ഹർത്താൽ: അറസ്റ്റിൽ വലഞ്ഞ് സംഘപരിവാർ സംഘടനകൾ
സ്വന്തം ലേഖകൻ
കോഴിക്കോട്: ശബരിമല യുവതി പ്രവേശനത്തിനെതിരെ കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ അക്രമം നടത്തിയവരെ പൊലീസ് വ്യാപകമായി അറസ്റ്റു ചെയ്യുന്നതിനെ തുടർന്ന് പ്രതിരോധത്തിലായി സംഘപരിവാർ സംഘടനകൾ. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പടെ ജാമ്യമില്ല വകുപ്പുകൾ ചേർത്ത് അക്രമികൾക്കെതിരെ കേസെടുത്ത് ജയിലിലടച്ചതാണ് സംഘടനകളെ പ്രതിരോധത്തിലാക്കിയത്.
ഹർത്താലിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളിൽ ഇതുവരെ സംസ്ഥാനത്ത് 2182 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഹർത്താലുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച് 6711 പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ 894 പേർ റിമാന്റിലാണ്. 5817 പേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇവരിൽ പലർക്കും നാശനഷ്ടത്തിന് തുല്യമായ തുക കെട്ടിവെക്കാതെ ജാമ്യം ലഭിക്കില്ല. അറസ്റ്റ് ഭയന്ന് പലപ്രവർത്തകരും ഒളിവിലാണ്. 37000 ത്തിലധികം പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഇതിൽ കൂടുതലും ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വധശ്രമം, ആയുധം സൂക്ഷിക്കൽ, സ്ഫോടക വസ്തുക്കൾ കൈവശം വെക്കൽ മുതലായ വകുപ്പുകളിലാണ് കേസുകൾ ചുമത്തിയിരിക്കുന്നത്. അതിനാൽ ജാമ്യം പ്രയാസകരമാകും. പ്രതിപട്ടികയിൽ ഉൾപ്പെട്ടവർ കേസിൽ നിന്ന് ഒഴിവാക്കി കിട്ടാൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കുകയാണിപ്പോൾ. കച്ചവട സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കുന്നതിന് കച്ചവടക്കാരുമായി ഒത്തുതീർപ്പ് ചർച്ച നടത്തുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സിവിൽ, ക്രിമിനൽ കേസെടുക്കുമെന്നതിനാൽ തീർപ്പാക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്നാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് പൊലീസ് പുലർത്തി വരുന്ന ജാഗ്രത ഏതാനും ദിവസം കൂടി തുടരാൻ ജില്ലാ പൊലീസ് മേധാവിമാരോട് ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള പൊലീസ് സന്നാഹവും തുടരും. അക്രമത്തിൽ പങ്കെടുത്തവർ എല്ലാവരും ഉടൻ തന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.