play-sharp-fill
സാലറി ചലഞ്ചിന് ഹൈക്കോടതിയുടെ ചുവപ്പ് കാർഡ്: ശമ്പളം പിടിക്കുന്നത് കൊറോണ പ്രതിരോധത്തിന് തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്നു ഹൈക്കോടതി; കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടൽ മാതൃകാപരം

സാലറി ചലഞ്ചിന് ഹൈക്കോടതിയുടെ ചുവപ്പ് കാർഡ്: ശമ്പളം പിടിക്കുന്നത് കൊറോണ പ്രതിരോധത്തിന് തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്നു ഹൈക്കോടതി; കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടൽ മാതൃകാപരം

തേർഡ് ഐ ബ്യൂറോ

കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിന് ഹൈക്കോടതിയുടെ ചുവപ്പ് കാർഡ്. സംസ്ഥാന സർക്കാരിന്റെ വാദങ്ങളൊന്നും അംഗീകരിക്കാതിരുന്ന കോടതി സാലറി ചലഞ്ചിന് സ്‌റ്റേ അനുവദിച്ചു. പ്രതിപക്ഷ സർക്കാർ ജീവനക്കാരുടെ സംഘടനകൾ നൽകിയ ഹർജി അനുവദിച്ചാണ് സാലറി ചലഞ്ചിന് സ്റ്റേ അനുവദിച്ചിരിക്കുന്നത്.


കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കാനുള്ള ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. രണ്ട് മാസത്തേക്കാണ് സ്റ്റേ. പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതിയുടെ സ്റ്റേ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലന്ന് കോടതി വ്യക്തമാക്കി. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദുരന്ത നിവാരണ നിയമം അനുസരിച്ചും പകർച്ചവ്യാധി നിയമം അനുസരിച്ചും ഉത്തരവിന് സാധുത ഇല്ല. ശമ്പളം നീട്ടി വയ്ക്കുന്നത് ശമ്പളം നിരസിക്കൽ ആണെന്നും ഹൈക്കോടതി പറഞ്ഞു.

ഏത് ചട്ടം അനുസരിച്ചാണ് ശമ്പളം പിടിക്കുന്നത് എന്ന് സർക്കാർ ഉത്തരവിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഹർജി പരിഗണിച്ചതെന്നും കോടതി വ്യക്തമാക്കി. കൊവിഡ് കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നുവെന്നും പക്ഷേ അതിന്റെ പേരിൽ വ്യക്തികളുടെ അവകാശങ്ങൾ ചോദ്യം ചെയ്യാനാകില്ലെന്നും ഹർജി പരിഗണിച്ച് കോടതി പറഞ്ഞു.

ജെസ്റ്റിസ് ബെച്ചു കുര്യൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ കേസിൽ വിധി പറഞ്ഞിരിക്കുന്നത്.
ജീവനക്കാരിൽനിന്നു ശമ്പളം പിടിക്കാൻ അധികാരമുണ്ടെന്നായിരുന്നു സർക്കാരിന്റെ വാദം. സാലറി കട്ടല്ല, താൽക്കാലികമായ മാറ്റിവയ്ക്കലാണ് ഇതെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് വാദിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിന് 8000 കോടി രൂപ ആവശ്യമുണ്ട്.

എന്നാൽ അത് ശമ്പളം നൽകുന്നതു മാറ്റിവയ്ക്കാനുള്ള ന്യായീകരണമെല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പിടിക്കുന്ന തുക എങ്ങനെ ഉപയോഗിക്കുമെന്ന കാര്യത്തിൽ ഉത്തരവിൽ അവ്യക്തതയുണ്ട്. ശമ്പളം സർക്കാർ ജീവനക്കാരുടെ അവകാശമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കോവിഡ് ദുരന്ത നിവാരണത്തിനാണോ പണം ഉപയോഗിക്കുകയെന്ന് കോടതി ചോദിച്ചു. ദുരന്ത നിവാരണ നിയമം അനുസരിച്ചും പകർച്ച വ്യാധി നിയമം അനുസരിച്ചും ഉത്തരവിന് സാധുത ഇല്ലെന്നും കോടതി വിശദീകരിച്ചു. കോടതി ഉത്തരവിനെതിരെ സർക്കാരിന് അപ്പീൽ നൽകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.