സർക്കാർ സ്‌കൂളുകൾക്ക് ഇനി ഒരേ നിറം: മാറ്റത്തിന് ആലപ്പുഴയാണ് ആദ്യം തിരഞ്ഞെടുത്തിരിക്കുന്നത്

Spread the love

സ്വന്തമലേഖകൻ

ആലപ്പുഴ: റേഷൻ കടകൾക്ക് പിന്നാലെ സർക്കാർ സ്‌കൂളുകൾക്കും ഇനി ഒരേ നിറം. ഒറ്റനോട്ടത്തിൽ സർക്കാർ സ്‌കൂളുകളെ തിരിച്ചറിയാനുമാകും. സംസ്ഥാനത്താകെ നടപ്പാക്കാനിരിക്കുന്ന നിറം മാറ്റത്തിന് ആലപ്പുഴ ജില്ലയാണ് ആദ്യം തെരഞ്ഞെടുത്തിരിക്കുന്നത്.ജില്ലാപഞ്ചായത്തിനു കീഴിലുള്ള സ്‌കൂളുകളെല്ലാം ഇളം പച്ചയും മഞ്ഞയും ചേർന്ന നിറം പൂശി പുതുവർഷത്തിൽ വിദ്യാർഥികളെ വരവേൽക്കാനുള്ള ഒരുക്കം തുടങ്ങി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലീൻ കാമ്പസ്, ഗ്രീൻ കാമ്പസ് പദ്ധതിയോടനുബന്ധിച്ചാണ് സ്‌കൂളുകളുടെ നിറം മാറ്റുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. നിലവിൽ പല സ്‌കൂളുകൾക്കും പല നിറങ്ങളാണ്. അർത്തുങ്കൽ ഫിഷറീസ് സ്‌കൂൾ ഉൾപ്പെടെ ജില്ലയിൽ 47 സ്‌കൂളുകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ 17ഉം ആലപ്പുഴയിൽ ഒമ്പതും കുട്ടനാട്ടിൽ ഏഴും മാവേലിക്കരയിൽ 11ഉം ഹൈസ്‌കൂൾ-ഹയർസെക്കൻഡറി സ്‌കൂളുകളാണുള്ളത്.പി.ടി.എയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലും സ്‌കൂൾ വർഷം ആരംഭിക്കുമ്പോഴേക്കും പദ്ധതി ആരംഭിക്കേണ്ടതിനാലുമാണ് സ്‌കൂൾ പി.ടി.എയുടെ നേതൃത്വത്തിലേക്ക് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചത്. ചുനക്കര ഗവ. എച്ച്.എസ്.എസിൽ പെയിന്റിംഗ് ജോലികൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ഓരോ സ്‌കൂളിനും രണ്ടുലക്ഷം രൂപ വീതമാണ് ഇതിനായി അനുവദിക്കുന്നത്. ആദ്യം സ്‌കൂൾ പി.ടി.എ കമ്മിറ്റി എറ്റെടുത്തു ചെയ്യണം.സ്‌കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ കൺവീനർ ആയും പി.ടി.എ പ്രസിഡന്റ് ചെയർമാനായുള്ള കമ്മിറ്റിക്കായിരിക്കും ചുമതല.200 രൂപ മുദ്രപത്രത്തിൽ നിശ്ചിത മാതൃകയിൽ ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജീനിയറുമായി കരാർ ഉണ്ടാക്കണം. തുടർന്ന് എസ്റ്റ്മേറ്റ് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ തയാറാക്കി അംഗികാരം വാങ്ങണം.പ്രവർത്തിക്ക് മുമ്പായി പി.ടി.എ കമ്മിറ്റിക്ക് പാൻ കാർഡ് ജി.എസ്.ടി രജിട്രേഷൻ എന്നിവയും എടുക്കേണ്ടവരും. ഗുണഭോക്തൃ സമിതി മാനദണ്ഡപ്രകാരം ഒറിജിനൽ ബിൽ, മസ്റ്റർ റോൾ, ചെലവ് അംഗികരിച്ചു കൊണ്ടുള്ള മിനിറ്റ്സിന്റെ കോപ്പി എന്നിവ അസി. എൻജിനിയർക്ക് നൽകുന്ന മുറയ്ക്കാണ് പദ്ധതി ആരംഭിക്കുക.സ്‌കൂളിന്റെ നിറമാറ്റത്തിനൊപ്പം അറ്റകുറ്റപ്പണികളും നടത്തേണ്ടി വരും. ഒപ്പം കമ്പ്യൂട്ടർ ലാബുകളും ലൈബ്രറികളും മെച്ചെപ്പെടുത്തണം.