
ദിബ്രുഗണ്ഡ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ കേരളം ഫൈനലില്‍.
കരുത്തരായ പഞ്ചാബിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. തുടർച്ചയായ രണ്ടാം തവണയാണ് കേരളം കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സർവീസസാണ് കേരളത്തിന്റെ എതിരാളികള്‍. റെയില്‍വേസിനെ 2-0ന് തകർത്താണ് സർവീസ് ഫൈനലിലേക്ക് കടന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ധാക്കുവഖാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കം മുതല്‍ കേരളമാണ് ആധിപത്യം പുലർത്തിയത്.
16-ാം മിനിട്ടില്‍ മുഹമ്മദ് അജ്‌സലിലൂടെയാണ് ഗോള്‍വേട്ട ആരംഭിച്ചത്.
പിന്നീട് 34, 83 മിനിട്ടുകളില്‍ മുഹമ്മദ് റിയാസ് ഇരട്ട ഗോളുകള്‍ നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് എം. വിഘ്‌നേഷും ഗോളടിച്ചതോടെ കേരളം ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
മത്സരം കൈവിട്ടുപോയതോടെ പഞ്ചാബ് പരുക്കൻ അടവുകളിലേക്ക് തിരിഞ്ഞു. കേരളത്തിന്റെ ഇ. സജീഷിനെ ഫൗള്‍ ചെയ്തതിന് പഞ്ചാബ് താരം ഹർജിത് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാൻ പഞ്ചാബ് കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധത്തെ തകർക്കാനായില്ല.



