
കാസർകോട്: ചെറിയ പെരുന്നാളിനും (ഈദുല്‍ ഫിത്വര്‍) ബലി പെരുന്നാളിനും (ഈദുല്‍ അദ്ഹ) ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് സമസ്ത. കാസർകോട് നടന്ന നൂറാം വാർഷികാഘോഷ ചടങ്ങിൽ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി.
വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് തടസ്സമാകാത്ത രീതിയിൽ പരീക്ഷാസമയം ക്രമീകരിക്കണമെന്നും സമസ്ത സർക്കാരിനോട് ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ രണ്ട് പെരുന്നാളുകളുമായി ബന്ധപ്പെട്ട് നിലവിൽ അനുവദിക്കുന്ന ഒന്നോ രണ്ടോ ദിവസത്തെ അവധി അപര്യാപ്തമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും മതപരമായ കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനും ദൂരദേശങ്ങളിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും നിലവിലെ അവധി മതിയാകുന്നില്ലെന്നും സമസ്ത വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ആഗോളതലത്തിൽ ഈദ് ആഘോഷങ്ങൾക്ക് ദീർഘകാല അവധി അനുവദിക്കുന്ന മാതൃക പരിഗണിച്ച് കേരളത്തിലും രണ്ട് പെരുന്നാളുകൾക്കും കുറഞ്ഞത് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചന്ദ്രദർശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം മൂലം പെരുന്നാൾ അവധി പലപ്പോഴും കൃത്യമായി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാൻ, പെരുന്നാളിന് മുൻപും ശേഷവുമുള്ള ദിവസങ്ങൾ ഉൾപ്പെടുത്തി അവധി കലണ്ടർ പരിഷ്കരിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.



