ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേത് ;സത്യപ്രതിജ്ഞ ചെയ്ത ഭരണഘടനയെ വിടുവായത്തം കൊണ്ടു തള്ളിപ്പറഞ്ഞ സജി ചെറിയാന്റെ കസേര തെറിക്കുന്നത് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍;കേരള നേതൃത്വം തീരുമാനം എടുക്കുമെന്ന് യെച്ചൂരി പറഞ്ഞതില്‍ എല്ലാം വ്യക്തം

Spread the love

 

സ്വന്തം ലേഖിക

 

തിരുവനന്തപുരം: ഭരണഘടനയെ തള്ളിപ്പറഞ്ഞു പ്രസംഗിച്ച സാംസ്കാരിക മന്ത്രി .മന്ത്രിയുടെ പരാമര്‍ശങ്ങളെ പ്രതിരോധിച്ചാല്‍ സര്‍ക്കാര്‍ മുഴുവന്‍ പ്രതിരോധത്തിലാകുമെന്ന അവസ്ഥ വന്നതോടെയാണ് സജി ചെറിയാന്റെ രാജിക്ക് അവസരം ഒരുങ്ങിയത്. രാജിവെക്കണമെന്ന നിര്‍ദ്ദേശം പാര്‍ട്ടി സജി ചെറിയാന് നല്‍കി. എന്നാല്‍ കേന്ദ്ര നേതൃത്വം കര്‍ശനമായ നിലപാട് സ്വീകരിച്ചതോടെ സജി ചെറിയാന്റെ രാജി സുനിശ്ചിതമായി മാറി.

വിവാദത്തില്‍ രാജിവെക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കേരള നേതാക്കള്‍ യോഗംചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഇതില്‍ നിന്നു തന്നെ യെച്ചൂരിയുടെ അതൃപ്തി വ്യക്തമായിരുന്നു. ഉചിതമായ തീരുമാനമെടുക്കും, വിഷയം ചര്‍ച്ചചെയ്യുകയാണെന്നും നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സജിചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത് ദേശീയ തലത്തില്‍ തന്നെ ഇന്നലെ വലിയ ചര്‍ച്ചയായതോടെ പാര്‍ട്ടി പ്രതിസന്ധിയിലായിരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും ദേശീയ മാധ്യമങ്ങളും മറ്റ് സംഘടനകളും വിഷയം ഏറ്റെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സജി ചെറിയാനെതിരേ നടപടിയുണ്ടാവുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന അവെയ്ലബിള്‍ സെക്രട്ടേറിയറ്റിന് ശേഷം രാജിയില്ലെന്നും വിഷയം ഇന്നലെ തന്നെ അവസാനിച്ചുവെന്നും സജിചെറിയാന്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം നടപടിക്കായി കേരള നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, സജി ചെറിയാനും അടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു. എകെജി സെന്ററിലെത്തിയപ്പോള്‍ സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. മന്ത്രിക്കെതിരായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്ന് എട്ട് മിനിട്ട് മാത്രമാണ് നിയമസഭ ചേരാനായത്. സജി ചെറിയാന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു.

തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തര വേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം. മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. എന്നാല്‍ അത് ജനങ്ങളെ കൊള്ളയടിക്കുന്നതാണ്.

പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കവെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന. സത്യപ്രതിജ്ഞയെ തള്ളിപ്പറഞ്ഞു കൊണ്ട് പുറത്തുപോകേണ്ടി വന്ന നാണക്കേടാണ് സജി ചെറിയാന് ഉണ്ടായിരിക്കുന്നത്. സജി ചെറിയാന് പകരം ആര് മന്ത്രിയാകുമെന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇപ്പോള്‍ കാര്യമായി ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാറില്‍ ഇ പി ജയരാജന്‍ രാജിവെച്ചതിനെ തുടര്‍ന്ന് പകരം മന്ത്രിയായി എം എം മണി തല്‍സ്ഥാനത്ത് എത്തിയിരുന്നു. അതുപോലെ ആരെയെങ്കിലും മന്ത്രി സ്ഥാനത്തേക്ക് എത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

സജി ചെറിയാന്റെ വിവാദ പ്രസംഗം ഇങ്ങനെ:

‘തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തില്‍നിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്ബളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരന്മാരായത്. മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്.

എന്നാല്‍, ഈ രാജ്യത്തെ ജനങ്ങളെ ?കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി ?വെച്ചിട്ടുണ്ട്’ -ഇതായിരുന്നു മന്ത്രിയുടെ വിവദമായ പ്രസംഗം.