ഹാക്കര്‍ സായ് ശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി: അന്വേഷണ സംഘത്തിന്റെ കയ്യിലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിൽ നിന്നും എട്ട് ചാറ്റുകള്‍ വീണ്ടെടുത്തു: ഒരു ചാറ്റ് ഫോറന്‍സിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതെന്ന് വിവരം

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹാക്കര്‍ സായ് ശങ്കറിന്റെ രണ്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ പൂര്‍ത്തിയായി.

ചോദ്യം ചെയ്യലിനിടെ സായ് ശങ്കര്‍ അന്വേഷണ സംഘത്തിന്റെ കയ്യിലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിന്റെ ടൂളില്‍ നിന്നും എട്ട് ചാറ്റുകള്‍ വീണ്ടെടുത്ത് കൊടുത്തു. മാസ്‌ക് ചെയ്ത ഫോട്ടോ അണ്‍മാസ്‌ക് ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്.
വീണ്ടെടുത്ത് കൊടുത്ത എട്ട് ചാറ്റുകളില്‍ ഒരു ചാറ്റ് ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതാണെന്നാണ് വിവരം.

ഫോറന്‍സിക് ലാബില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥയുമായുള്ള ചാറ്റ് കേസില്‍ വളരെ പ്രാധാന്യമുള്ളതാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണം എന്ന നടന്‍ ദീലീപിന്റെ ഹര്‍ജിയില്‍ നാളെ വിധി പറയും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45 നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജിയില്‍ വിധി പറയുക. കേസ് റദ്ദാക്കുകയോ അല്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നും ആണ് ദിലീപിന്റെ ആവശ്യം.

ഡിവൈഎസ്പി ബൈജു പൗലോസ്, നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്നിവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിയ വാദം. തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ല. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നും ദിലീപ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊപ്പമാണ് എഫ്‌ഐആര്‍ റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നും ദിലീപ് ആവശ്യപ്പെട്ടത്.

എഴ് പേരാണ് നിലവില്‍ വധ ഗൂഢാലോചന കേസില്‍ പ്രതികളായിട്ടുള്ളത്. ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍. തുടക്കത്തില്‍ ആറ് പേരെ പ്രതികളാക്കിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ദിലീപിന്റെ ഫോണുകളില്‍ നിന്ന നിര്‍ണായക വിവരങ്ങള്‍ നീക്കം ചെയ്തു എന്ന് വെളിപ്പെടുത്തിയ ഐടി വിദഗ്ദന്‍ സായ് ശങ്കറിനെയും കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു.

ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, വിഐപി എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യവസായി ശരത്ത് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.