വ്യവസായി സാജന്റെ ഡയറി കണ്ടെത്തി ; നിർണായക വെളിപ്പെടുത്തൽ : നഗരസഭ അധ്യക്ഷ പി കെ ശ്യാമള കുടുങ്ങിയേക്കും
സ്വന്തം ലേഖകൻ
കണ്ണൂർ: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഡയറി അന്വേഷണസംഘം കണ്ടെത്തി. ഡയറിയിൽ പല നിർണായക വിവരങ്ങളുമുണ്ടെന്നാണ് ലഭ്യമാകുന്ന സൂചനകൾ.15 കോടി ചിലവിൽ നിർമ്മിച്ച ഓഡിറ്റോറിയം പൊളിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടതിൽ മനം നൊന്താണ് പ്രവാസി വ്യവസായി സാജൻ ജീവനൊടുക്കിയത്.സാജന്റെ ആത്മഹത്യയിൽ ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ.ശ്യാമള, സെക്രട്ടറി എം.കെ ഗിരീഷ് , മുനിസിപ്പൽ എഞ്ചിനീയർ കലേഷ് എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന് സാജന്റെ ഭാര്യ ഇ.പി ബീന പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ഡയറി കണ്ടെത്തുന്നത് .കൺവെൻഷൻ സെന്ററിന്റെ നിർമ്മാണ കാര്യങ്ങൾ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.നഗരസഭാ ഉദ്യോഗസ്ഥരുടെയും നഗരസഭാ അധ്യക്ഷ ശ്യാമളയുടേയും പീഡനങ്ങളെക്കുറിച്ചും ഡയറിയിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് സാജന്റെ അദ്ധ്വാനവും സമ്പാദ്യവും നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയപ്പോഴാണ് ആത്മഹത്യയിൽ അഭയം പ്രാപിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.