തടി കുറയ്ക്കാൻ വെറൈറ്റി സാലഡുകൾ

Spread the love

ബ്രേക്ക് ടൈമില്‍ ചായയും കടിയും കഴിക്കുന്നതിന് പകരം സാലഡുകള്‍ കഴിക്കുന്നത് ഒരുപാട് ഗുണം ചെയ്യും.

ലഘുവാണ് എന്നതുകൊണ്ടു മാത്രമല്ല സാലഡുകള്‍ ആളുകളുടെ ഇഷ്ടഭക്ഷണമായി മാറിയത്. അതിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. വിവിധ ഇലകള്‍, വിത്തുകള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം അടങ്ങിയ സാലഡുകള്‍ കാണാനും ആകര്‍ഷകമാണല്ലോ.

വൈവിധ്യമാര്‍ന്ന നിറങ്ങള്‍ പോലെ ഒരുപാട് പോഷകഗുണങ്ങളും അവയ്ക്കുണ്ട്. സാലഡില്‍ അടങ്ങിയ വിറ്റാമിനുകള്‍ ആന്റിഓക്‌സിഡന്റുകള്‍, എന്നിവ ഊര്‍ജം നല്‍കുകയും തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിറങ്ങളാലും പോഷകങ്ങളാലും സമ്പന്നമായ സാലഡുകള്‍ കഴിക്കുന്നത് മാനസികനില മെച്ചപ്പെടുത്താനും ഏകാഗ്രത വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വീട്ടില്‍ തയ്യാറാക്കാവുന്ന വ്യത്യസ്ത തരം സാലഡുകളാണ് താഴെ നല്‍കിയിരിക്കുന്നത്.

ഫത്തൂഷ്
കുബൂസ് ബ്രഡ്, വെള്ളരിക്ക, തക്കാളി, മുള്ളങ്കി, ഇലകള്‍, എന്നിവ പുളിയുള്ള സുമാക് വിനൈഗ്രെറ്റില്‍ ടോസ് ചെയ്താണിത് തയ്യാറാക്കുന്നത്.

പച്ചക്കറികള്‍ കഷണങ്ങളായി മുറിക്കുക. കുബൂസ് കഷണങ്ങള്‍ സ്വര്‍ണനിറമാകുന്നതുവരെ വറുക്കുകയോ ടോസ്റ്റ് ചെയ്യുകയോ ചെയ്യുക. ഡ്രസ്സിങിനായി ഒലിവ് ഓയില്‍, നാരങ്ങാനീര്, സുമാക് എന്നിവ മിക്‌സ് ചെയ്യുക. പച്ചക്കറികളും ഔഷധസസ്യങ്ങളും ഡ്രസ്സിങുമായി യോജിപ്പിച്ച്, മുകളില്‍ മൊരിഞ്ഞ ബ്രെഡ് കഷണങ്ങള്‍ വിതറുക. സാലഡ് റെഡി.

ചോളവും മാതളവും ചേര്‍ത്ത കോസമ്പരി
ഇതൊരു ദക്ഷിണേന്ത്യന്‍ വിഭവമാണ്. ചോളം, മാതളം, തേങ്ങ, നാരങ്ങാനീര്, കടുക്, മല്ലിയില എന്നിവയാണിത് തയ്യാറാക്കാനായി വേണ്ടത്.

ചോളം പുഴുങ്ങി തണുപ്പിച്ച് മാതളവും ചിരകിയ തേങ്ങയും ചേര്‍ത്ത് ഇളക്കുക. ഒരു ചെറിയ പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടുന്നതുവരെ താളിക്കുക. ഇത് സാലഡിന് മുകളിലേക്ക് ഒഴിച്ച്, നാരങ്ങാനീര് ചേര്‍ത്ത് പുതിന, മല്ലിയില കൊണ്ട് അലങ്കരിച്ച് ഈ സാലഡ് കഴിക്കാം.

സോബ നൂഡില്‍ സാലഡ്
ജാപ്പനീസ് ശൈലിയിലുള്ള സാലഡാണ് സോബ നൂഡില്‍സ്. തയ്യാറാക്കാനായി സോബ നൂഡില്‍സ്, ബെല്‍ പെപ്പര്‍, കാരറ്റ്, സവാള, ഏതെങ്കിലും പ്രോട്ടീന്‍, എള്ള്, സോയ സോസ്, റൈസ് വിനെഗര്‍, ഇഞ്ചി എന്നിവയാണ് ആവശ്യമായ വിഭവങ്ങള്‍.

സോബ നൂഡില്‍സ് വേവിച്ച് തണുത്ത വെള്ളത്തില്‍ കഴുകി മാറ്റിവെക്കുക. പച്ചക്കറികള്‍ കനം കുറച്ച് അരിയുക. സോയ സോസ്, റൈസ് വിനെഗര്‍, അരച്ച ഇഞ്ചി എന്നിവ ചേര്‍ത്ത് ഡ്രസ്സിങ് തയ്യാറാക്കുക. എല്ലാം ഒരുമിച്ച് യോജിപ്പിച്ച് എള്ളുകൊണ്ട് അലങ്കരിക്കുക.

കാലാ ചന ചാട്ട്
ഉത്തരേന്ത്യയിലെല്ലാം വ്യാപകമായ പ്രചാരത്തിലുള്ള സാലഡാണ് ഇത്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഈ സാലഡില്‍, കടലയോടൊപ്പം പുളിയുള്ള മസാലകളും ഉള്ളിയും തക്കാളിയും ഉപയോഗിക്കുന്നു. ഇത് വയറുനിറയ്ക്കുന്നതും എരിവുള്ളതും, പോഷകപ്രദവുമാണ്.

കാലാ ചന കുതിര്‍ത്ത് ചെറുതായി വേവിക്കുക. ഇതിലെ വെള്ളം ഊറ്റിക്കളഞ്ഞ് തണുപ്പിക്കുക. അരിഞ്ഞുവച്ച ഉള്ളി, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവയുമായി മിക്‌സ് ചെയ്യുക. വിളമ്പുന്നതിന് മുന്‍പ് നാരങ്ങാനീര്, ചാട്ട് മസാല എന്നിവ ചേര്‍ക്കുക.

ഹൊറിയാറ്റിക്കി
ഇതൊരു ഗ്രീക്ക് സാലഡാണ്. കക്കരി, തക്കാളി, ചുവന്നുള്ളി, ഒലിവ്, ഫെറ്റ ചീസ് എന്നിവ ഒറിഗാനോ പൊടിയും ഒലിവ് ഓയിലും ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്.

പച്ചക്കറികള്‍ വലിയ കഷണങ്ങളായി മുറിക്കുക. ഒരു പാത്രത്തില്‍ വെച്ച് ഒലിവ് ഓയില്‍ ഒഴിച്ച് ഒറിഗാനോ ചേര്‍ത്ത് ഇളക്കുക. ഒലിവ് ചേര്‍ത്ത് മുകളില്‍ ഫെറ്റയുടെ വലിയ കഷണങ്ങള്‍ വെക്കുക. ഫ്രഷ് ആയി വിളമ്പാം.

മിക്‌സഡ് ഗ്രീന്‍സ് ആന്‍ഡ് ആപ്പിള്‍ സാലഡ്
വോഡോഫ് ശൈലിയിലുള്ള സാലഡ്. ആപ്പിള്‍, ഉണങ്ങിയ തക്കാളി, സണ്‍ഫ്‌ളവര്‍ വിത്തുകള്‍ ഇലകള്‍, നാരങ്ങ-ഒലിവ് ഓയില്‍ ഡ്രസ്സിങ് ചേര്‍ത്തുണ്ടാക്കുന്നു.

സാലഡ് ഇലകളടങ്ങിയ സ്പ്രിങ് മിക്‌സ് അല്ലെങ്കില്‍ റൊമൈന്‍ ലെറ്റിയൂസ്, ആപ്പിള്‍, ഉണങ്ങിയ തക്കാളി, ചുവന്നുള്ളി, സണ്‍ഫ്‌ളവര്‍ വിത്തുകള്‍, നാരങ്ങാനീര്, ഒലിവ് ഓയില്‍, പാഴ്സ്ലി, ചതകുപ്പ എന്നിവയാണ് ആവശ്യമായ ചേരുവകള്‍.

ആപ്പിളും ഉള്ളിയും അരിഞ്ഞ്, ഉണങ്ങിയ തക്കാളി മുറിച്ച്, ഒരു പാത്രത്തിലെ പച്ചക്കറികളിലേക്ക് ചേര്‍ക്കുക. ഡ്രസ്സിങിനായി നാരങ്ങാനീരും ഒലിവ് ഓയിലും മിക്‌സ് ചെയ്യുക. സണ്‍ഫ്‌ളവര്‍ വിത്തുകളും ചേര്‍ത്ത് ഇളക്കുക.
സ്‌ട്രോബറി, കക്കരി, ചീര അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇലകള്‍, ഫെറ്റാ ചീസ്, പെക്കാന്‍ പരിപ്പ്, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്തും സാലഡ് തയ്യാറാക്കാം.

മെക്‌സിക്കന്‍ സ്ട്രീറ്റ് കോണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഒരു സാലഡാണ് അടുത്തത്. പാസ്ത, വറുത്ത ചോളം, ബെല്‍ പെപ്പര്‍, ചുവന്നുള്ളി, കോട്ടിഹ ചീസ് എന്നിവയെല്ലാം യോഗട്ട്-നാരങ്ങ, പപ്രിക എന്നിവ ചേര്‍ത്തുണ്ടാക്കുന്നതാണിത്.

ഈ സാലഡ് തയ്യാറാക്കാന്‍ പാസ്ത പാകത്തിന് വേവിച്ച് മാറ്റിവെക്കുക. ചോളം വറുക്കുക. പച്ചക്കറികള്‍ അരിയുക. ഡ്രസ്സിങിനായി തൈര്, നാരങ്ങാനീര്, പപ്രിക എന്നിവ മിക്‌സ് ചെയ്യുക. എല്ലാം ഒരു പാത്രത്തില്‍ യോജിപ്പിച്ച് മുകളില്‍ ചീസും മല്ലിയിലയും വിതറുക.