
സാനിറ്ററി പാഡുകള്‍ സ്ത്രീകളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്നുവെന്ന് പുതിയ പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു സ്ത്രീ ജീവിതകാലത്ത് ശരാശരി 11,000 സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സാമൂഹിക പ്രവര്‍ത്തകനും ഗ്രീന്‍പെന്‍സില്‍ ഫൗണ്ടേഷന്റെ സ്ഥാപകനുമായ സാന്‍ഡി ഖണ്ഡേ, ടൈംസ് നൗ നു നല്‍കിയ അഭിമുഖത്തിലാണ് സാനിറ്ററി പാഡുകളുടെ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വിശദീകരിച്ചത്.
ആരോഗ്യ പ്രശ്‌നങ്ങള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒറ്റത്തവണ ഉപയോഗിക്കുന്ന സാനിറ്ററി പാഡുകളില്‍ ഡയോക്‌സിന്‍, ഫ്യുറാന്‍, വിവിധ ഓര്‍ഗാനിക് രാസസംയുക്തങ്ങള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ ചര്‍മ്മത്തിന് ദോഷമുണ്ടാക്കുകയും ഹോര്‍മോണ്‍ ഉത്പാദനത്തെ ബാധിക്കുകയും, ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളിലേക്കും നയിക്കാമെന്നും സാന്‍ഡി ഖണ്ഡേ പറയുന്നു. പാഡുകളില്‍ ചേര്‍ക്കുന്ന സുഗന്ധദ്രവ്യങ്ങളും ഡിയോഡോറൈസറുകളും അലര്‍ജിയും യോനിയിലെ മൈക്രോബയോമിന്റെ തുല്യതയും നശിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
പ്ലാസ്റ്റിക് പാളിയുള്ള പാഡുകള്‍ നനവുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നത് ബാക്ടീരിയയും ഫംഗസും വളരാന്‍ സഹായിക്കുന്നു. ഇതുമൂലം മൂത്രനാളി അണുബാധയും യീസ്റ്റ് ഇന്‍ഫെക്ഷനും പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുന്നു. നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ അതേ പാഡ് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് എസ്‌ഷെറിച്ചിയ കോളി, സ്റ്റെഫൈലോകോക്കസ് പോലുള്ള ബാക്ടീരിയകളുടെ വളര്‍ച്ചക്കും, ചില അവസരങ്ങളില്‍ ജീവന്‍ അപകടപ്പെടുത്തുന്ന ടോക്‌സിക് ഷോക് സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍ക്കും കാരണമാകാം.
പരിസ്ഥിതി ആഘാതം
ഉപയോഗശേഷം ഉപേക്ഷിക്കുന്ന പാഡുകള്‍ പാരിസ്ഥിതികമായി വലിയ വെല്ലുവിളിയാണ്. ഇവയില്‍നിന്നുള്ള മൈക്രോപ്ലാസ്റ്റിക്കും രാസവസ്തുക്കളും മണ്ണിനെയും വെള്ളത്തിനെയും മലിനമാക്കുകയും പരിസ്ഥിതിയിലെ ജീവവൈവിധ്യത്തെ ബാധിക്കുകയും ചെയ്യുന്നു.
ഇതിന്റെ പരിഹാരമായി ബയോഡീഗ്രേഡബിള്‍ പാഡുകള്‍, ആര്‍ത്തവ കപ്പുകള്‍, പുനരുപയോഗിക്കാവുന്ന തുണി പാഡുകള്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് സാന്‍ഡി ഖണ്ഡേ നിര്‍ദേശിക്കുന്നു. “സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാനും ഭൂമിയെ സംരക്ഷിക്കാനും ഒരേസമയം ശ്രമിക്കേണ്ട സമയമാണിത്,” എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.



