
പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ വാതില്‍പ്പാളികളില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും ചേര്‍ന്ന് കട്ടത് ഒരു കിലോ 700 ഗ്രാം സ്വര്‍ണമെന്ന് എസ്‌ഐടി നിഗമനം.
വിഎസ്‌എസ്‌സി വിദഗ്ധരും എസ്‌ഐടി ഉദ്യോഗസ്ഥരും നിരവധി പരീക്ഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. പാളികളില്‍ നിന്നു നാലരക്കിലോ സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ ലഭിച്ചത് 986 ഗ്രാം സ്വര്‍ണം മാത്രമാണെന്ന പോറ്റിയുടെ മൊഴി പച്ചക്കള്ളമാണെന്നു വ്യക്തമായി. എന്നാല്‍ ഇത് നിഗമനമാണ്, അന്തിമ കണക്കല്ല.
പാളികളില്‍ നിന്നു കഴിഞ്ഞ ദിവസം മുറിച്ചെടുത്ത തകിടുകള്‍ കൂടി പരിശോധിച്ച ശേഷമേ കൃത്യമായ കണക്കു ലഭിക്കൂ. തകിടുകള്‍ ജംഷഡ്പൂരിലെ നാഷണല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. മൂല്യ നിര്‍ണയം, സ്വര്‍ണത്തിന്റെ അളവ്, പ്രധാന ചെമ്ബു തകിടുകളുടെ കാലപ്പഴക്ക നിര്‍ണയം എന്നിവ സംബന്ധിച്ച ഫലം ലഭിച്ച ശേഷം നഷ്ടമായ സ്വര്‍ണത്തിന്റെ കൃത്യമായ അളവുകൂടി ചേര്‍ത്ത് ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
രണ്ടു ദ്വാരപാലക പാളികളിലായും ശ്രീകോവിലിന്റെ തെക്കും വടക്കും മൂലയിലുള്ള പാളികളിലായും 2064.19 ഗ്രാം (രണ്ടു കിലോയില്‍ അധികം) സ്വര്‍ണമുണ്ടെന്നാണ് 1998ല്‍ യുബി ഗ്രൂപ്പ് ദേവസ്വം ബോര്‍ഡിനു നല്കിയ റിപ്പോര്‍ട്ടിലുള്ളത്. ദ്വാരപാലക പാളികളില്‍ മാത്രം 1564.90 ഗ്രാം സ്വര്‍ണമുണ്ട്. കതകിലും കട്ടിളപ്പാളികളിലുമായി 2519 ഗ്രാം സ്വര്‍ണവും (രണ്ടരക്കിലോയില്‍ അധികം). രണ്ടും കൂടി 4583.38 ഗ്രാം സ്വര്‍ണം (നാലരക്കിലോയില്‍ അധികം).

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പാളികളില്‍ നിന്നു വേര്‍തിരിച്ചപ്പോള്‍ ഒരു കിലോയില്‍ താഴെ സ്വര്‍ണമേ കിട്ടിയുള്ളൂ എന്ന സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വെളിപ്പെടുത്തല്‍ വസ്തുതാ വിരുദ്ധമാണ്. വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തില്‍ നിന്നു കട്ടിളപ്പാളി, ദ്വാരപാലക പാളി എന്നിവയില്‍ 409 ഗ്രാം സ്വര്‍ണം പൂശി. ഇതില്‍ പോറ്റി നല്‍കിയ അല്‍പ്പം സ്വര്‍ണം കൂടിയുണ്ടായിരുന്നതായും പറയുന്നു. 109 ഗ്രാം സ്വര്‍ണം പണിക്കൂലിയായി സ്മാര്‍ട്ട് ക്രിയേഷന്‍സ് എടുത്തു. ശേഷിച്ച 474 ഗ്രാം ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന് വിറ്റെന്ന് അന്നു പറഞ്ഞു.
എന്നാല്‍ അതെല്ലാം പച്ചക്കള്ളമാണെന്നാണ് കണ്ടെത്തിയത്.
നാലരക്കിലോ സ്വര്‍ണം ചെമ്ബുപാളികളില്‍ നിന്നു വേര്‍തിരിച്ചെടുത്താല്‍ മൂന്നു കിലോയില്‍ അധികം സ്വര്‍ണം കിട്ടുമെന്നാണ് വിദഗ്ധരുടെ നിഗമനം. രാസപ്രക്രിയയിലൂടെ സ്വര്‍ണം വേര്‍തിരിക്കുമ്ബോള്‍ കുറച്ചു നഷ്ടമാകും. യഥാര്‍ത്ഥ കണക്കു കണ്ടെത്താന്‍ സ്വര്‍ണം വേര്‍തിരിച്ചവരെ ചോദ്യം ചെയ്യണം. പഴയ വാതില്‍പ്പാളിയിലെ സ്വര്‍ണത്തിന്റെ അളവു കൂടി പരിശോധിക്കണം.



