play-sharp-fill
സഞ്ജു ഉറച്ചു നിന്നു: രാജസ്ഥാൻ കരകയറി: പ്രതിരോധ മികവിൽ രാജസ്ഥാന് രണ്ടാം വിജയം

സഞ്ജു ഉറച്ചു നിന്നു: രാജസ്ഥാൻ കരകയറി: പ്രതിരോധ മികവിൽ രാജസ്ഥാന് രണ്ടാം വിജയം

തേർഡ് ഐ സ്പോട്‌സ്

മുംബൈ: ബാറ്റിങ് പിച്ചായ മുംബൈയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് കടിഞ്ഞാണിട്ട ബൗളർമാരുടെ മികവിൽ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം വിജയം. 134 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം ഒൻപത് പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടമാക്കി സഞ്ജുവും ടീമും സ്വന്തമാക്കി.

ഐപിഎല്ലിലെ 18ാം മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട കെകെആറിന് രാജസ്ഥാന്റെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒമ്പതു വിക്കറ്റിന് 133 റണ്‍സില്‍ കെകെആര്‍ ഒതുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്‍ക്കത്ത നിരയില്‍ ആര്‍ക്കും അര്‍ധസെഞ്ച്വറി തികയ്ക്കാനായില്ല. 36 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് ടോപ്‌സ്‌കോറര്‍. ദിനേശ് കാര്‍ത്തിക് (25), നിതീഷ് റാണ (22), ശുഭ്മാന്‍ ഗില്‍ (11), പാറ്റ് കമ്മിന്‍സ് (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

സുനില്‍ നരെയ്ന്‍ (6), നായകന്‍ ഇയോന്‍ മോര്‍ഗന്‍ (0), ആന്ദ്രെ റസ്സല്‍ (9) എന്നിവരെല്ലാം നിരാശപ്പെടുത്തി. ടീമിന്റെ ടോപ്‌സ്‌കോററായെങ്കിലും രണ്ടു റണ്ണൗട്ടുകളില്‍ പങ്കാളിയായ ത്രിപാഠി വില്ലനുമായി മാറി. ആദ്യം ഗില്ലും പിന്നീട് മോര്‍ഗനുമാണ് ത്രിപാഠിക്കൊപ്പം ബാറ്റ് ചെയ്യവെ റണ്ണൗട്ടായത്.

കെകെആറിന്റെ തുടക്കം പതിഞ്ഞ താളത്തിലായിരുന്നു. അത് ഇന്നിങ്‌സിന്റെ അവസാനം വരെ അതേ രീതിയില്‍ മുന്നോട്ടു പോവുകയും ചെയ്തു. ഒരിക്കല്‍പ്പോലും റണ്‍റേറ്റ് ഉയര്‍ത്തി രാജസ്ഥാനെ പ്രതിരോധത്തിലാക്കാന്‍ അവര്‍ക്കായില്ല. 26 ബോളില്‍ സിക്‌സറും ഒരു ബൗണ്ടറിയും മാത്രമായിരുന്നു 36 റണ്‍സെടുത്ത ത്രിപാഠിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. കാര്‍ത്തിക് 24 ബോളില്‍ നാലു ബൗണ്ടറികളടിച്ചപ്പോള്‍ റാണ 25 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറും നേടി.

മികച്ച കൂട്ടുകെട്ടുകളൊന്നും കെകെആറിന്റെ ഇന്നിങ്‌സില്‍ കാണായില്ല. ഒരു സഖ്യത്തിനു പോലും അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താനും കഴിഞ്ഞില്ല. അഞ്ചാം വിക്കറ്റില്‍ ത്രിപാഠി- കാര്‍ത്തിക് സഖ്യം ചേര്‍ന്നെടുത്ത 33 റണ്‍സാണ് കെകെആറിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട്. നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസാണ് രാജസ്ഥാന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. നാലോവറില്‍ 23 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്. ജയദേവ് ഉനാട്കട്ട്, ചേതന്‍ സക്കരിയ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളെടുത്തു.

മറുപടി ബാറ്റിങ്ങിൽ ജോസ് ബട്ളർ ഏഴ് പന്തിൽ അഞ്ച് റണ്ണുമായി പുറത്തായെങ്കിലും , പുതിയ മാറ്റമായി എത്തിയ യശസ്വി ജയ്സ്വാൾ 17 പന്തിൽ 22 റണ്ണുമായി പിടിച്ചു നിന്നു. പതിവിൽ നിന്ന് വിരുദ്ധമായി ശൈലി മാറ്റി പിടിച്ച് നിന്ന് കളിച്ച ക്യാപ്റ്റൻ സഞ്ജു സാംസൺ 41 പന്നിൽ 42 റണ്ണെടുത്ത് വിജയ ശില്പിയായി. ജയ്സ്വാൾ പോയതിന് ശേഷം എത്തിയ ശിവം ദുബേ 18 പന്തിൽ 22 റണ്ണുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ചു. ദുബെയും , തിവാത്തിയയും പെട്ടന്ന് പുറത്തായെങ്കിലും പിന്നാലെ എത്തിയ മില്ലർ 23 പന്തിൽ 24 റണ്ണുമായി അവസാനം വരെ പിടിച്ചു നിന്നു. കൊൽക്കത്ത നിരയിൽ 4 ഓവറിൽ 19 റൺ മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ശിവം മാവി മികച്ച ട്രാക്ക് കാത്തു.

ടോസിനു ശേഷം രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത് മോശം ഫോമിലുള്ള ഓപ്പണര്‍ മനന്‍ വോറ പുറത്തായപ്പോള്‍ പകരം യശസ്വി ജയ്‌സ്വാള്‍ സീസണിലെ ആദ്യ മല്‍സരം കളിച്ചു. ബൗളിങിലായിരുന്നു മറ്റൊരു മാറ്റം. ശ്രേയസ് ഗോപാലിനു പകരം ജയദേവ് ഉനാട്കട്ട് ടീമില്‍ തിരിച്ചെത്തി. കെകെആര്‍ ടീമിലാവട്ടെ ഒരു മാറ്റമുണ്ടായിരുന്നു. കമലേഷ് നാഗര്‍കോട്ടിക്കു പകരം ശിവം മാവി പ്ലെയിങ് ഇലവനിലെത്തി.