
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം.
സ്മാർട്ട് ക്രിയേഷൻസുമായി അടുത്ത ബന്ധമുള്ള ചെന്നൈയിലെ ഒരു പ്രമുഖ വ്യവസായിയെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് സിറ്റ് നീക്കം.
മോഷ്ടിച്ച സ്വർണ്ണം കടത്തുന്നതിലോ വിറ്റഴിക്കുന്നതിലോ ഇയാള്‍ക്ക് പങ്കുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. സ്വർണ്ണം വാങ്ങിയതിലെ കുറ്റബോധം കാരണം ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധൻ സമർപ്പിച്ച പത്ത് പവന്റെ മാല കണ്ടെത്താനുള്ള നീക്കങ്ങളും ഊർജ്ജിതമാക്കി. മാളികപ്പുറം ക്ഷേത്രത്തില്‍ സമർപ്പിച്ച ഈ മാലയുടെ രേഖകള്‍ സ്ഥിരീകരിക്കാൻ സിറ്റ് ഉദ്യോഗസ്ഥർ ദേവസ്വം അധികൃതരെ ബന്ധപ്പെട്ടു.
2009 മുതല്‍ സ്മാർട്ട് ക്രിയേഷൻസ് ശബരിമലയില്‍ പ്രവർത്തിക്കുന്നുണ്ട്. ഉപക്ഷേത്രങ്ങളില്‍ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട് കമ്പനി ഉന്നയിച്ച അവകാശവാദങ്ങളില്‍ ദുരൂഹതയുണ്ടോ എന്നും കൂടുതല്‍ കൊള്ള നടന്നിട്ടുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നു.
കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തലുകള്‍. കേസിലെ പ്രതിയായ ബെല്ലാരി ഗോവർദ്ധൻ പ്രായശ്ചിത്തമായി സമർപ്പിച്ച പത്ത് പവൻ സ്വർണ്ണമാല ദേവസ്വം ബോർഡ് കണക്കില്‍പ്പെടുത്താതെ രഹസ്യമായി സൂക്ഷിച്ച വിവരം പുറത്തുവന്നു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയർന്നതിന് ശേഷം മാത്രമാണ് ഈ മാല മഹസറില്‍ രേഖപ്പെടുത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വർണ്ണം കൈപ്പറ്റിയതിലുള്ള മനോവിഷമം മാറ്റാൻ 2021-ലാണ് ഗോവർദ്ധൻ പത്ത് പവന്റെ മാല ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്. പോറ്റി ഇത് മാളികപ്പുറം ക്ഷേത്രത്തില്‍ സമർപ്പിച്ചു. ഭക്തർ സമർപ്പിക്കുന്ന സ്വർണ്ണം കൃത്യമായി മഹസറില്‍ രേഖപ്പെടുത്തണമെന്ന നിബന്ധന നിലനില്‍ക്കെ, ഈ മാല ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്താതെ ബോർഡ് അധികൃതർ സൂക്ഷിക്കുകയായിരുന്നു.
ശബരിമലയില്‍ നിന്ന് വേർതിരിച്ചെടുത്ത സ്വർണ്ണം വാങ്ങിയതില്‍ പ്രായശ്ചിത്തം ചെയ്യാനാണ് താൻ മാലയും പത്തുലക്ഷം രൂപയുടെ ഡി.ഡിയും നല്‍കിയതെന്ന് ഗോവർദ്ധൻ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്വർണ്ണക്കൊള്ളയെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ആരംഭിക്കുകയും വിവാദങ്ങള്‍ കടുക്കുകയും ചെയ്തതോടെയാണ് അധികൃതർ ഈ മാല മഹസറില്‍ രേഖപ്പെടുത്താൻ തയ്യാറായത്. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണോ മാല കണക്കില്‍പ്പെടുത്താതിരുന്നതെന്ന കാര്യം എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ദേവസ്വം ജീവനക്കാരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്.
അതേസമയം, കേസില്‍ അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനെയും കസ്റ്റഡിയില്‍ വാങ്ങാൻ പ്രത്യേക അന്വേഷണ സംഘം നീക്കം തുടങ്ങി. തട്ടിയെടുത്ത സ്വർണ്ണം ആർക്കൊക്കെയാണ് മറിച്ചുവിറ്റതെന്ന് കണ്ടെത്താനാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നത്. ഇരുവരെയും വിട്ടുകിട്ടുന്നതിനായി എസ്.ഐ.ടി ഇന്ന് കൊല്ലം വിജിലൻസ് കോടതിയില്‍ അപേക്ഷ നല്‍കും.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്‍ നിന്നും ശ്രീകോവില്‍ വാതിലുകളില്‍ നിന്നും വേർതിരിച്ചെടുത്ത സ്വർണ്ണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ചാണ് ഉരുക്കിയെടുത്തതെന്ന് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചിട്ടുണ്ട്. ഉരുക്കിയെടുത്ത സ്വർണ്ണം ഇടനിലക്കാരനായ കല്‍പ്പേഷ് വഴി ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിലേക്കാണ് എത്തിയത്. ഗോവർദ്ധന്റെ ജ്വല്ലറിയില്‍ നടത്തിയ റെയ്ഡില്‍ 800 ഗ്രാമിലധികം സ്വർണ്ണം എസ്.ഐ.ടി കണ്ടെത്തിയിരുന്നു.
സ്വർണ്ണക്കടത്തില്‍ മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇവരെ ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2019-ന് മുൻപേ തന്നെ പ്രതികള്‍ക്ക് ശബരിമലയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് എസ്.ഐ.ടി പറയുന്നു. സ്പോണ്‍സർമാരെന്ന നിലയില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് ഇവർ ഗൂഢാലോചന നടത്തി. തട്ടിയെടുത്തത് അയ്യപ്പന്റെ സ്വർണ്ണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവർ ഇടപാടുകള്‍ നടത്തിയതെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.


