play-sharp-fill
പ്രധാനമന്ത്രിയുടെ ഓഫിസുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ്; നിരവധി വ്യാജ ഐഡികൾ; ആളുകളിൽ നിന്നും സംഘടനകളിൽ നിന്നും ചാരിറ്റിയുടെ പേരിൽ കോടികൾ സമാഹരിച്ചു; ഒടുവിൽ സഞ്ജയ് റായ് പൊലീസിന്റെ വലയിൽ കുടുങ്ങി

പ്രധാനമന്ത്രിയുടെ ഓഫിസുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ്; നിരവധി വ്യാജ ഐഡികൾ; ആളുകളിൽ നിന്നും സംഘടനകളിൽ നിന്നും ചാരിറ്റിയുടെ പേരിൽ കോടികൾ സമാഹരിച്ചു; ഒടുവിൽ സഞ്ജയ് റായ് പൊലീസിന്റെ വലയിൽ കുടുങ്ങി

സ്വന്തം ലേഖകൻ

ലക്‌നൗ: പ്രധാനമന്ത്രിയുടെ ഓഫിസുമായി( അടുത്ത ബന്ധമുണ്ടെന്ന് ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. സഞ്ജയ് റായ് ‘ഷെർപുരിയ’ എന്നയാളാണ് എസ്ടിഎഫിന്റെ പിടിയിലായത്. പ്രധാനമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഫോട്ടോ ഉപയോഗിച്ച് സഞ്ജയ് അവരുമായി അടുത്ത ബന്ധമുണ്ടെന്ന് മറ്റുള്ളവരെ തെറ്റിധരിപ്പിക്കുകയും ട്രസ്റ്റിന് സംഭാവന എന്ന നിലയിൽ ഡൽഹിയിലെ ഒരു പ്രമുഖ വ്യവസായിയിൽ നിന്ന് ആറ് കോടി രൂപ സമാഹരിച്ചതായും എഫ്ഐആറിൽ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് വ്യാജരേഖ ചമച്ച് ആളുകളിൽ നിന്നും സംഘടനകളിൽ നിന്നും കോടിക്കണക്കിന് പണം കൈപ്പറ്റിയെന്നാരോപിച്ച്, ചൊവ്വാഴ്ച ലക്നൗവിലെ വിഭൂതി ഖണ്ഡ് പൊലീസ് സ്റ്റേഷനിലാണ് സഞ്ജയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
സോഷ്യൽ മീഡിയ വഴി താൻ പ്രമോട്ട് ചെയ്തിരുന്ന യൂത്ത് റൂറൽ എന്റർപ്രണർ ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിൽ ജനുവരി 21ന് അഞ്ച് കോടിയും 23ന് ഒരു കോടിയും ലഭിച്ചതായി ചോദ്യം ചെയ്യലിൽ സഞ്ജയ് പൊലീസിനോട് സമ്മതിച്ചതായി എഫ്‌ഐആറിൽ പറയുന്നു. വ്യവസായി ഗൗരവ് ഡാൽമിയയുടെ ഡാൽമിയ ഫാമിലി ട്രസ്റ്റ് ഓഫീസിൽ നിന്നാണ് ഈ പണം ലഭിച്ചതെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ആറ്- ഏഴ് വർഷമായി ചാരിറ്റി സംഘടനകൾക്കായി ഡാൽമിയ ഗ്രൂപ്പ് 100 കോടിയിലധികം രൂപ സംഭാവന നൽകിയിട്ടുണ്ടെന്ന് ട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടവർ പറഞ്ഞു. യൂത്ത് റൂറൽ എന്റർപ്രണർ ഫൗണ്ടേഷൻ സഞ്ജയ് പരിചയപ്പെടുത്തിയെങ്കിലും ഔപചാരികമായി അതുമായി ബന്ധമില്ലെന്നാണ് പറഞ്ഞിരുന്നത്.

വർഷങ്ങളായി സഞ്ജയ് ആളുകളെ പറ്റിച്ചും വഞ്ചിച്ചും പണം സ്വരൂപിക്കുന്നുണ്ടെന്ന് ഇൻസ്പെക്ടർ തന്റെ പരാതിയിൽ ആരോപിക്കുന്നു. ബാങ്ക് പേയ്‌മെന്റിൽ വീഴ്ച വരുത്തിയ നിരവധി കമ്പനികളുടെ ഡയറക്‌ടറാണ് സഞ്ജയ് എന്നും പരാതിയിൽ പറയുന്നു. വിവിധ പേരുകളിൽ വ്യാജ ഐഡികൾ ഉണ്ടാക്കുകയും ഡമ്മി കമ്പനികൾ സൃഷ്ടിച്ച് തന്റെ വിശ്വസ്തരായ ആളുകളെ ഈ കമ്പനികളിൽ ഡയറക്ടർമാരായി നിലനിർത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

“താൻ സർക്കാരുമായി ബന്ധപ്പെട്ട ആളാണെന്ന് പറഞ്ഞാണ് സഞ്ജയ് പറ്റിക്കപ്പെട്ടവരിൽനിന്നു പണം പിരിച്ചതെന്നും കള്ളപ്പണം വെളുപ്പിക്കൽ, ഹവാല, നികുതി വെട്ടിപ്പ് എന്നിവയിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കുമൊപ്പമുള്ള ഫോട്ടോകൾ സഞ്ജയ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ഈ പോസ്റ്റുകൾ ഉപയോഗിച്ച് നേട്ടമുണ്ടാക്കുകയും ചെയ്തുവെന്നും പരാതിയിൽ ആരോപിക്കുന്നു.

കാൺപൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്ത സഞ്ജയെ ലക്നൗവിലെ എസ്ടിഎഫ് ഓഫീസിൽ എത്തിച്ചെന്നാണ് അറിയുന്നത്. സഞ്ജയുടെ സാധനങ്ങളുടെ ഒപ്പം രണ്ടു ആധാർ കാർഡുകളും കണ്ടെത്തിയിരുന്നു. “ഒരു ആധാറിൽ ഡിഎൽഎഫ് ഫേസ് 3, ഗുഡ്ഗാവ് എന്ന വിലാസമാണ് ഉണ്ടായിരുന്നത്. മറ്റൊന്നിൽ സെൻട്രൽ ഡൽഹി – ഹൗസ് നമ്പർ 1, ഡിഐഡി സഫ്ദർജംഗ് റോഡിന് സമീപം, ഡൽഹി റൈഡിംഗ് ക്ലബ്, സെൻട്രൽ ഡൽഹി എന്ന വിലാസവും ഉണ്ടായിരുന്നു,” പരാതിയിൽ പറയുന്നു.

ഡൽഹി ജിംഖാന ക്ലബ്, വൈഎംസിഎ ഇന്റർനാഷണൽ സെന്റർ, ക്ലബ് 19 എന്നിവയുടെ അംഗത്വ കാർഡുകളും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ സ്റ്റാമ്പ് പതിച്ച മൂവ്‌മെന്റ് പാസും സഞ്ജയ്ക്ക് ഉണ്ടായിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നു. 50,980 രൂപ സഞ്ജയുടെ പക്കൽനിന്നു കണ്ടെടുത്തു.

കണ്ടെടുത്ത മൊബൈൽ ഫോണുകളിൽ നിന്ന് വ്യത്യസ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതായും നിരവധി പ്രധാന വ്യക്തികളുമൊത്തുള്ള ഫോട്ടോകൾ ഈ അക്കൗണ്ടുകളിൽ ഉണ്ടെന്ന് കണ്ടെത്തിയായും പരാതിയിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, പ്രധാനമന്ത്രി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റുകളും ഫോണിൽ നിന്ന് കണ്ടെത്തി.