
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.
രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. കമ്മീഷൻ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക പൂര്‍ണമായും നല്‍കും. ആദ്യ ഗഡു ഫെബ്രുവരിയില്‍ നല്‍കുമെന്നും ബാക്കി മാർച്ച് മാസത്തോടെ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഏപ്രില്‍ മുതല്‍ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ വിതരണം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറ്റും. ജീവനക്കാർക്ക് വിരമിച്ച ശേഷം ഓരോ മാസവും ഒരു നിശ്ചിത തുക പെൻഷനായി ലഭിക്കുമെന്ന് സർക്കാർ ഉറപ്പുനല്‍കുന്ന സംവിധാനമാണിത്.
ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം ഉള്‍പ്പെടുത്തി വിരമിക്കുന്നതിന് തൊട്ടുമുൻപത്തെ അവസാന ശമ്പളത്തിലെ അടിസ്ഥാന വേതനത്തിന്റെ പകുതി പെൻഷനായി ഉറപ്പാക്കുന്നതാണ് ഈ രീതി. ഏപ്രില്‍ മുതല്‍ അഷ്വേർഡ് പെൻഷൻ നടപ്പാക്കുമെന്നും, ഇതിനുള്ള ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബജറ്റില്‍ ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി. അടുത്ത സാമ്പത്തിക വർഷത്തേക്കാണ് തുക. എല്‍ഡിഎഫ് സർക്കാരിന്‍റെ കാലത്ത് ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി ഉയർത്തിയെന്ന് ധനമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
എസ്‌ഐആർ മത ന്യൂനപക്ഷങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായി കേരള സർക്കാർ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായും മന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പത്ത് വർഷത്തിനിടെ ന്യൂ നോർമല്‍ കേരളം ഉണ്ടാകും. കേരളത്തിലെ കൂട്ടായ്മയില്‍ വിഷം കലർത്താൻ വർഗ്ഗീയ ശക്തികളുടെ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു.



