
ശമ്പളവും ബോണസും ഒന്നും ഒന്നിനും തികയുന്നില്ലേ സാറേ…! തനിയെ താമസിക്കുന്ന വീട്ടമ്മയോട് വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടത് രണ്ടു ലക്ഷം രൂപ; രണ്ടാം ഗഡുവായ അരലക്ഷം രൂപ കൈപ്പറ്റുന്നതിനിടെ മൂന്നിലവ് വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് പൊക്കി അകത്താക്കി
ഏ.കെ ശ്രീകുമാർ
കോട്ടയം: കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും സർക്കാർ ജീവനക്കാർക്ക് ശമ്പളവും ബോണസും അടക്കമുള്ളവ കൃത്യമായി ലഭിച്ചിട്ടും കൈക്കൂലിക്കൊള്ളക്കാരായ ഉദ്യോഗസ്ഥർക്ക് ഒന്നും ഒന്നിനും തികയുന്നില്ല. ആശ്രയമായി ആരുമില്ലാതെ തനിച്ച് താമസിക്കുന്ന വീട്ടമ്മയോട് രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും, ഇതിന്റെ രണ്ടാം ഗഡുവായ അരലക്ഷം രൂപ കൈപ്പറ്റുന്നതിനിടെയാണ് മൂന്നിലവ് വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് സംഘം പൊക്കിയത്.
മൂന്നിലവ് വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റും മേലുകാവ് സ്വദേശിയുമായ റെജി തോമസിനെയാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മൂന്നിലവ് സ്വദേശിയായ വീട്ടമ്മയുടെ അമ്മയുടെ പേരിലുള്ള സ്ഥലം ഇവരുടെ സ്വന്തം പേരിലേയ്ക്കു മാറ്റിയെഴുതുന്നതിനായാണ് ഇയാൾ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. വിലിജൻസ് ഫിനോഫ്തലിൻ പൗഡർ പുരട്ടി നൽകിയ പണവും പ്രതിയുടെ കയ്യിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നിലവ് സ്വദേശിയായ വീട്ടമ്മ തനിയെയാണ് താമസിക്കുന്നത്. ഇവരുടെ മാതാവ് മരിക്കുകയും മറ്റൊരു ബന്ധു ജയിലിൽ ആകുകയും ചെയതു. ഇതോടെയാണ് ഇവർ തനിയെ ആയത്. മറ്റാരും ആശ്രയമായി ഇല്ലാതെ വന്നതോടെ ഇവർ കഷ്ടപ്പെട്ടാണ് സ്വന്തം ജീവിതം നയിച്ചിരുന്നത്. ഇതിനിടെ, ഇവരുടെ അമ്മയുടെ പേരിലുണ്ടായിരുന്ന ഒരു ഏക്കർ നാൽപ്പത് സെന്റ് സ്ഥലം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വന്തം പേരിലേയ്ക്കു മാറ്റുന്നതിനായി നാലു വർഷം മുൻപ് ഇവർ അപേക്ഷ നൽകിയിരുന്നു.
ഈ അപേക്ഷയിൽ നടപടികൾ സ്വീകരിക്കുന്നതിനു വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റ് ആയ റെജി തോമസ് രണ്ടു ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. റെജിയുടെ സുഹൃത്തും, ഇടനിലക്കാരനുമായ ജോസ് എന്നയാൾ വഴിയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഇത് അനുസരിച്ചു ആദ്യ ഗഡുവായ 40,000 രൂപ കൈപ്പറ്റി. തുടർന്നു ജോസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കരം അടയ്ക്കുന്ന നടപടികൾ പൂർത്തിയാക്കി. മാർച്ച് 25 ന് പരാതിക്കാരി പണം നൽകിയ ശേഷമാണ് നടപടികൾ പ്രതിയായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പൂർത്തിയാക്കാൻ തയ്യാറായത്.
തുടർന്നു, ബാക്കിയുള്ള തുക ലഭിക്കുന്നതിനു ഇടനിലക്കാരൻ ജോസും പ്രതിയായ റെജിയും നിരന്തരം ഇവരെ ഫോണിൽ വിളിച്ചിരുന്നു. ഫോണിൽ വിളിച്ച ശേഷം ഭീഷണിപ്പെടുത്തുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്തിരുന്നു. മുഴുവൻ തുകയും തിങ്കളാഴ്ച തന്നെ നൽകണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. ഇതേ തുടർന്നു വീട്ടമ്മ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ ഡിവൈ.എസ്.പി രവീന്ദ്രനാഥിനു പരാതി നൽകി.
തുടർന്നു വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ്.പി വി.ജി വിനോദ്കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയായ റെജി വൻ അഴിമതിക്കാരനാണ് എന്നു കണ്ടെത്തുകയായിരുന്നു. തുടർന്നു ഡിവൈ.എസ്.പിമാരായ വി.ജി രവീന്ദ്രനാഥ്, എ.കെ വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ റിജോ പി.ജോസഫ്, സഞ്ജു എസ് ദാസ്, സബ് ഇൻസ്‌പെക്ടർമാരായ വിൻസെന്റ്, സന്തോഷ് കെ, പ്രസന്നകുമാർ, എ.എസ്.ഐമാരായ സ്റ്റാൻലി തോമസ്, തുളസീധരക്കുറുപ്പ്, സുരേഷ്‌കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ പി.എസ് അനൂപ്, നീതുമോഹൻ, പി.എ സജിമോൻ, സജി, അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുകയായിരുന്നു.
പ്രതിയുടെ മേലുകാവ് മറ്റത്തെ വീട്ടിൽ വച്ച് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഇയാളെ പിടികൂടിയത്. കൊവിഡ് മാന്ദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് വിജിലൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.