
സംക്രമവാണിഭം വിപുലമാകും ആഘോഷമാക്കാന്‍ നഗരസഭയും നാട്ടുകാരും; ജൂലൈ 16ന് നീലിമംഗലത്തു നിന്നും സംക്രാന്തിയിലേക്ക് സാംസ്കാരിക ഘോഷയാത്ര നടത്തും
സ്വന്തം ലേഖിക
കോട്ടയം: കോവിഡ് കാലത്ത് ആചാരങ്ങളില്‍ മാത്രം ഒതുങ്ങിയ പ്രസിദ്ധമായ സംക്രമവാണിഭം ഇത്തവണ വിപുലമായി ആഘോഷിക്കാന്‍ നഗരസഭയുടെയും നാട്ടുകാരുടെയും തീരുമാനം.
16ന് ഉച്ചകഴിഞ്ഞ് മൂന്നിനു നീലിമംഗലത്തുനിന്നും സംക്രാന്തിയിലേക്ക് സാംസ്കാരിക ഘോഷയാത്ര നടത്തും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രമുഖ കര്‍ഷകരെയും വ്യാപാരികളെയും കലാകാരന്മാരെയും ആദരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബശ്രീ, കൃഷിഭവന്, തൊഴിലുറപ്പു വിഭാഗങ്ങളുടെയും പരമ്പരാഗത വ്യാപാരികളുടെയും പ്രത്യേക സ്റ്റാളുകള്‍ ഇത്തവണയുണ്ടാകും. പരമ്പരാഗത നാടന്‍ വിത്തിനങ്ങളും കാര്‍ഷികോപകരണങ്ങളും ലഭ്യമാക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
നഗരസഭ, കുമാരനല്ലൂര്‍ ഊരാണ്മ ദേവസ്വം, വിളക്കമ്പലം, വ്യാപാരി വ്യവസായികള്‍, കുടുംബശ്രീ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനാ നേതാക്കള്‍ എന്നിവര്‍ സംക്രമ വാണിഭവുമായി സഹകരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളും പിന്തുണ നല്‍കും. സംക്രമ വാണിഭത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ യോഗം ഉദ്ഘാടനം ചെയ്തു.
സിന്ധു ജയകുമാര്‍, എം.എ. ഷാജി, സാബു മാത്യു, വിനു ആര്. മോഹന്‍, എം.എസ്. വേണുക്കുട്ടന്‍, ടി.സി. റോയി, കെ.ആര്. ചന്ദ്രമോഹന്, എം.ടി. മോഹനന്, ഷൈനി ഫിലിപ്പ്, അനില്‍ കുമാര്‍ ടി.ആര്, ലിസി കുര്യന്, ദിവ്യ സുജിത്ത്, വി.എസ്. മണിക്കുട്ടന് നമ്പൂതിരി, റഹിം ടി.എ, ബിജുകുമാര്‍ പാറയ്ക്കല്‍, വി.ആര്. പ്രസാദ്, കെ.ആര്. വിജയന്, അജിത ഗോപകുമാര്‍, എസ്. രതീഷ്, സ്വപ്ന സി. നായര്‍, അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.