play-sharp-fill
സംസ്ഥാനത്ത് മത്സ്യവില കുത്തനെ ഉയർന്നു; മത്തിക്ക് വില 300 രൂപവരെ

സംസ്ഥാനത്ത് മത്സ്യവില കുത്തനെ ഉയർന്നു; മത്തിക്ക് വില 300 രൂപവരെ

സ്വന്തം ലേഖകൻ

പാലക്കാട്: സാധാരണക്കാരന്റെ ഇഷ്ടവിഭവമായിരുന്ന മത്തിക്കും അയലയ്ക്കും വില കുതിച്ചുയരുന്നു. ബുധനാഴ്ച പാലക്കാട്ട് ഒരു കിലോ മത്തിക്ക് വില 300 രൂപയായിരുന്നു. വില ഉയർന്നതോെട ഇരുചക്രവാഹനങ്ങളിൽ മത്തി വില്പനയ്ക്കെത്തിയില്ല.കഴിഞ്ഞ മാസം കിലോഗ്രാമിന് 160 രൂപയ്ക്ക് കിട്ടിയിരുന്ന മത്തിയുടെ വില ബുധനാഴ്ച 300 രൂപയായി ഉയർന്നിരുന്നു. 180 രൂപയ്ക്ക് വിറ്റിരുന്ന അയിലയുടെ വില 380 രൂപവരെയായി. 120 രൂപമുതൽ 180 രൂപവരെ വിലയുണ്ടായിരുന്ന ചൂര ഇപ്പോൾ 280 രൂപയായി. ചെമ്പല്ലി 260 രൂപയ്ക്കാണ് വിൽക്കുന്നത്. നേരത്തെ 140 മുതൽ 180 രൂപവരെയായിരുന്നു ഇതിന്റെ വില.മീൻ വില വർധിച്ചതോടെ ഹോട്ടലുകളിലും മത്സ്യ വിഭവങ്ങൾ വിൽക്കാതെയായി. ഒരു കിലോ മത്തി വാങ്ങിയാൽ പതിനാലോ പതിനഞ്ചോ എണ്ണമാണ് കിട്ടുക. ഇത് പാചകം ചെയ്തുവരുമ്പോഴേക്കും സാധാരണ വിലയ്ക്ക് വിളമ്പാനാവില്ല. ഇതോടെയാണ് ഹോട്ടലുകളിലും ഉച്ചയൂണിന് മത്തിയും അയിലയും അപ്രത്യക്ഷമായി തുടങ്ങിയത്. മത്തിക്കും അയലയ്ക്കും മാത്രമല്ല മിക്ക പച്ചമീനുകൾക്കും വില കൂടിയതായി കച്ചവടക്കാർ പറഞ്ഞു.കടലിൽ നിന്നുള്ള മീൻ വരവ് കുറഞ്ഞതോടെ ജലാശയങ്ങളിലെ വളർത്തുമീനുകൾക്കും വില കൂടി. 130 രൂപയ്ക്ക് വിറ്റിരുന്ന കട്‌ലയുടെ വില ഇപ്പോൾ 180 രൂപയാണ്. വാളമീൻ കിലോയ്ക്ക് 200 രൂപയായി. നേരത്തെ 120 രൂപയായിരുന്നു. മുൻപ് കിലോയ്ക്ക് 140 രൂപയായിരുന്ന തിലോപ്പിയയ്ക്ക് ഇപ്പോൾ 200 രൂപയായി. കോഴിക്കോട്ടെ മീൻ മാർക്കറ്റുകളിൽ നിന്നാണ് പാലക്കാട് ജില്ലയിലേക്ക് കൂടുതൽ മീനുകൾ വരുന്നത്. ജില്ലയിലേക്കുള്ള മീൻവരവും പത്തിലൊന്നായി കുറഞ്ഞിരിക്കുകയാണ്. കടകളിൽ ഹോൾസെയിൽ വില്പനയ്ക്കായി 25 ലോഡ് മീൻ വന്നിരുന്നിടത്ത് ഇപ്പോൾ ഒന്നോ രണ്ടോ ലോഡ് മാത്രമാണ് വരുന്നതെന്നും കച്ചവടക്കാർ പറയുന്നു.