
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി കസ്റ്റഡിയിലുള്ള മുന്‍ തിരുവാഭരണ കമ്മിഷണര്‍ ആര്‍.ജി. രാധാകൃഷ്ണന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്നും ചോദ്യം ചെയ്യാന്‍ ഇനിയും നിരവധി പേര്‍ ബാക്കിയെന്നും രേഖകള്‍.
ചോദ്യം ചെയ്യലില്‍ തന്റെ ഭാഗത്തു നിന്നും വീഴ്ചകള്‍ ഉണ്ടായതായി ആര്‍.ജി.
രാധാകൃഷ്ണന്‍ സമ്മതിച്ചതായാണ് അറിവ്. 2019 ജൂലൈ 20ന് ശബരിമല ശ്രീകോവിലില്‍ നിന്നും ഇളക്കി 39 ദിവസത്തിന് ശേഷം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശുന്നതിന് മേല്‍നോട്ടം വഹിച്ചത് അന്നത്തെ തിരുവാഭരണം കമ്മിഷണറായ ആര്‍.ജി. രാധാകൃഷ്ണന്‍ ആയിരുന്നു.
2019 ആഗസ്ത് 29ന് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ദ്വാരപാലക പാളികള്‍ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തൂക്കിയപ്പോള്‍ സന്നിധാനത്ത് തൂക്കിയതിനേക്കാള്‍ ഭാരം 4.541 കിലോ കുറവ് വ്യക്തമായിട്ടും അതു ഗൗനിക്കാതിരുന്നത് ഗുരുതര വീഴ്‌ച്ചയാണ്. അക്കാര്യത്തില്‍ നടപടി എടുത്തിരുന്നെങ്കില്‍ സന്നിധാനത്തു നിന്നും ഇളക്കിയ പാളികള്‍ തന്നെയാണോ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചതെന്നതില്‍ അന്നേ വ്യക്തത വരുമായിരുന്നു. എന്നിട്ടും രാധാകൃഷ്ണന്‍ അത് അവഗണിച്ചതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിലും കുറ്റപ്പെടുത്തുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇനിയും പ്രതിപട്ടികയില്‍ ഇടം പിടിച്ചിട്ടില്ലാത്ത നാഗേഷാണ് മറ്റൊരു മുഖ്യകണ്ണി. ദ്വാരപാലക പാളികള്‍ ബെംഗളൂരുവഴി ഹൈദരാബാദിലെ നാഗേഷിന്റെ പക്കല്‍ എത്തിയതായി ദേവസ്വം വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. സ്വര്‍ണം, വെള്ളി, ചെമ്പ് ഇവ ഉപയോഗിച്ച് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വര്‍ക്‌ഷോപ്പ് ഉടമയാണ് നാഗേഷ്.
ഇയാളുടെ വര്‍ക്‌ഷോപ്പില്‍ സമാന രീതിയില്‍ ഉണ്ടാക്കിയ ദ്വാരപലക പാളികളാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചതെന്നാണ് സംശയം. എന്നാല്‍ ഇയാളെ കണ്ടെത്തുകയോ ചോദ്യംചെയ്യുകയോ ചെയ്തിട്ടില്ല.
ദേവസ്വം മുന്‍ സെക്രട്ടറി ജയശ്രീക്കു പുറമേ മരാമത്ത് വിഭാഗം മുന്‍ അസി. എന്‍ജിനീയര്‍ സുനില്‍ കുമാറിനേയും ചോദ്യം ചെയ്യാനുണ്ട്. 2019 ജൂലൈ 19, 20 തീയതികളില്‍ സന്നിധാനത്തു നിന്നും ദ്വാരപാലക പാളികള്‍ കടത്തിയപ്പോള്‍ മഹസറില്‍ ഒപ്പിട്ട പ്രധാന സാക്ഷിയായിരുന്നു സുനില്‍.
1998ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളികളാണിതെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും ചെമ്ബ് എന്നെഴുതിയ മഹസറില്‍ ഒപ്പിട്ടതാണ് സുനിലിന്റെ പേരിലുള്ള കുറ്റം.
ശബരിമല മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ രാജേന്ദ്രപ്രസാദാണ് ചോദ്യം ചെയ്യാനുള്ള മറ്റൊരു പ്രതി. 2019 സപ്തംബര്‍ 11ന് ചെന്നൈയില്‍ നിന്നും സന്നിധാനത്തെത്തിച്ച ദ്വാരപാലക പാളികളുടെ തൂക്കം നോക്കാതെ മഹസര്‍ തയാറാക്കിയത് ഇദ്ദേഹമാണ്. കൂടാതെ ഉണ്ണികൃഷ്ണന്‍ പോറ്റി 2021ല്‍ പുതിയ ദ്വാരപാലക പീഠങ്ങള്‍ നിര്‍മിച്ച് സ്വര്‍ണം പൂശി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ വിവരം തിരുവാഭരണ രജിസ്റ്ററിലൊ മറ്റ് രജിസ്റ്ററുകളിലൊ ഇദ്ദേഹം രേഖപ്പെടുത്തിയതുമില്ല.
രാത്രി പുതിയ പീഠങ്ങള്‍ ശില്‍പത്തില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍
പാകമാകാഞ്ഞതിനെ തുടര്‍ന്ന് പോറ്റി വശം തിരികെ കൊടുത്തു വിട്ടതും രേഖകളില്‍ ചേര്‍ത്തില്ല. പിന്നീട് ഈ പീഠം ദേവസ്വം വിജിലന്‍സാണ് പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്.
രാജേന്ദ്ര പ്രസാദിനൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്ത കെ. രാജേന്ദ്രന്‍ നായരും സമാന കുറ്റം ചെയ്തതായാണ് ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്.




