ശബരിമല കാണിക്കയിൽ നിന്നും പണം മോഷണം: എല്ലാം സി സി ടി വി ക്യാമറ കണ്ടു: ദേവസ്വം അസിസ്റ്റന്റ് കമീഷണര്‍ക്ക് സസ്പെൻഷൻ
സ്വന്തം ലേഖകൻ
സന്നിധാനം: ശബരിമല അയ്യപ്പന്റെ കാണിക്കവഞ്ചിയിൽ കയ്യിട്ടുവാരിയ ദേവസ്വം അസിസ്റ്റന്റ് കമീഷണര്‍ കുടുങ്ങി. അയ്യപ്പനൊപ്പം എല്ലാം കണ്ടു നിന്ന സിസിടിവി ക്യാമറ കുടി പണി തന്നതോടെയാണ് ഇദേഹത്തെ സർക്കാർ സസ്പെന്റ് ചെയ്തത്.
ദേവസ്വം അസിസ്റ്റന്റ് കമീഷണര്‍ ജെ വി ബാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പമ്പ ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലെ പണമാണ് ജെ വി ബാബു മോഷ്ടിച്ചത്. ജെ വി ബാബു പണം അപഹരിക്കുന്ന ദൃശ്യങ്ങള്‍ സഹിതമുള്ള വാര്‍ത്ത ചാനലുകൾ പുറത്ത് വിട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭണ്ഡാരത്തില്‍ നിന്നും പണം മോഷ്ടിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ബാബുവിനെ സന്നിധാനം ഭണ്ഡാരം സ്പെഷ്യല്‍ ഓഫീസര്‍ ആയി നിയമിച്ച ഉത്തരവ് നേരത്തെ ബോര്‍ഡ് റദ്ദാക്കിയിരുന്നു. പണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സഹിതം വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സന്നിധാനം ഭണ്ഡാരം സ്പെഷ്യല്‍ ഓഫീസര്‍ ചുമതലയില്‍ നിന്നും ഇയാളെ മാറ്റിയത്.
ദേവസ്വം വിജിലന്‍സിന്റെ പ്രത്യേക പരിശോധനയും സി സി ദൃശ്യങ്ങളും കൂടി പരിശോധിച്ച ശേഷമാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചത്. മോഷണക്കുറ്റം ആയതിനാല്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടും.
മണ്ഡലപൂജയ്ക്ക് ശബരിമല നട അടയ്ക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് പമ്പ ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും 50,000 രൂപ ഇയാള്‍ മോഷ്ടിച്ചു എന്ന ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് ആണ് അന്വഷണം നടത്തിയത്. ജെ വി ബാബു ഭണ്ഡാരത്തില്‍ നിന്നും പണം അപഹരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ദേവസ്വം വിജിലന്‍സ് ശേഖരിക്കുകയും സാക്ഷി മൊഴികള്‍ അടക്കം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ജെ വി ബാബു മുന്‍പും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിരുന്നതായും ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.