
ആലപ്പുഴ: മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ തെരഞ്ഞെടുപ്പിൽ വനിതകള്‍ നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.അമ്മയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരനും കരുത്തുറ്റ സ്ത്രീകളാണെന്നും വളരെ മിടുക്കികളാണെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമ രംഗത്ത് വനിതകള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. ശ്വേതയ്ക്കെതിരെ വളരെ മോശമായ നീക്കമുണ്ടായി. ആ ഘട്ടത്തിൽ അവര്‍ക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. നല്ല ഭാവി മലയാള സിനിമയ്ക്കുണ്ടാകും. കുക്കു പരമേശ്വരൻ അമ്മയുടെ ജനറൽ സെക്രട്ടറിയായതിൽ കൂടുതൽ സന്തോഷമുണ്ട്. പുതിയ ടീമിന് എല്ലാ വിജയാശംസകളും നേരുകയാണ്.
മാറ്റത്തിന്‍റെ തുടക്കമാകട്ടെയെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇങ്ങനെ പറയുമ്പോള്‍ പുരുഷന്മാര്‍ മോശമാണെന്നല്ല പറയുന്നത്. എന്നാൽ, സ്ത്രീ ഭരണം വരുന്നത് നല്ലകാര്യമാണെന്നും തിയറ്ററിലെ നിരക്കിൽ ഇ-ടിക്കറ്റിങ് വരുന്നതോടെ മാറ്റമുണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമ രംഗത്ത് മാറ്റങ്ങള്‍ കണ്ടുതുടങ്ങി എന്നതിന്‍റെ തെളിവാണ് നേതൃത്വത്തിലേക്ക് വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നും നല്ല മാറ്റം ഉണ്ടാകട്ടെയെന്നും സജി ചെറിയാൻ പറഞ്ഞു.