
കോട്ടയം: ശിവഗിരി തീർത്ഥാടനത്താൽ ലോകപ്രശസ്തമായ വർക്കലയിലെ വാസു തീയേറ്ററിൽ മാറി മാറി വരുന്ന എല്ലാ സിനിമകളും വെള്ളിയാഴ്ചത്തെ ആദ്യത്തെ പ്രദർശനം തന്നെ കാണാൻ തിയേറ്റർ ഉടമയുടെ മകന് വളരെ ആവേശമായിരുന്നു.
ഓരോ സിനിമയിലേയും ദൃശ്യങ്ങൾ മനസ്സിൽ മനനം ചെയ്ത് ഭാവിയിൽ തനിക്കൊരു
സിനിമാസംവിധായകനായി മാറണം എന്നൊരാഗ്രഹം
ആ യുവാവിന്റെ മനസ്സിൽ
അന്നേ കൂടുകൂട്ടി.
ഡിഗ്രി പഠനം കഴിഞ്ഞ ഉടനെ തന്നെ സിനിമാമോഹവുമായി കക്ഷി പഴയ മദ്രാസ് നഗരത്തിലേക്ക് വണ്ടികയറി.
മലയാളസിനിമകളിൽ അന്ന് കത്തിനിന്നിരുന്ന ശശികുമാറിന്റേയും
എം കൃഷ്ണൻ നായരുടെയും ക്രോസ് ബെൽറ്റ് മണിയുടേയുമൊക്കെ ശിഷ്യനായി വർഷങ്ങൾ പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തുമായി
1978 -ൽ ” ടൈഗർ സലീം ” എന്ന ചിത്രം സംവിധാനം ചെയ്തു രംഗത്തെത്തി.
പിന്നീട് മലയാളത്തിലെ സൂപ്പർഹിറ്റ് ഡയറക്ടറായി ഉയർന്ന ആ യുവാവ്
“ജോഷി ” എന്ന പേരിൽ ഇന്നും മലയാള സിനിമയിൽ ഏറ്റവും ജനപ്രീതിയുള്ള സംവിധായകനായി നിറഞ്ഞുനിൽക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോഷിയുടെ രണ്ടാമത്തെ
ചിത്രം ജയൻ നായകനായി അഭിനയിച്ച “മൂർഖൻ ” ആയിരുന്നു. ജയൻ മരിച്ചതിന്റെ അഞ്ചാം ദിവസമാണ് ഈ ചിത്രം കേരളമെമ്പാടും റിലീസ് ചെയ്യുന്നത്. ജയനോടുള്ള വീരാരാധനയും ഹെലികോപ്റ്റർ അപകടത്തിൽ ജയൻ മരിച്ചതിലുള്ള സഹതാപവുമെല്ലാം കാരണം ഈ ചിത്രം കാണാൻ ജനലക്ഷങ്ങൾ തീയേറ്ററുകളിലേക്ക് ഒഴുകിയെത്തി.
സൂപ്പർ ഡ്യൂപ്പർ ഹിറ്റായ മൂർഖന്റെ സംവിധായകനായ ജോഷിക്ക് പിന്നീട് തിരിഞ്ഞു
നോക്കേണ്ടി വന്നില്ല .
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ
” റമ്പാൻ ” വരെ 80 സൂപ്പർഹിറ്റ് ചിത്രങ്ങൾ ജോഷി
ഇതിനകം സംവിധാനം
ചെയ്തുകഴിഞ്ഞു.
മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും തമിഴിലുമെല്ലാം വൻ ചിത്രങ്ങളൊരുക്കി ജോഷി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെട്ട് പ്രതിസന്ധിയിലായ മമ്മൂട്ടി എന്ന മഹാനടനെ “ന്യൂഡൽഹി ” യിലൂടെ സൂപ്പർ താര പദവിയിലേക്ക് കൈപിടിച്ചുയർത്തിയത് ജോഷി ആയിരുന്നു. ആക്ഷൻ ചിത്രങ്ങളായിരുന്നു ജോഷിയുടെ തട്ടകമെങ്കിലും പല സിനിമകളും മനോഹരമായ ഗാനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു.
അത്തരം ചിത്രങ്ങളിലെ ഗാനങ്ങളെ ഒന്ന് ഓർത്തെടുക്കുകയാണ് ഇന്നത്തെ പാട്ടോർമ്മകളിലൂടെ .
മലയാള സിനിമയുടെ ആറാംതമ്പുരാനായ മോഹൻലാൽ പാടി അഭിനയിച്ച
“ആറ്റുമണൽ പായയിൽ അന്തിവെയിൽ ചാഞ്ഞ നാൾ ..”
( റൺ ബേബി റൺ )
” ചന്ദനമണി സന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം…”
( പ്രജ )
“പൂക്കൈത പൂക്കുന്ന പാടങ്ങളിൽ … ”
(ജനുവരി ഒരു ഓർമ്മ )
“പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം . ”
( നമ്പർ 20 മദ്രാസ് മെയിൽ )
“തളിർ വെറ്റിലയുണ്ടോ വരദക്ഷിണ വെക്കാൻ … ”
(ധ്രുവം)
“മഞ്ഞിൽ ചേക്കേറും
മകരപ്പെൺപക്ഷി …”
( രക്തം )
“കാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ ..”
( മാമ്പഴക്കാലം )
“വേൽമുരുകാ ഹരോ ഹര വേലായുധാ ഹരോ ഹരാ…”
( നരൻ .)
“കിളിയേ കിളിയേ
മണിമേഘത്തോപ്പിൽ … ”
( ആ രാത്രി )
“കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം …”
( അവതാരം )
“വാവേ മകനേ … ”
( പോത്തൻ വാവ. )
“ചെമ്പരത്തി പൂവേ ചൊല്ല് ദേവനെ നീ കണ്ടോ … ”
(ശ്യാമ )
“മുത്തുമണിത്തൂവൽ തരാം …”
( കൗരവർ )
” പണ്ടൊരു കാട്ടിലൊരാൺസിംഹം … ”
(സന്ദർഭം )
“പൂമാനമേ ഒരു
രാഗമേഘം താ …”
( നിറക്കൂട്ട്. )
എന്നിങ്ങനെയുള്ള മനോഹരഗാനങ്ങളെല്ലാം ജോഷിയുടെ ചിത്രങ്ങളിലൂടെയാണ് മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയത്.
1952 ജൂലൈ 18 ന് ജനിച്ച ജോഷിയുടെ പിറന്നാൾ ദിനമാണിന്ന് .തലമുറകൾ മാറി മറിഞ്ഞിട്ടും കാലത്തിന്റെ ചുവരെഴുത്തുകൾ മനസ്സിലാക്കി ഇന്നും മലയാളത്തിലെ സൂപ്പർഹിറ്റ് ഡയറക്ടറായി തുടരുന്ന ജോഷിക്ക് ഹൃദയപൂർവ്വം പിറന്നാളാശംസകൾ നേരുന്നു .