ശബരിമല സ്വർണാപഹരണ കേസ്: ഉണ്ണികൃഷ്ണൻ പോറ്റി വെറും നത്തോലി: പിടികിട്ടാനുള്ളത് തിമിംഗലങ്ങൾ: ഉന്നതരായ പലരും കുടുങ്ങും: വിശദമായ ചോദ്യം ചെയ്യൽ ഇന്നാരംഭിക്കും: കണ്ടെത്താനുള്ള 2 കിലോഗ്രാം സ്വർണം ആരുടെയൊക്കെ കൈയ്യിൽ ?

Spread the love

തിരുവനന്തപുരം: എന്റെ കക്ഷി നെത്തോലി മാത്രം. ശബരിമല സ്വർണാപഹരണ കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭിഭാഷകൻ ശാസ്തമംഗലം അജിത്ത് ഒരു മാധ്യമ പ്രവർത്തന് അയച്ച സന്ദേശത്തിൽ പറയുന്നു.

കേരളത്തിലെ സീനിയര്‍ അഭിഭാഷകനാണ് ശാസ്തമംഗലം അജിത്ത് . എന്നെ കുടുക്കിയവരെ നിയമത്തിനു മുന്നിലെത്തിക്കും’. പൊലീസ് കസ്റ്റഡിയിലുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഇങ്ങനെ വിളിച്ചു പറയാന്‍ കാരണമെന്താകും എന്ന ചര്‍ച്ചകള്‍ക്കിടെയാണ് ശാസ്തമംഗലം അജിത്തിന്റെ സന്ദേശവും. തീര്‍ത്തും അസാധാരണമാണ് ഈ സന്ദേശവും.

പരസ്യഭീഷണിയായോ കവര്‍ച്ചയുടെ പങ്കു കിട്ടിയവര്‍ക്കുള്ള മുന്നറിയിപ്പായോ ഇതിനെ വ്യാഖ്യാനിക്കാമെന്നാണ് വിലയിരുത്തല്‍. കേസ് പൂര്‍ണമായും തന്റെ മേലൊതുക്കി രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ഇതുമായി ബന്ധപ്പെട്ടവരെ താനും കൈവിടും എന്ന പരസ്യ പ്രഖ്യാപനമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയത്. 2016 മുതലാണ് ശബരിമലയില്‍ സ്‌പോണ്‍സറായി പോറ്റി അവതരിക്കുന്നത്. ദേവസ്വത്തിന്റെ രേഖകളില്‍ മാത്രമാണു പലപ്പോഴും പോറ്റി സ്‌പോണ്‍സര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വര്‍ണവും പണവും മുടക്കുന്നത് കര്‍ണാടകയിലെയും ആന്ധ്രയിലെയും ഭക്തരാണ്. ഇതില്‍ വമ്പന്‍ സ്വര്‍ണ്ണ കടമുതലാളിമാരുണ്ട്. മുന്‍ മന്ത്രിമാർ പോറ്റിയുടെ സഹായം വാങ്ങിയിട്ടുണ്ട്. പോറ്റി നടത്തിയ പല സമര്‍പ്പണങ്ങളിലും ശബരിമലയ്ക്കു നല്‍കാന്‍ ഭക്തര്‍ നല്‍കിയ സ്വര്‍ണം വരെ പോറ്റി കൈവശപ്പെടുത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിച്ചവരെല്ലാം ഇപ്പോള്‍ കരുതലിലാണ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
നിറം മങ്ങിയതിന്റെ പേരില്‍, സ്‌പെഷല്‍ കമ്മീഷണറെ അറിയിക്കാതെ കഴിഞ്ഞ മാസം ദ്വാരപാലക ശില്പത്തില്‍നിന്നും അഴിച്ചെടുത്ത 12 സ്വര്‍ണപ്പാളികളും ഇന്നലെ പുനഃസ്ഥാപിച്ചു.

തുലാമാസ പൂജകള്‍ക്കായി വൈകുന്നേരം നടതുറന്ന ശേഷമാണ് പുതുതായി സ്വര്‍ണം പൂശി, സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ ശ്രീകോവിലിനു മുന്നില്‍ എത്തിച്ചത്. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ ദ്വാരപാലക ശില്പത്തില്‍ പാളികള്‍ സ്ഥാപിച്ചു. 2019 ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദ്വാരപാലക പാളികള്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സി ല്‍ എത്തിച്ച്‌ സ്വര്‍ണകവചം അഴിച്ചുമാറ്റിയ ശേഷമാണ് സ്വര്‍ണം പൂശിയത്. കേവലം അഞ്ചുവര്‍ഷം കഴിഞ്ഞതോടെ പാളികളുടെ നിറം മങ്ങിയതിനെത്തുുടര്‍ന്നാണ് കഴിഞ്ഞ മാസം അഴിച്ചെടുത്ത് വീണ്ടും സ്വര്‍ണം പൂശാനായി പോറ്റി ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ചത്.

2016 മുതലുള്ള പോറ്റിയുടെ ഇടപാടുകള്‍ പരിശോധിച്ചാല്‍ എല്‍ഡിഎഫ് സര്‍ക്കാരിനും വെല്ലുവിളിയാണ്. ഇടതു സര്‍ക്കാരിന്റെ കാലത്താണ് പോറ്റി സ്‌പോണ്‍സറായി വിലസിയത്. ശബരിമല സ്വര്‍ണക്കൊള്ള നടത്തിയത് തിരുവിതാംകൂര്‍ ദേവസ്വത്തിലെ ഉന്നതരുടെ ഒത്താശയോടെയെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘത്തിനുമുള്ളത്. ശബരിമല ദ്വാരപാലകശില്പത്തിലെ സ്വര്‍ണപ്പാളിയും കട്ടിളയിലെ സ്വര്‍ണവും മാറ്റിയത് ദേവസ്വം ഉന്നതരുടെ ഒത്താശയോടെയാണെന്നും ഇതിനായി ഇവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചെന്നും പോറ്റിയുടെ മൊഴിയില്‍ പറയുന്നു. സഹായിച്ച ഉന്നതരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിശദമായ ചോദ്യം ചെയ്യലിനു ശേഷമാകും വ്യക്തമാകുകയെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. സ്വര്‍ണക്കൊള്ള നടത്തിയതില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിനു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന മൊഴികളും ഉണ്ണിക്കൃഷ്ണന്‍ പോറ്റി നല്‍കിയിട്ടുണ്ടെന്നാണു വിവരം.

സ്വര്‍ണ മോഷണം സംബന്ധിച്ചു വിവരമില്ലെന്നായിരുന്നുഅന്വേഷണസംഘം മൊഴിയെടുത്തപ്പോള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് വ്യക്തമാക്കിയിരുന്നത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍ നടപടിയിലേക്കു കടക്കുക. സ്വര്‍ണപ്പാളി കടത്തുന്നതിനായി കൂട്ടുനിന്ന ഉദ്യോഗസ്ഥരടക്കം 10 പേരെ പ്രതിയാക്കി പ്രത്യേക അന്വേഷണസംഘം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ട ഉണ്ണിക്കൃഷ്ണന്‍ പോറ്റിയില്‍നിന്ന് രണ്ടു കിലോ സ്വര്‍ണം കണ്ടെടുക്കാനുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണപ്പാളിയില്‍നിന്നു കൊള്ള നടത്തിയതില്‍ 394.9 ഗ്രാം സ്വര്‍ണം മാത്രമാണ് ശബരിമലയില്‍ തിരികെ എത്തിയത്.

രണ്ടുകിലോയോളം സ്വര്‍ണം കണ്ടെടുക്കാനായി പോറ്റിയെ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെളിവെടുപ്പു നടത്തേണ്ടതുണ്ട്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ നടപടി ആചാരലംഘനമാണെന്നും കൂട്ടുപ്രതികളുടെ പങ്ക് അടക്കം വ്യക്തമാക്കണമെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലും പറയുന്നു. ഇന്നലെ റാന്നിയിലെ കോടതിയില്‍നിന്നു പത്തനംതിട്ട പോലീസ് ക്യാമ്പില്‍ എത്തിച്ച ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ വൈകുന്നേരത്തോടെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ തിരികെ എത്തിച്ച്‌ ചോദ്യംചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്.