
മരിച്ച സാക്ഷിയ്ക്കും സമൻസ്: അഭയ കേസിൽ സി.ബി.ഐ കോടതിയുടെ സമൻസ് കൈപ്പറ്റാൻ ആളില്ല; നിർണ്ണായക സാക്ഷിയില്ലാതെ ഇനി വിചാരണ
കോട്ടയം: കാൽനൂറ്റാണ്ടിലേറെയായി ഇഴഞ്ഞു നീങ്ങുന്ന അഭയ കേസിൽ വീണ്ടും ട്വിസ്റ്റ്. കേസിലെ മരിച്ചു പോയ നിർണ്ണായക സാക്ഷിയ്ക്കാണ് കോടതി ഇപ്പോൾ വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. ദൃക്സാക്ഷിയും നൈറ്റ് വാച്ച്മാനുമായ കോട്ടയം പാറംമ്പുഴ കൊശമറ്റം കോളനിയിലെ എസ്. ദാസിനാണ് ഇപ്പോൾ കോടതി സമൻസ് അയച്ചത്. തിങ്കളാഴ്ച സി.ബി.ഐ പ്രത്യേക കോടതിയിൽ ആരംഭിക്കുന്ന വിചാരണയ്ക്കായി ചൊവ്വാഴ്ച കോടതിയിൽ എത്തി മൊഴി നൽകണമെന്നാണ് ആവശ്യം.
64 കാരനായിരുന്ന ദാസ് 2014 ഫെബ്രുവരി 28 ന് മരിച്ചിരുന്നു. ഇത് അറിയാതെയാണ് ഇപ്പോൾ കോടതി സാക്ഷിയ്ക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിരിക്കുന്നത്. കേസിലെ ആറാം സാക്ഷിയായിരുന്നു ദാസ്. കേസിലെ രണ്ടാം പ്രതിയായ ഫാ. ജോസ് പൂതൃക്കയിൽ സിസ്റ്റർ അഭയ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് രാത്രി 11നു ശേഷം കോൺവെൻറിന്റെ മതിൽ ചാടി കിണറിന്റെ ഭാഗത്തു കൂടി അടുക്കളഭാഗത്തേക്ക് പോകുന്നതായി കണ്ടുവെന്നും പിറ്റേന്ന് പുലർച്ചെ 4.30ന് മതിൽ ചാടി പുറത്തേക്ക്‌പോകുന്നതായും മൊഴി നൽകിയത് ദാസായിരുന്നു. 2008 നവംബർ 27നാണ് ദാസ് ഇതു സംബന്ധിച്ചുള്ള മൊഴി സിബിഐയ്ക്ക് നൽകിയത്. ഇതേമൊഴി തന്നെയാണ് 2008 ഡിസംബർ മൂന്നിന് എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലുമുള്ളത്. എന്നാൽ സിസ്റ്റർ അഭയ കൊല്ലപ്പെട്ടദിവസം ഫാ. പൂതൃക്കയിലിനെ കണ്ടതായി മൊഴിയിൽ രേഖപ്പെടുത്തിയിട്ടില്ല. ആയതിനാലാണ് രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സി.ബി.െഎ കോടതി 2018 മാർച്ച് ഏഴിന് വെറുതെ വിട്ടിരുന്നു. അതേസയമയം മരിച്ചുപോയ അഭയയുടെ മാതാപിതാക്കളടക്കം ആറ് സാക്ഷികൾക്കാണ് കോടതി സമൻസ് അയച്ചത്. ഇവർ മരിച്ചുപോയ വിവരം കോടതിയെ സി.ബി.ഐ അറിയിക്കാതിരുന്നതിനാലാണ് സമൻസ് എത്തിയത്. 1992 മാർച്ച് 27നാണ് കോട്ടയം പയസ്‌ടെൻത് കോൺവെൻറിന്റെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് അന്വേഷിച്ച ക്രൈംബ്രാഞ്ചും സിസ്റ്റർ അഭയ ആത്മഹത്യചെയ്തുവെന്നാണ് കണ്ടെത്തിയത്. കേസിൽ 177 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതൽ പ്രവൃത്തിദിവസം തുടർച്ചയായി സാക്ഷിവിസ്താരം നടത്തും. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് നിലവിൽ വിചാരണ നേരിടുന്നത്.