play-sharp-fill
സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് കണ്ടെത്താൻ വിജിലൻസ്

സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് കണ്ടെത്താൻ വിജിലൻസ്

സ്വന്തംലേഖകൻ

സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനം കർശനമാക്കാൻ സ്ഥിരം സംവിധാനം വരുന്നു. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘത്തെ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിർദേശ പ്രകാരം നടപടി ആരംഭിച്ചു.2009ൽ ആണ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സർക്കാർ നിരോധിച്ചത്. എന്നാൽ, 20 ശതമാനത്തിലേറെ ഡോക്ടർമാർ ഇപ്പോഴും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിവരമുണ്ട്. വീടുകളിൽ ബോർഡ് വച്ച് പ്രാക്ടീസ് നടത്തുന്ന രീതിയില്ലെങ്കിലും മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് എത്തുന്ന രോഗികളിൽ ചിലർക്ക് ഡോക്ടറെ വീടുകളിൽ പോയി കണ്ടാൽമാത്രം താൽപ്പര്യത്തോടെ ചികിത്സ നൽകുന്ന സ്ഥിതിയുണ്ട്. ഇത് ഇല്ലാതാക്കുന്നതിന് സ്വകാര്യ പ്രാക്ടീസ് പൂർണമായി അവസാനിപ്പിക്കാനാണ് തീരുമാനം. അടുത്ത ശമ്പളപരിഷ്കരണത്തിനു മുമ്പ് തന്നെ വിജിലൻസ് സംഘത്തെ നിയമിക്കും. പദ്ധതി നിയമവകുപ്പിന്റെ പരിഗണനയിലാണ്.മുഴുവൻ സമയവും സ്വകാര്യപ്രാക്ടീസുകാരെ കണ്ടെത്താൻ സംഘം രംഗത്തുണ്ടാകും. ഡോക്ടർമാരുടെയും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും നീക്കങ്ങൾ പരിശോധിച്ച് അനധികൃത സ്വകാര്യ പ്രാക്ടീസ് കണ്ടെത്തി തെളിവ് സഹിതം നിയമത്തിനുമുന്നിൽ കൊണ്ടുവരികയാണ് ലക്ഷ്യം. സ്വകാര്യ പ്രാക്ടീസ് നിരോധനം വന്നതിൽപിന്നെ ഭൂരിപക്ഷം ഡോക്ടർമാരും സർക്കാർ ശമ്പളംമാത്രം വാങ്ങി സദാ സേവനസന്നദ്ധരായി ഉണ്ട്.എന്നാൽ, ചിലർ വൻ തുകകൾ ശസ്ത്രക്രിയക്കും മറ്റും വാങ്ങുന്നതായാണ് തുടരുന്ന ആക്ഷേപം. ശസ്ത്രക്രിയക്ക് തീയതി മാസങ്ങൾ നീട്ടി നൽകുകയും തുടർന്ന് ഡോക്ടറെ വീട്ടിൽ പോയി കണ്ട് 50000 രൂപവരെ നൽകി ശസ്ത്രക്രിയ തൊട്ടടുത്ത ദിവസം നടത്തിക്കൊടുക്കുന്ന സ്ഥിതിവരെ അപൂർവമായെങ്കിലും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാനുള്ള പരിശോധനാ സംവിധാനം നിലവിലില്ല.പലപ്പോഴും പരാതി ഉയർത്തുന്ന രോഗികൾപോലും പിന്നീട് പരാതിയില്ലെന്ന നിലപാട് സ്വീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക വിജിലിൻസ് സംഘത്തെ നിയോഗിക്കാൻ സർക്കാർ ആലോചിച്ചത്. സംഘത്തിൽ ആരോഗ്യവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ മാത്രമായാൽ പരിശോധന ഫലപ്രദമാകില്ല. പ്രതികൾ നിയമപരമായ പഴുതുകളിലൂടെ രക്ഷപ്പെടാനും സാധ്യത ഏറെയാണ്. ഇതിനാലാണ് ഡിവൈഎസ്പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന സംഘത്തെ ചുമതലയേൽപ്പിക്കാൻ തീരുമാനിച്ചത്.മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണമായി ഇല്ലാതാക്കിയശേഷമേ ആരോഗ്യ വകുപ്പിലെ സ്വകാര്യ പ്രാക്ടീസ് നിയന്ത്രണങ്ങൾ പരിഗണിക്കൂ. നിലവിൽ ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളിലെ ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് നിരോധനമില്ല.
ഗ്രാമീണമേഖലകളിൽ സർക്കാർ ഡോക്ടർമാർ ഡ്യൂട്ടി സമയം കഴിഞ്ഞ് അധികസേവനമെന്ന നിലയിൽ പരിശോധനാഫീസ് മാത്രം ഈടാക്കുന്ന സ്വകാര്യ പ്രാക്ടീസ് പൊതുജനങ്ങൾക്ക് ഉപകാരപ്രദമാണ്.