
ഡല്‍ഹി: ഡൽഹിയിൽ ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് റിസർച്ചിലെ വിദ്യാർത്ഥിനികള്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസില്‍ വീണ്ടും വഴിത്തിരിവ്. ഇതുമായി ബന്ധപ്പെട്ട് സ്വയം പ്രഖ്യാപിത ആള്‍ ദൈവമായ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ (പാർത്ഥസാരഥി) മൂന്ന് വനിതാ ജീവനക്കാരെക്കൂടി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പാർത്ഥസാരഥിയുടെ നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും അച്ചടക്കത്തിന്റെയും കൃത്യനിഷ്ഠയുടെയും മറവില്‍ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുകയും സമ്മർദം ചെലുത്തുകയും ചെയ്തിരുന്നെന്നും ചോദ്യം ചെയ്യലില്‍ അറസ്റ്റിലായവർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കുറ്റകൃത്യം മറച്ചുവയ്ക്കല്‍, പരാതിക്കാരെ ഭീഷണിപ്പെടുത്തല്‍, തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്. അസോസിയേറ്റ് ഡീൻ ശ്വേത ശർമ, എക്സിക്യൂട്ടീവ് ഡയറക്ടർ ഭാവന കപില്‍, സീനിയർ ഫാക്കല്‍റ്റി കാജല്‍ എന്നിവരാണ് അറസ്റ്റിലായത്. ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ആഴ്ചയാണ് 62കാരനായ ചൈതന്യാനന്ദ ആഗ്രയില്‍ വച്ച് പിടിയിലായത്. സാമ്ബത്തിക പിന്നാക്കവസ്ഥയിലായവർക്കുള്ള സ്കോളർഷിപ്പ് പദ്ധതിയില്‍ എൻറോള്‍ ചെയ്ത 17ലധികം വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാള്‍ പ്രതി. അശ്ലീല സന്ദേശങ്ങള്‍ അയക്കുക, അനാവശ്യമായി ശരീരത്തില്‍ സ്പർശിക്കുക, ഭീഷണിപ്പെടുത്തുക എന്നിവയാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന ആരോപണങ്ങള്‍. പ്രതിയുടെ ഫോണില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായും പൊലീസ് പറയുന്നു.
യോഗാ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ വിദ്യാർത്ഥിനികളുടെ ചിത്രങ്ങള്‍ക്ക് നേരെ ഇയാള്‍ മോശമായ കമന്റുകള്‍ നല്‍കിയിരുന്നു. ഇത്രയധികം തെളിവുകള്‍ ലഭിച്ചിട്ടും പാർത്ഥസാരഥി കുറ്റബോധമോ പശ്ചാത്താപമോ കാണിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പാർത്ഥസാരഥി വിദ്യാർത്ഥിനികള്‍ക്കൊപ്പം താമസിച്ചതായി പറയപ്പെടുന്ന ഉത്തരാഖണ്ഡിലെ ആല്‍മോറയിലെ ഒരു ഗസ്റ്റ് ഹൗസ് പൊലീസ് സംഘം സന്ദർശിച്ചിരുന്നു. ഇയാള്‍ക്കെതിരെയുള്ള വിവരങ്ങള്‍ അവിടത്തെ നാട്ടുകാർ ശരിവച്ചതായും റിപ്പോർട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാപനത്തിന്റെ ഡയറക്ടറായി മുമ്ബ് ഇയാളെ നിയമിച്ച ശ്രീ ശൃംഗേരി മഠം അഡ്മിനിസ്ട്രേഷൻ നിലവില്‍ ഇയാളുമായുള്ള ബന്ധം വിച്ഛേദിക്കുകയും ഫണ്ട് ദുരുപയോഗം ചെയ്തതിന് പരാതി നല്‍കുകയും ചെയ്തിരുന്നു. 20 കോടിയിലധികം രൂപയുടെ സാമ്ബത്തിക ക്രമക്കേടുകള്‍ പ്രാഥമിക ഓഡിറ്റില്‍ കണ്ടെത്തുകയും ചെയ്തു. കൂടാതെ പ്രതി മറ്റൊരു പേരില്‍ വ്യാജ പാസ്‌പോർട്ട് നേടിയതായും പൊലീസ് അറിയിച്ചു.
സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.