
പരാതി പിൻവലിച്ച് മാപ്പ് പറയണമെന്ന് സഭ ; മാപ്പ് പറയേണ്ടത് സഭാ ഉന്നതരെന്ന് സിസ്റ്റർ ലൂസി
സ്വന്തം ലേഖിക
വയനാട്: സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ വീണ്ടും ഭീഷണി കത്തുമായി സഭ. സഭാ അധികൃതർക്കെതിരെ നൽകിയ പരാതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ ലൂസിക്ക് എഫ്.സി.സി സുപ്പീരിയർ ജനറൽ ആൻ ജോസഫാണ് കത്ത് അയച്ചിരിക്കുന്നത്.
സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളിയ സാഹചര്യത്തിൽ സഭയിൽ നിന്ന് പുറത്തുപോകുകയോ അല്ലെങ്കിൽ സഭക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ, രണ്ട് പൊലീസ് പരാതികൾ തുടങ്ങിയവ പിൻവലിച്ച് പരസ്യമായി മാപ്പുപറയുകയോ ചെയ്യണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഭാംഗങ്ങൾക്ക് എതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് അത് മാധ്യമങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പൊലീസിന് നൽകിയ പരാതികൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ തയാറല്ലെന്നും മാപ്പ് പറയേണ്ടത് സഭാ അധികൃതരാണെന്നും സിസ്റ്റർ ലൂസി കളപ്പുര അറിയിച്ചു. സഭാംഗങ്ങളിൽ പലതരത്തിലുള്ള ഭീഷണിയുള്ളതിനാലാണ് പരാതി നൽകിയത്.
തനിക്കെതിരെ നിരന്തരം സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ദുഷ്പ്രചരണങ്ങൾ നടത്തുകയും ചെയ്തിരുന്നു. താൻ പരസ്യമായി മാപ്പ് പറയണമെന്നാണ് സഭ ആവശ്യപ്പെടുന്നത് തന്നോട് സഭാംഗങ്ങൾ നടത്തിയ ദ്രോഹങ്ങൾക്ക് അവരാണ് ക്ഷമചോദിക്കേണ്ടതെന്നും എന്തുവന്നാലും മഠം വിട്ടിറങ്ങില്ലെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കൊച്ചി വഞ്ചി സ്‌ക്വയറിൽ നടത്തിയ സമരത്തിൽ പങ്കെടുക്കുകയും ഇരക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് സിസ്റ്റർ ലൂസിക്കെതിരെ സഭയിൽ നിന്നുള്ള പ്രത്യക്ഷ എതിർപ്പുകൾ ശക്തമായത്.