
സംക്രാന്ത്രി: പഴമയുടെ ഓർമത്താളുകള്‍ നിവർത്തി സംക്രാന്തി സംക്രമ വാണിഭത്തിന് തുടക്കമായി. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് സംക്രാന്തി സംക്രമ വാണിഭത്തിന്.
താഴപ്പായ, വള്ളിക്കൊട്ട, മുറം, മുളം പുട്ടുകുറ്റി, മണ്‍കലം, മണ്‍കുടം, ചട്ടി, ചിരട്ടത്തവി തുടങ്ങിയവ സംക്രമ വാണിഭത്തിന്‍റെ പ്രത്യേകതയാണ്.
ഇന്നലെ വൈക്കത്തിന്‍റെ വിവിധ പ്രദേശത്തുനിന്നു തഴയിലും ഇറ്റയിലും കളിമണ്ണിലും തീർത്ത വീട്ടുസാധനങ്ങളുമായി സ്ത്രീകള്‍ അടക്കമുള്ള കച്ചവടക്കാർ

Whatsapp Group 1 | Whatsapp Group 2 |Telegram Group
എത്തിയിരുന്നു. ഇതിനു പുറമെ പിച്ചാത്തി, വാക്കത്തി, പല തരത്തിലുള്ള കത്തികള്‍, അത്തർ, കളിപ്പാട്ടങ്ങള്‍, പച്ചക്കറി തൈകള്‍, പട്ടുസാരികള്‍, ചാമ, തെന അരി, കമ്പ് ചോളം, മണിച്ചോളം, നാടൻ മുതിര തുടങ്ങിയ വിവിധയിനം വിത്തുകളുമായും കച്ചവടക്കാർ എത്തിയിരുന്നു.
പാലക്കാട് നെന്മാറ സ്വദേശി പ്രസാദാണ് വിവിധയിനം അരികളുടെ വിത്തുമായി എത്തിയത്. എല്ലാ വർഷവും സംക്രമണ വാണിഭത്തില്‍ കച്ചവടത്തിന് എത്തിയതിന് ആദരിക്കപ്പെട്ടിട്ടുള്ള മുണ്ടക്കയം സ്വദേശി ഒ.ജെ. കുഞ്ഞുമോൻ ഇത്തവണയും പച്ചക്കറികളുടെയും പൂച്ചെടികളുടെയും തൈകളുമായി എത്തിയിരുന്നു.
ഇന്നലെ രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍നിന്നു കുടുംബാംഗങ്ങള്‍ ഒന്നിച്ച് വീട്ടുസാധനങ്ങള്‍ വാങ്ങാനെത്തി. പഴയ കാലത്ത് വീട്ടുസാധനങ്ങളും കാർഷികോത്‌പന്നങ്ങളുമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി കച്ചവടക്കാരാണ് സംക്രമത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നത്. കാളവണ്ടിയിലാണ് സാധനങ്ങളുമായി കച്ചവടക്കാർ വന്നിരുന്നത്. ഒരു മാസത്തിനടുത്ത് വാണിഭം നീണ്ടു പോകും.
അതുവരെ കച്ചവടക്കാർ ഇവിടെ താമസിക്കും. നിലവില്‍ മൂന്നോ നാലോ ദിവസം മാത്രമേ കച്ചവടക്കാർ ഇവിടെ ഉണ്ടാവുകയുള്ളൂ. സംക്രമത്തോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും നടന്നു.