
ഡൽഹി: ശബരിമലയിലെ യുവതീപ്രവേശന ഹർജികള്‍ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നല്‍കുന്നത്.
ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി വ്യക്തമാക്കി. എല്ലാ കക്ഷികളും മാർച്ച് 14ന് മുമ്പ് നിലപാട് എഴുതി നല്‍കാനും കോടതി നിർദേശിച്ചു. 9 അംഗ ബെഞ്ച് ഏപ്രില്‍ 7ന് വാദം തുടങ്ങും.
വിവിധ മതങ്ങളുടെ വിഷയം ഒന്നിച്ചു പരിഗണിക്കണം എന്ന് അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, പഴയ 9 അംഗ ബഞ്ചില്‍ ഇപ്പോള്‍ കോടതിയില്‍ ബാക്കിയുള്ളത് താൻ മാത്രമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ അഭിഭാഷകരോട് പറഞ്ഞു. കോവിഡ് കാരണമാണ് നേരത്തെ വാദം കേള്‍ക്കല്‍ മുടങ്ങിയത് എന്നും നിലവിലെ എഴു ചോദ്യത്തിന് പുറമെ കൂടുതല്‍ ചോദ്യങ്ങള്‍ ഓരോ കേസിനും അനുസരിച്ച് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
നിർഭാഗ്യകരമായ സാഹചര്യങ്ങളിലാണ് നേരത്തെ വാദം കേള്‍ക്കല്‍ മുടങ്ങിയത്. അഞ്ചംഗ ബഞ്ച് 9 അംഗ ബഞ്ചിന് കേസ് വിട്ടത് ശരിയെന്ന് നേരത്തെ തീർപ്പായതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തന്ത്രിയുടെ അഭിഭാഷകൻ കൃഷ്ണകുമാർ സിംഗിനെ ഹർജിക്കാരുടെ നോഡല്‍ അഭിഭാഷകനായി നിശ്ചയിച്ചു. അതേസമയം, പുന:പരിശോധനയെ അനുകൂലിക്കുന്നു എന്ന് കേന്ദ്രവും ഹർജികളെ എതിർക്കുന്നില്ലെന്ന് സംസ്ഥാനവും അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുന: പരിശോധനാ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഏഴ് വർഷത്തിനുശേഷം ഈ വിഷയം പരിഗണിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പെടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീര്‍ണ വിഷയങ്ങളടങ്ങുന്ന 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.
ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും നിലപാട് വ്യക്തമാക്കേണ്ടതായി വരും. ശബരിമലയ്ക്ക് പുറമേ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യമതസ്ഥരെ വിവാഹംകഴിച്ച പാഴ്സി സ്ത്രീകളുടെ ക്ഷേത്രപ്രവേശനം, ഷിയാ മുസ്ലിങ്ങളിലെ ദാവൂദി ബോറ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളിലെ ചേലാകര്‍മം എന്നിവയിലെ പൊതു നിയമപ്രശ്നങ്ങളാണ് ഒമ്പതംഗ ബെഞ്ച് പരിഗണിക്കുക. 9 അംഗ ബഞ്ചിന്റെ വിധിക്കനുസൃതമായി അഞ്ചംഗ ബെഞ്ച് വീണ്ടും ശബരിമല പുനഃപരിശോധന ഹർജികള്‍ പരിഗണിച്ച് അന്തിമ വിധി പുറപ്പെടുവിക്കും.



