
കോട്ടയം: സാനിറ്ററി മാലിന്യങ്ങൾ കണ്ടെത്തുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ശുചിത്വ മിഷനുമായി സഹകരിച്ച് വാർഡ് തലത്തിൽ വീടുകളിൽ സർവേ നടത്തും. സാനിറ്ററി മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായാണ് സർവേ.
സാനിറ്ററി മാലിന്യ സംസ്കരണത്തിനായി കോട്ടയം, വൈക്കം, ചങ്ങനാശേരി നഗരസഭകളിലും ഈരാറ്റുപേട്ട ബ്ലോക്കിലും ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിക്കാൻ ജില്ലാ ആസൂത്രണ സമിതി തീരുമാനമെടുത്തു. 4 ക്ലസ്റ്ററുകളായി ജില്ലയെ വിഭജിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യമായ ധനസഹായം ജില്ലാ, ബ്ലോക്ക്, നഗരസഭാതലങ്ങളിൽനിന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് തദ്ദേശവകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് ശുചിത്വ മിഷൻ മേൽനോട്ടം നിർവഹിക്കും. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ കോട്ടയം, വൈക്കം, ചങ്ങനാശേരി നഗരസഭകളും ഈരാറ്റുപേട്ട ബ്ലോക്കും ഉൾപ്പെടുത്തി യോഗം ചേർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതിയിലേക്ക് കോട്ടയം നഗരസഭ 4 കോടി രൂപയും, ഈരാറ്റുപേട്ട ബ്ലോക്ക് 2.30 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
സർവേ നടത്തിയ ശേഷം സാനിറ്ററി മാലിന്യമുള്ള വീടുകളിൽ ക്ലോറിനേറ്റഡ് മഞ്ഞക്കവറുകൾ ശുചിത്വമിഷനും തദ്ദേശ സ്ഥാപനങ്ങളും ചേർന്നു വിതരണം ചെയ്യും. മഞ്ഞക്കവറുകളിലാണ് സാനിറ്ററി മാലിന്യം സൂക്ഷിക്കേണ്ടത്. ‘സർക്കാർ അംഗീകൃത ഏജൻസികളെത്തി വീടുകളിൽ നിന്നു കവറുകൾ ശേഖരിച്ച് ഡബിൾ, ചേംബർ ഇൻസിനറേറ്റർ സ്ഥാപിച്ച കേന്ദ്രങ്ങളിലെത്തിക്കും.
പദ്ധതിയുടെ കാര്യക്ഷമമായ മേൽനോട്ടത്തിനായി കോട്ടയം, വൈക്കം, ചങ്ങനാശേരി നഗരസഭകളിലും ഈരാറ്റുപേട്ട ബ്ലോക്കിലും ക്ലസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കും.
ഡബിൾ ചേംബർ ഇൻസിനറേറ്ററുകളുടെ സ്ഥാപനം ഉൾപ്പെടുത്തുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ അവരുടെ വാർഷിക പദ്ധതിയിൽ ആവശ്യമായ ഭേദഗതികൾ നടത്തണമെന്ന്, അതിനായി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ഉറപ്പാക്കണമെന്നും തദ്ദേശവകുപ്പ് നിർദേശിച്ചിട്ടുണ്ട്.