ശബരിമലയിലെ ഭക്തന്റെ മരണം കെവിൻ കേസിനു സമാനം: പൊലീസ് ഭയപ്പെടുത്തി ഓടിച്ച് പമ്പയിൽ തള്ളിയിട്ട് കൊന്നെന്ന് ആരോപണം; നിലയ്ക്കലിലെ ക്രിമിനലുകളെ വീഡിയോ പരിശോധിച്ച് പിടികൂടിയ പൊലീസ് ശിവദാസന്റെ കൊലപാതകികളെ കണ്ടെത്തുമോ..?
തേർഡ് ഐ ബ്യൂറോ
കോട്ടയം: ശബരിമലയിൽ തുലാമാസ ദർശനത്തിനെത്തിയ അയ്യപ്പഭക്തന്റെ മരണം സ്ത്രീ പ്രവേശന വിഷയത്തിൽ സമരം നടത്തുന്ന സംഘപരിവാറിനും ബിജെപിയ്ക്കും തുറുപ്പുചീട്ടാകുന്നു. ശബരിമല സംഘർഷത്തിന്റെ ഭാഗമായുള്ള പൊലീസ് ലാത്തിച്ചാർജിനിടെ പൊലീസിനെ കണ്ട് ഭയന്നോടിയ അടൂർ സ്വദേശി ശിവദാസനാണ് മരിച്ചത്. ശിവദാസനെ പൊലീസ് ലാത്തിവീശി ഭയപ്പെടുത്തി ഓടിച്ച് പമ്പയിൽ വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. ഈ ആരോപണം ശരിയാണെങ്കിൽ സംസ്ഥാനത്ത് ആദ്യമായി നടന്ന ദുരഭിമാന കൊലപാതകക്കേസായ കെവിൻ കേസിനു സമാനമാണ് ശബരിമലയിലെ ശിവദാസന്റെ മരണവും.
മേയ് 27 നായിരുന്നു എസ്എച്ച് മൗണ്ട് സ്വദേശിയായ കെവിന്റെ സുഹൃത്തായ അനീഷിന്റെ മാന്നാനത്തെ വീട്ടിൽ നിന്നും ക്വട്ടേഷൻ സംഘം ഇരുവരെയും തട്ടിക്കൊണ്ടു പോയത്. പിറ്റേന്ന് രാവിലെ പുനലൂർ – തെന്മല റോഡിൽ ചാലിയേക്കര തോട്ടിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ട് പ്രകാരമാണെങ്കിൽ കെവിനെ ക്വട്ടേഷൻ സംഘം ഭയപ്പെടുത്തി ഓടിച്ച് തോട്ടിൽ വീഴിച്ച് കൊലപ്പെടത്തുകയായിരുന്നു.
സംഘപരിവാർ സംഘടനകളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണെങ്കിൽ ശിവദാസന്റെ മരണവും സമാന രീതിയിൽ തന്നെയാണ്. ശബരമലയിൽ എത്തിയ ഇദ്ദേഹം തിരികെ പോരുന്നതിനായി എത്തിയപ്പോഴാണ് ലാത്തിചാർജ് ഉണ്ടായത്. പൊലീസ് ലാത്തിച്ചാർജും കല്ലേറും കണ്ട് ഭയന്നു പോയ ഇദ്ദേഹം, പൊലീസിന്റെ കൺമുന്നിൽ നിന്നും ഓടിരക്ഷപെടുകയായിരുന്നിരിക്കണം. ഇതാണ് യാഥാർത്ഥ്യമെങ്കിൽ പൊലീസ് ശിവദാസനെ ഭയപ്പെടുത്തി ഓടിച്ച് കൊലപ്പെടുത്തിയത് തന്നെയെന്ന് കണക്കു കൂട്ടണം. സംഘപരിവാർ സംഘടകളുടെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഈ ആരോപണങ്ങൾ. ഈ സാഹചര്യത്തിൽ ശിവദാസന്റെ മരണത്തിനു പിന്നിൽ വിശദമായ അന്വേഷണം തന്നെ ആവശ്യമായി വന്നേയ്ക്കും.