖയും പരിശീലനവും ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും റിപ്പോർട്ടിൽ പറയുന്നു.
4 വർഷത്തിനിടെ കൃഷിനാശമുണ്ടാക്കിയ 5,000 കാട്ടുപന്നികളെ നിർമാർജനം ചെയ്തു. ആന, കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്കു ഭക്ഷണ ലഭ്യത ഉറപ്പാക്കാനായി 646 ബ്രഷ്‌വുഡ് ചെക്ഡാം, 55 കൃത്രിമ കുളങ്ങൾ, 38 ചെക്ഡാമുകൾ എന്നിവ നിർമിച്ചു.
ഗോത്ര സമൂഹങ്ങൾ മനുഷ്യ–വന്യമൃഗ സംഘർഷം കുറയ്ക്കുന്നതിന് എന്താണ് ചെയ്യുന്നതെന്നു പഠിക്കാൻ സംസ്ഥാന വനഗവേഷണ കേന്ദ്രം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി 36 ഗോത്രസമൂഹങ്ങളിൽനിന്ന് അറിവുകൾ ശേഖരിക്കാൻ തുടങ്ങിയെന്നും റിപ്പോർട്ടിലുണ്ട്.