
കൊച്ചി:സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി അനുമതി നൽകി. ഈ മാസം 17ന് ഉച്ചപൂജയ്ക്കുശേഷം സാമ്പിൾ ശേഖരിക്കാനും നിർദ്ദേശം നൽകി. തന്ത്രി മഹേഷ് മോഹനരരുടെ കൂടി നിലപാടറിഞ്ഞശേഷമാണ് തീരുമാനം.
നേരത്തെ സാമ്പിൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘം അനുമതി തേടിയിരുന്നു. ഹൈക്കോടതി ഇക്കാര്യം നേരത്തെ നിർദ്ദേശിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ദ്വാരപാലക പാളികൾ പൂർണമായും മാറ്റിയിട്ടുണ്ടോയെന്നതടക്കമുളള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
ശ്രീകോവിലിലെ സ്വർണപാളികൾ ഇളക്കിയെടുത്ത് ഭാരം പരിശോധിക്കുക, ഒരു സെന്റീമീറ്റർ വ്യാപ്തിയിൽ സ്വർണം ശേഖരിച്ച് കെമിക്കൽ ടെസ്റ്റിന് വിധേയമാക്കുക എന്നീ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുകയുളളൂ. അതേസമയം, ശബരിമല സ്വർണക്കൊളളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ ഉടൻ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് വിവരം.
ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ അദ്ദേഹം സാവകാശം ചോദിച്ചിരുന്നു. അടുത്ത ബന്ധു മരിച്ച സാഹചര്യത്തിലാണ് പത്മകുമാർ സാവകാശം ചോദിച്ചിരുന്നത്. അറസ്റ്റിലായ എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ടും പത്മകുമാറിലേക്കാണ് വിരൽചൂണ്ടുന്നത്.
സ്വർണം പൊതിഞ്ഞ കട്ടിളപ്പാളിയെ ചെമ്പെന്ന് രേഖപ്പെടുത്തിയതും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടതും വാസുവിന്റെ നേതൃത്വത്തിലെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. ഈ സമയത്ത് പ്രസിഡന്റ് ആയിരുന്നത് പത്മകുമാറായിരുന്നു.
കമ്മീഷണർ ആയിരുന്ന വാസു മുന്നോട്ടുവച്ച ഉത്തരവുകൾ പത്മകുമാർ അംഗീകരിച്ചതായി അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.



