
വയനാട്, എറണാകുളം മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശ പത്രിക; സരിതയുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി
സ്വന്തംലേഖകൻ
കോട്ടയം : വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളില്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയതിനെതിരെ സരിത എസ് നായര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. നേരത്തെ സിംഗിള്‍ ബെഞ്ചും സരിതയുടെ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് സരിത അപ്പീല്‍ നല്‍കിയത്.
സോളാര്‍ തട്ടിപ്പുമായി രണ്ടു കേസുകളില്‍ വിചാരണക്കോടതികള്‍ സരിതക്ക് ശിക്ഷ വിധിച്ചിരുന്നു. കോടതികള്‍ ശിക്ഷ വിധിച്ച സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ഹര്‍ജിക്കാരിക്ക് മത്സരിക്കാന്‍ അയോഗ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ വിവിധ സുപ്രീംകോടതി വിധികള്‍ ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കി. ഇത് പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് സരിതയുടെ അപ്പീല്‍ തള്ളിയത്.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ ഇലക്ഷന്‍ ഹര്‍ജിയാണ് നല്‍കേണ്ടിയിരുന്നതെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തേ വ്യക്തമാക്കിയിരുന്നു. സരിതയുടെ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നാണ് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.
ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സരിത സമര്‍പ്പിച്ച പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കിയിട്ടില്ലെന്ന് കാണിച്ചാണ് പത്രിക തള്ളിയത്. എറണാകുളം, വയനാട് മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് സരിത പത്രിക സമര്‍പ്പിച്ചിരുന്നത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം ഹാജരാക്കിയിരുന്നില്ല