
പുല്ലു തിന്നിരുന്ന പോത്തിനെ അരലക്ഷം രൂപയ്ക്കു കശാപ്പുകാരനു വിറ്റു: ഉടമ വന്നു നോക്കിയപ്പോൾ പോത്ത് കിടന്നിടത്ത് പൂടപോലുമില്ല; അൻപതിനായിരം രൂപയ്ക്കു പോത്തിനെ വിറ്റ യുവാക്കൾ കേസൊതുക്കിയത് 80,000 രൂപ നൽകി; കുമരകത്ത് യുവാക്കൾ പോത്തിലൂടെ പിടിച്ചത് പുലിവാൽ..!
തേർഡ് ഐ ബ്യൂറോ
കോട്ടയം: വഴിയരികിൽ പുല്ലു തിന്നു നിന്നിരുന്ന പോത്തിനെ അരലക്ഷം രൂപയ്്ക്കു മറിച്ചു വിറ്റ യുവാക്കൾ പിടിച്ചത് പുലിവാൽ..! അരലക്ഷം രൂപയ്ക്കു പോത്തിനെ കശാപ്പുകാരനു മറിച്ചു വിറ്റ യുവാക്കൾക്ക് ഒടുവിൽ കേസൊതുക്കാൻ ചിലവായത് 80,000 രൂപ. അൻപതിനായിരം രൂപ ലാഭം ആഗ്രഹിച്ചവർക്കു കയ്യിൽ നിന്നും 30,000 രൂപ നഷ്ടമായി.
ബുധനാഴ്ച കുമരകത്ത് ചീപ്പുങ്കലിലായിരുന്നു സംഭവം. കുമരകത്താണ് തീറ്റാൻ വിട്ടിരുന്ന പോത്തുകളെ ഉടമയറിയാതെ അയൽവാസികൾ കശാപ്പുകാർക്ക് വിറ്റത്. പോത്തുകളെ കാണാതായതോടെ ഉടമ പൊലീസിനെ സമീപിച്ചതോടെയാണ് വ്യാജ ഉടമകൾ പൊല്ലാപ്പിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടമ നൽകിയ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് സി.ഐ എം.ജെ അരുൺ കശാപ്പുകാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. ഇതോ പോത്തിനെ വിറ്റ അയൽവാസികളായ രണ്ട് യുവാക്കൾ കുടുങ്ങി.
ഒടുവിൽ 50,000 രൂപയ്ക്ക് വിറ്റ പോത്തുകൾക്ക് 80,000 രൂപ നൽകിയാണ് പ്രശ്നം പരിഹരിച്ചത്.
കശാപ്പുകാർ ചേർപ്പുങ്കലിലെത്തി വീടുകളിൽ കയറിയിറങ്ങി പോത്തിനെ വിൽക്കാനുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് മാലിക്കായൽ പാടത്ത് തീറ്റാൻ വിട്ടിരുന്ന രണ്ട് പോത്തുകളെ യുവാക്കൾ ചൂണ്ടിക്കാട്ടിയത്.
50,000 രൂപയ്ക്ക് കച്ചവടമുറപ്പിച്ചു. പണം നൽകിയതോടെ പോത്തുമായി കച്ചവടക്കാർ മടങ്ങി.
ഇതിനിടെ താൻ അറിയാതെ തന്റെ പോത്തുകളെ വിറ്റതറിഞ്ഞ യഥാർത്ഥ ഉടമ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. ഇതേത്തുടർന്നാണ് പൊലീസ് കശാപ്പുകാരനെ പൊക്കിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.പണം തിരികെ നൽകാമെന്ന് തട്ടിപ്പുുകാർ പറഞ്ഞെങ്കിലും 80,000 രൂപ വേണമെന്ന നിലപാടിലായിരുന്നു പോത്തുടമ. ഇതോടെ ചോദിച്ച പണം നല്കി യുവാക്കൾ കേസിൽ നിന്നൂരി.