
കണ്ണൂർ: അഖില ഭാരത അയ്യപ്പ സേവാസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ശബരിമല സന്നിധാന സംരക്ഷണ ദിനാചരണം സംഘടിപ്പിക്കുന്നു.
ശബരിമലയിൽ സമീപകാലത്ത് നടന്ന സംഭവവികാസങ്ങളോട് അനുബന്ധിച്ച് വിശ്വാസ സമൂഹത്തിന് ഉണ്ടായ വേദനയ്ക്ക് ഉടനടി പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുമ്പിൽ “സന്നിധാന സംരക്ഷണ ദിനാചരണം ” നടത്തുന്നതിന് കണ്ണൂരിൽ വച്ച് നടന്ന അയ്യപ്പ സേവാസംഘം ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ഒക്ടോബർ 25 ന് രാവിലെ 11 മണിക്ക് അയ്യപ്പ സേവാസംഘം ദേശീയ പ്രസിഡൻ്റ് അഡ്വ. എം. രാജഗോപാലൻ നായർ പരിപാടി ഉദ്ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘടനയുടെ കേരളത്തിന് അകത്തും പുറത്തുമുള്ള പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. ദേവസ്വം ബോർഡ് ഭക്തജന താല്പര്യം സംരക്ഷിച്ച് കൊണ്ട് സുതാര്യ ഭരണം നടത്തുന്നതിന് തയ്യാറാകണമെന്നതാണ് സംഘത്തിൻ്റെ പ്രധാന ആവശ്യമെന്ന് ദേശീയ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ പറഞ്ഞു.
ശബരിമലയെ വിവാദങ്ങളിൽ നിന്ന് ഒഴിവാക്കി ഭക്തർക്ക് സുഗമമായ മണ്ഡലകാലം ഒരുക്കുന്നതിന് ദേവസ്വം ബോർഡിനെ സജ്ജമാക്കാൻ വേണ്ട നടപടികൾ സർക്കാരും കൈകൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.
സന്നിധാനത്ത് അയ്യപ്പ സേവാസംഘം പതിറ്റാണ്ടുകളായി നടത്തി വന്നിരുന്ന സേവന പ്രവർത്തനങ്ങൾ തുടർന്നും നടത്തുന്നതിന് ദേവസ്വം ബോർഡ് അനുവാദം നൽകണമെന്നും ഭക്തജന വിശ്വാസം വീണ്ടെടുക്കുന്നതിനായി പ്രഗദ്ഭരരായ ജ്യോതിഷ പണ്ഠിതരെ ഉൾപ്പെടുത്തി ദേവപ്രശ്നം നടത്തുന്നതിനും ദേവസ്വം ബോർഡ് തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംഘടനയുടെ ദേശീയ പ്രസിഡൻ്റ് അഡ്വ. എം. രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കൊയ്യം ജനാർദനൻ, വൈസ് പ്രസിഡൻ്റുമാരായ ജയകുമാർ തിരുനക്കര , വേണു പഞ്ചവടി ,അഡ്വ. ഷിബുകുമാർ , സ്റ്റേറ്റ് പ്രസിഡൻ്റ് സി. എം.സലിമോൻ , സെക്രട്ടറി ടി.കെ. പ്രസാദ് , ട്രഷറർ ടി.പി. അരവിന്ദാക്ഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.സി. സോമൻ നമ്പ്യാർ,ഗിരീഷ്, വിനോദ് എന്നിവർ പ്രസംഗിച്ചു.