പഞ്ചാബിനോട് സമനില; മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ചിട്ടും വിജയം നേടാനായില്ല; സന്തോഷ് ട്രോഫിയിൽ നിന്നും നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്
സ്വന്തം ലേഖിക
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്.
നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനോട് സമനില വഴങ്ങിയതോടെ കേരളം ഫൈനല്‍ റൗണ്ടില്‍ പുറത്തായി. വിജയിച്ചാല്‍ മാത്രമേ സെമി ഫൈനല്‍ ബെര്‍ത്തുറപ്പിക്കാനാകൂ എന്ന നിലയില്‍ പന്തുതട്ടിത്തുടങ്ങിയ കേരളത്തെ പഞ്ചാബ് സമനിലയില്‍ തളയ്ക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. കേരളത്തിനായി വിശാഖ് മോഹനനും പഞ്ചാബിനായി കമല്‍ദീപ് ഷെയ്ഖും ഗോളടിച്ചു. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ചിട്ടും കേരളത്തിന് വിജയം നേടാനായില്ല.
ഇതോടെ എ ഗ്രൂപ്പില്‍ നിന്ന് പഞ്ചാബും കര്‍ണാടകയും സെമിയിലേക്ക് മുന്നേറി.മത്സരം തുടങ്ങിയപ്പോള്‍തൊട്ട് കേരളം ആക്രമണം അഴിച്ചുവിട്ടു. പഞ്ചാബ് കൗണ്ടര്‍ അറ്റാക്കിലാണ് ശ്രദ്ധ ചെലുത്തിയത്.
മികച്ച കളി പുറത്തെടുത്ത കേരളം 24-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. വിശാഖ് മോഹനന്‍ കേരളത്തിനായി വലകുലുക്കി. അബ്ദുള്‍ റഹീമിന്റെ പാസ് സ്വീകരിച്ച വിശാഖ് ഗോള്‍കീപ്പര്‍ക്ക് ഒരു സാധ്യതയും നല്‍കാതെ പന്ത് വലയിലെത്തിച്ചു.
27-ാം മിനിറ്റില്‍ പഞ്ചാബിന്റെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോള്‍കീപ്പറും നായകനുമായ മിഥുന്‍ കേരളത്തിന്റെ രക്ഷകനായി. എന്നാല്‍ കേരളത്തിന്റെ ചിരിയ്ക്ക് അധികം ആയുസ്സുണ്ടായില്ല. 34-ാം മിനിറ്റില്‍ പഞ്ചാബ് ഒരു ഗോള്‍ തിരിച്ചടിച്ച് സമനില നേടി. രോഹിത് ഷെയ്ഖാണ് പഞ്ചാബിനായി ഗോളടിച്ചത്.
ഓഫ്‌സൈഡ് ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ട കമല്‍ദീപ് നല്‍കിയ ക്രോസ് രോഹിത് അനായാസം വലയിലെത്തിച്ചു. കേരളത്തിന്റെ പ്രതിരോധത്തിലെ വിള്ളല്‍ എടുത്തുകാണിക്കുന്ന ഗോളായിരുന്നു ഇത്. തൊട്ടുപിന്നാലെ ഒന്നുരണ്ട് നീക്കങ്ങളുമായി പഞ്ചാബ് ആക്രമിച്ചെങ്കിലും കേരളം അതെല്ലാം വിഫലമാക്കി. വൈകാതെ ആദ്യ പകുതി അവസാനിച്ചു.
സെമിയിലേക്ക് കടക്കാന്‍ വിജയം നേടിയാല്‍ മാത്രമേ സാധിക്കൂ എന്നതിനാല്‍ രണ്ടാം പകുതിയില്‍ കേരളം ആക്രമണത്തിന് മാത്രമാണ് പ്രാധാന്യം നല്‍കിയത്. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനും കേരളത്തിന് സാധിച്ചു. രണ്ടാം പകുതിയിലെ കേരളത്തിന്റെ പ്രകടനം പഞ്ചാബ് ഗോള്‍മുഖത്ത് നിരന്തരം ഭീഷണി സൃഷ്ടിച്ചു.
87-ാം മിനിറ്റില്‍ കേരളത്തിന്റെ ഗോളടിയന്ത്രം നിജോ ഗില്‍ബര്‍ട്ടിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ അത്ഭുതകരമായി തട്ടിയകറ്റി. പിന്നാലെ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഇതോടെ കേരളം സെമി കാണാതെ പുറത്തായി