
തിരുവനന്തപുരം: ശബരിമലയിലെ സ്വർണമോഷണം അറിഞ്ഞിട്ടും മൂന്നു വർഷം സർക്കാർ ഇക്കാര്യം മറച്ചുവച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ ആരോപിച്ചു.
2019ല്‍ നടന്ന മോഷണത്തെക്കുറിച്ച് 2022ല്‍ ദേവസ്വം ബോർഡിനും സർക്കാരിനും അറിവു ലഭിച്ചു. തെളിവുകളെല്ലാം മുന്നിലുള്ളപ്പോഴാണ് സർക്കാരും ദേവസ്വം ബോർഡും ക്രിമിനല്‍ നടപടിക്രമങ്ങളൊന്നും സ്വീകരിക്കാതെ സ്വർണമോഷണം മറച്ചുവച്ചത്.
സർക്കാരും ദേവസ്വം ബോർഡിലുള്ളവരും കള്ളക്കച്ചവടത്തില്‍ പങ്കാളികളാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റി മാത്രമാണ് ഉത്തരവാദിയെങ്കില്‍ മഹസർ അനുസരിച്ച് അയാള്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്? സ്വർണം കവർച്ച ചെയ്തെന്നു ബോധ്യമായിട്ടും അതേ സ്പോണ്‍സറെത്തന്നെ 2025ല്‍ സ്വർണം പൂശുന്നതിനായി വീണ്ടും എന്തിനു വിളിച്ചു?
വിജയ് മല്യ നല്‍കിയ 30 കിലോ സ്വർണത്തില്‍ നാലു കിലോ സ്വർണത്തിന്‍റെ കുറവാണു കണ്ടെത്തിയത്. അയ്യപ്പന്‍റെ സ്വർണം കവർച്ച ചെയ്തതില്‍ ഗുരുതരമായ വിഷയമുണ്ട്. ഇതെല്ലാം ഹൈക്കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യമെന്നും നിയമസഭയ്ക്കു പുറത്തു മാധ്യമങ്ങളുമായി സംസാരിക്കവേ വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റിനെ പുറത്താക്കണം. ഇതേ വിഷയം കഴിഞ്ഞ 19ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നോട്ടീസ് നല്‍കിയിട്ടും സഭയില്‍ അവതരണാനുമതി പോലും നല്‍കാതെ തള്ളുകയായിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ നോട്ടീസ് നല്‍കാത്തത് എന്തുകൊണ്ടെന്ന് ചോദിക്കുന്നത്. അതുകൊണ്ടാണ് ചോദ്യോത്തരവേള മുതല്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതെന്നും സതീശൻ വിശദീ കരിച്ചു.