അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പു ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ നിര്‍മാണ പ്രഖ്യാപനം ഉണ്ടായേക്കും: സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ രണ്ടാം ഘട്ട പരിശോധന അവസാന ഘട്ടത്തില്‍.

Spread the love

കോട്ടയം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പു ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ നിര്‍മാണ പ്രഖ്യാപനം ഉണ്ടായേക്കും
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ രണ്ടാം ഘട്ട പരിശോധന അവസാന ഘട്ടത്തില്‍. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്കു കേന്ദ്രസര്‍ക്കാരിന്റെ അനുമതി വൈകാതെ ലഭിക്കുമെന്ന വിവരങ്ങളാണു പുറത്തേക്കു വരുന്നത്.

കോട്ടയം ജില്ലയില്‍ എരുമേലിക്കടുത്ത് ചെറുവള്ളി എസ്റ്റേറ്റിലെ 2,500 ഏക്കര്‍ സ്ഥലത്താണ് വിമാനത്താവളം നിര്‍മിക്കുക. നിര്‍ദിഷ്ട സ്ഥലം നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്.

ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്കായുള്ള സര്‍വേയും പുരോഗമിക്കുകയാണ്. പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ തത്വത്തിലുള്ള അനുമതി നല്‍കിയാല്‍, ഡി.പി.ആറിനെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവും സാമ്പത്തികവുമായ സാധ്യതാ പഠനം പൂര്‍ത്തിയാക്കേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എയര്‍പോര്‍ട്ട് നിര്‍മിക്കുന്നതിനുള്ള സാമ്പത്തിക സ്രോതസ് കണ്ടെത്തുന്നത് അടക്കുമുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാകും. ഏത് രീതിയുള്ള നിര്‍മാണം വേണമെന്നത് അടുത്ത ഘട്ടത്തിലാണു തീരുമാനിക്കുക.
ദീര്‍ഘ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് എരുമേലിയില്‍ വിമാനത്താവളത്തിന് അനുമതി അടുത്തു വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച വിശദ പ്രൊജക്‌ട് റിപ്പോര്‍ട്ടില്‍ (ഡി.പി.ആര്‍) 3,000 മീറ്റര്‍ നീളമുള്ള റണ്‍വെയാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്.

ബോയിങ് 777 ഉള്‍പ്പടെ അന്താരാഷ്ട്ര നിലവാരമുള്ള വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിന് സൗകര്യമൊരുക്കും. പ്രതിവര്‍ഷം 70 ലക്ഷം യാത്രക്കാര്‍ക്കു ശേഷിയുള്ള ടെര്‍മിനലും പദ്ധതിയില്‍ ഉണ്ട്. അനുബന്ധമായ കാര്‍ഗോ സൗകര്യങ്ങളുമുണ്ടാകും.

7047 കോടി രൂപയാണു മധ്യകേരളത്തിനു പ്രയോജനകരമാകുന്ന വിമാനത്താവളത്തിന്റെ നിര്‍മാണ ചെലവു പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനും വേണ്ടി വരുന്ന തുക ഉള്‍പ്പടെയുള്ള വിമാനത്താവള നിര്‍മാണ ചെലവാണിത്.