പത്ത് ലക്ഷം ചിലവാക്കിയാലും കിട്ടാത്ത പ്രശസ്തി, ‘വളരെ നന്ദിയുണ്ട് ;കുറ്റിപ്പുറത്തേക്കുള്ള യാത്ര കൂട്ടുകാരുമൊത്തുളള ഒരു ട്രിപ്പായി മാറ്റും; മോട്ടോര്‍ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് സഞ്ജു ടെക്കിയുടെ ഒടുവില്‍ പുറത്ത് വിട്ട യൂട്യൂബ് വീഡിയോ… കൂടുതല്‍ ശക്തമായ നടപടിക്ക് സാധ്യത
സ്വന്തം ലേഖകൻ
ആലപ്പുഴ: കാറിനുള്ളില്‍ സ്വിമ്മിങ്ങ് പൂള്‍ തയ്യാറാക്കി ഓടുന്ന കാറിലിരുന്ന് കുളിച്ച യൂട്യൂബർ സഞ്ജു ടെക്കിയുടെ പുതിയ വീഡിയോ വൈറല്‍. കേസെടുത്ത മോട്ടോർ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് ആയിരുന്നു താരത്തിന്റെ വീഡിയോ. കേസെടുത്തതിന് പിന്നാലെ തന്റെ ചാനലിനും വിഡിയോയ്ക്കും റീച്ച് കൂടിയെന്നും പത്ത് ലക്ഷം ചിലവാക്കിയാലും കിട്ടാത്ത പ്രശസ്തിയാണ് എല്ലാവരും ചേർന്ന് നേടിത്തന്നുവെന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട യൂട്യൂബ് വീഡിയോയിലുളളത്.
‘വളരെ നന്ദിയുണ്ട്. ലോകത്ത് പല ഭാഗങ്ങളില്‍ നിന്നും ആരാധകരുടെ സന്ദേശപ്രവാഹമാണ്. കുറ്റിപ്പുറത്തെ എംവിഡി വകുപ്പിന്‍റെ പരിശീലന ക്ലാസിനെയും സഞ്ജു പരിഹസിക്കുന്നുണ്ട്. ഒരു ട്രിപ്പ് പോയിട്ട് ഏറെ കാലമായി. കുറ്റിപ്പുറത്തേക്കുള്ള യാത്ര കൂട്ടുകാരുമൊത്തുളള ഒരു ട്രിപ്പായി മാറ്റും’. ഈ യാത്രയും ക്ലാസും വെച്ച് താന്‍ പുതിയ കണ്ടന്‍റ് നല്കുമെന്നും സഞ്ജു പറയുന്നു. യുട്യൂബ് വീഡിയോ മോട്ടോർ വാഹനവകുപ്പ് വളരെ ഗൗരവത്തിലെടുത്തിട്ടുണ്ട്. സഞ്ജുവിനെതിരെ കൂടുതല്‍ ശക്തമായ നടപടിക്കാണ് സാധ്യത.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂട്യൂബില്‍ 4 ലക്ഷം ഫോളോവേഴ്സ് ഉള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്ബാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയില്‍ സ്വിമ്മിങ്ങ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകള്‍ മാറ്റി പകരം പ്ലാസ്റ്റിക്ക് ടർപോളിൻ കൊണ്ട് സ്വിമ്മിങ്ങ് പൂള്‍ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അമ്ബലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളില്‍ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു.
യാത്രക്കിടെ ടര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളില്‍ പടർന്നു. എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു.ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ആർടിഒ എൻഫോഴ്സ്മെൻറ് വിഭാഗം കാർ കസ്റ്റഡിയിലെടുത്തു.സഞ്ജു ഉള്‍പ്പെടെ എല്ലാവരേയും ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഡ്രൈവറുടെ ലൈസൻസ് ഒരു വര്‍ഷത്തേക്ക് സസ്പെൻ്റ് ചെയ്തു. വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്.