ബാറിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്നാംഗ സംഘം യുവാവിനെ കുത്തിക്കൊന്നു
സ്വന്തം ലേഖിക
കിളിമാനൂർ: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു. പറണ്ടക്കുഴി ചരുവിള പുത്തൻവീട്ടിൽ ശശിയുടെ മകൻ സഞ്ചു (30) ആണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പറണ്ടക്കുഴി ഷിബു വിലാസത്തിൽ ഷിബുവിന് (39)ഗുരുതര പരിക്കേറ്റു.
ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ തട്ടത്തുമല പറണ്ടക്കുഴി ശാസ്താംപൊയ്ക അരോഗ്യ ഉപകേന്ദ്രത്തിന് മുന്നിലായിരുന്നു സംഭവം. സഞ്ചുവിന്റെ നാട്ടുകാരും ഇറച്ചിവെട്ടുകാരുമായ അൽഅമീൻ, അൽ മുബീൻ, മുഹമ്മദ് ജാസിം എന്നിവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ഇതിൽ അൽഅമീൻ, മുഹമ്മദ് ജാസിം എന്നിവരെ പൊലീസ് കസ്റ്റിയിലെടുത്തിട്ടുണ്ട്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഞ്ചുവും സുഹൃത്ത് ഷിബുവും നിലമേലുള്ള ബാറിൽ എത്തിയിരുന്നു. ഇവിടെ വച്ച് അൽഅമീനെയും സംഘത്തെയും കണ്ടുമുട്ടി. ഇരുകൂട്ടരും എന്തോ പ്രശ്‌നത്തെച്ചൊല്ലി വഴക്കുണ്ടാക്കി. ബാർ ജീവനക്കാരും മറ്റുള്ളവരും ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു.
തുടർന്ന് രാത്രി പത്തുമണിയോടെ സഞ്ചുവും ഷിബുവും വീട്ടിലേക്ക് തിരികെ വരുമ്പോൾ പ്രതികൾ ആട്ടോയിൽ പിന്തുടർന്നെത്തി ഷിബുവിനെയും സഞ്ചുവിനെയും വഴിയിൽ തടഞ്ഞുനിർത്തി ബാറിലുണ്ടായ വഴക്കിനെചൊല്ലി തർക്കമായി. തർക്കത്തിനിടെ സഞ്ചുവിനെ സംഘത്തിലുണ്ടായിരുന്ന ഒരാൾ കുത്തിവീഴ്ത്തുകയായിരുന്നു. സഞ്ചുവിന് കഴുത്തിലാണ് കുത്തേറ്റത്. തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഷിബുവിനും കുത്തേറ്റത്.
കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സഞ്ചുവിനെ ഉടൻ തന്നെ കിളിമാനൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. കുത്തേറ്റ ഷിബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.പെയിന്റിങ് തൊഴിലാളിയാണ് സഞ്ചു.
കിളിമാനൂർ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സഞ്ചുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അൽമുബീനുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വെളിപ്പെടുത്തി.