
ദില്ലി: സാംസങ് ഗാലക്‌സി എഫ്36 5ജി (Samsung Galaxy F36 5G) സ്‌മാര്‍ട്ട്‌ഫോണ്‍ ഈ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യും. കമ്പനി സോഷ്യൽ മീഡിയ ഹാൻഡിലുകള്‍ വഴി പുതിയ എഫ് സീരീസ് ഫോണിന്‍റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഫ്ലിപ്‍കാർട്ട് വഴി ഗാലക്‌സി എഫ്36 5ജി വിൽപ്പനയ്‌ക്കെത്തും. നിരവധി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സവിശേഷതകളോടെയാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. ഇത് ഇൻ-ഹൗസ് എക്‌സിനോസ് 1380 ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാലക്‌സി എഫ്34 5ജി-യുടെ പിൻഗാമിയായി ഈ ഹാൻഡ്‌സെറ്റ് എത്താനുമാണ് സാധ്യത.
ഗാലക്‌സി എഫ്36 5ജി സവിശേഷതകള്‍
ജൂലൈ 19-ന് ഉച്ചയ്ക്ക് 12 മണിക്ക് ഗാലക്‌സി എഫ്36 5ജി ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. വിപുലമായ എഐ-പവർ സവിശേഷതകളെ സൂചിപ്പിക്കുന്ന ഒരു ‘ഫ്ലെക്സ് ഹൈ-എഫ്എഐ’ സ്മാർട്ട്‌ഫോൺ എന്നാണ് ടീസറിൽ ഈ ഡിവൈസിനെ കമ്പനി വിശേഷിപ്പിക്കുന്നത്. പിൻ പാനലിൽ ലെതർ ഫിനിഷുള്ള ചുവപ്പ്, പർപ്പിൾ നിറങ്ങളിൽ ഇത് കാണിച്ചിരിക്കുന്നു. ലംബമായി വിന്യസിച്ചിരിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഇതിന്‍റെ സവിശേഷത, കൂടാതെ ഈ ഡിസൈൻ ഗാലക്‌സി എം36 5ജി-യോട് വളരെ സാമ്യമുള്ളതുമാണ്. സാംസങ്ങിന്‍റെ ഗാലക്‌സി എഫ്36 5ജി ഫ്ലിപ്‍കാർട്ട് വഴി വിൽപ്പനയ്ക്കെത്തും. ഫ്ലിപ്‌കാർട്ട് ഈ ഹാന്‍ഡ്‌സെറ്റിനായി ഒരു പ്രത്യേക ലാൻഡിംഗ് പേജ് സൃഷ്ടിച്ചിട്ടുണ്ട്. എഡിറ്റ് നിർദ്ദേശങ്ങൾ, ഇമേജ് ക്ലിപ്പർ, ഒബ്‌ജക്റ്റ് ഇറേസർ തുടങ്ങിയ സവിശേഷതകളുമായി ഈ ഫോൺ വരുമെന്നാണ് സ്ഥിരീകരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാലക്‌സി എഫ്36 5ജി-യിൽ എക്‌സിനോസ് 1380 ചിപ്‌സെറ്റും 6 ജിബി റാമും ഉണ്ടായിരിക്കും എന്ന് നേരത്തെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനത്തിലുള്ള വൺ യുഐ 7 യൂസര്‍ ഇന്‍റര്‍ഫേസില്‍ ഇത് പ്രവർത്തിക്കുമെന്ന് പറയപ്പെടുന്നു. 1,080×2,340 പിക്‌സൽ റെസല്യൂഷനും 450 പിപിഐ പിക്‌സൽ ഡെൻസിറ്റിയുമുള്ള 6.7 ഇഞ്ച് ഡിസ്‌പ്ലേയാവും ഇതിനുണ്ടാവുക. 2023 ഓഗസ്റ്റിൽ 18,999 രൂപ പ്രാരംഭ വിലയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഗാലക്‌സി എഫ്34 5ജി-യുടെ പിൻഗാമിയായി ഗാലക്‌സി എഫ്36 5ജി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു .
ഗാലക്‌സി എഫ്34 5ജി
സാംസങ് ഗാലക്‌സി എഫ്34 5ജി-യിൽ 6.46 ഇഞ്ച് ഫുൾ എച്ച്‌ഡി+ (2340 x 1080 പിക്‌സൽ) ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവയുണ്ടായിരുന്നു. ഒക്ടാ-കോർ എക്‌സിനോസ് 1280 സോകും, 8 ജിബി വരെ റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ഉൾപ്പെട്ടു. 50 മെഗാപിക്സൽ പ്രൈമറി സെൻസർ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്, 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 6,000 എംഎഎച്ച് ബാറ്ററി എന്നിവയായിരുന്നു ഫോണിന്‍റെ മറ്റ് പ്രധാന സവിശേഷതകൾ.