
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖ്യ തെരഞ്ഞെടുപ്പു പ്രചാരണ വിഷയമായ ശബരിമല സ്വര്‍ണക്കൊള്ള കേസ് അടിമുടി മാറിമറിയുന്നെന്നു സൂചന.
കോണ്‍ഗ്രസ് നേതാക്കളിലേക്കും ബംഗളുരു ബന്ധത്തിലേക്കും എസ്‌ഐടി അന്വേഷണം നീളുന്നത് ഇതിന്റെ സൂചനയായിട്ടാണു വിലയിരുത്തുന്നത്. വമ്പന്‍ പ്രചാരണ കോലാഹലങ്ങളാണ് ശബരിമല സ്വര്‍ണക്കേസില്‍ കോണ്‍ഗ്രസ് നടത്തുന്നത്. കഴിഞ്ഞ ദിവസം നിയമസഭയിലും വന്‍ പ്രതിഷേധങ്ങള്‍ക്കും ഇറങ്ങിപ്പോക്കിനും ഇടയാക്കി.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്വേഷണം തൃപ്തികരമാണെന്നു വ്യക്തമാക്കിയിട്ടും എസ്‌ഐടിക്കെതിരേ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും അടക്കം രംഗത്തുവന്നിരുന്നു. ഇതിന്റെ ഉദ്യേശ്യലക്ഷ്യം തന്നെ സംശയിക്കാവുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നതെന്നാണു സൂചന. വി.ഡി. സതീശന്റെ യാത്ര ആരംഭിച്ചതിനു പിന്നാലെയാണ് വിവാദങ്ങള്‍ മാറി മറിയുന്നതെന്ന പ്രതിസന്ധിയുമുണ്ട്.
അന്വേഷണം സോണിയ ഗാന്ധിയിലേക്ക് അടക്കം നീങ്ങുന്ന തരത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ മൊഴി എത്തുന്നത്. കടുത്ത നിയന്ത്രണങ്ങളുള്ള സോണിയ ഓഫീസില്‍ പിടിപാടുള്ള ബംഗളുരു ബന്ധം ഏതെന്നും കോണ്‍ഗ്രസിനു വിശദീകരിക്കേണ്ടിവരും. ഇവര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പില്‍ അതും വിഷയമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നാണ് അടൂര്‍ പ്രകാശിന്റെ മൊഴി. പോറ്റിയുടെ വീട്ടില്‍ പോയിട്ടില്ലെന്നും യു.ഡി.എഫ് കണ്‍വീനര്‍ എസ്.ഐ.ടിക്ക് മൊഴി നല്‍കി. എന്നാല്‍ ആറ്റിങ്ങലിലുള്ള എംപി ഓഫീസില്‍ പലതവണ പോറ്റി വന്നു കണ്ടിട്ടുണ്ട്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് സാമ്പത്തിക ഇടപാട് ആരോപണങ്ങള്‍ അടൂര്‍ പ്രകാശ് നിഷേധിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വര്‍ഷങ്ങളായി അറിയാമെന്ന് അടൂര്‍ പ്രകാശ് സമ്മതിച്ചു.
പോറ്റിയും അടൂര്‍ പ്രകാശും തമ്മിലുള്ള ചിത്രങ്ങള്‍ ഓരോന്നായി കാണിച്ചു കൊണ്ടായിരുന്നു ചോദ്യം ചെയ്യല്‍. സോണിയ ഗാന്ധിയെ കാണാന്‍ പോറ്റിക്ക് അവസരം ഒരുക്കിയത് താനല്ല. ബംഗളൂരുവില്‍ ഉള്ള ചില സുഹൃത്തുക്കള്‍ വഴി അപ്പോയിന്‍മെന്റ് എടുത്തു എന്നാണ് പോറ്റി പറഞ്ഞത്. ഡല്‍ഹിയില്‍ ഉണ്ടായിരുന്നതിനാല്‍ താനും കൂടെ പോയതാണെന്നും മൊഴി നല്‍കി. തനിക്ക് സമ്മാനം നല്‍കുന്നതായി കാണുന്നത് സഹോദരിയുടെ മകളുടെ കല്യാണം വിളിക്കാന്‍ പോറ്റി വന്ന ദിവസം എടുത്ത ചിത്രമാണെന്നും ക്ഷണക്കത്തും ഇന്തപ്പഴവുമാണ് കൈമാറിയതെന്നും മൊഴിയില്‍ വിശദീകരിച്ചു.
ചോദ്യാവലി തയ്യാറാക്കിയാണ് യുഡിഎഫ് കണ്‍വീനറെ ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാട് വിവരങ്ങള്‍ പരിശോധിച്ച ശേഷം അടൂര്‍ പ്രകാശിനെ വീണ്ടും വിളിക്കണമെന്ന് എസ്‌ഐടി തീരുമാനിക്കും. പോറ്റിയുടെ കാര്യങ്ങളടക്കം അറിയേണ്ടതെല്ലാം ചോദിച്ചുവെന്നും എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ കൃത്യമായി മറുപടി പറഞ്ഞെന്നും സാമ്പത്തിക ഇടപാടുകള്‍ ചോദിച്ചില്ലെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിനുള്ള ബന്ധത്തിന്റെ കൂടുതല്‍ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി സ്‌പോണ്‍സര്‍ ചെയ്ത അന്നദാന സദ്യ ഉദ്ഘാടനം ചെയ്യാന്‍ അടൂര്‍ പ്രകാശ് ശബരിമലയില്‍ എത്തിയതിന്റെ ചിത്രങ്ങളാണിത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി സദ്യയും അന്നദാനവും സ്പോണ്‍സര്‍ ചെയ്തതിന്റെ മറവില്‍ ഭക്തരില്‍നിന്ന് ലക്ഷക്കണക്കിന് രൂപ സംഭാവനയായി സ്വീകരിച്ചിരുന്നുവെന്ന് ദേവസ്വം വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.
അടൂര്‍ പ്രകാശിന് പോറ്റിയും സഹായികളുമായുമുള്ള അടുപ്പം തെളിയിക്കുന്ന ചിത്രങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാല്‍ യാദൃശ്ചിക ബന്ധം മാത്രമാണ് പോറ്റിയുമായി ഉള്ളതെന്നായിരുന്നു അടൂര്‍ പ്രകാശ് വിശദീകരിച്ചത്. ആ ന്യായം പൊളിക്കുന്നതാണ് പുതിയ ചിത്രങ്ങള്‍. ഇരുവരും ബംഗളൂരുവില്‍വച്ചും കൂടിക്കാഴ്ച നടത്തി. ശബരിമല തട്ടിപ്പില്‍ പോറ്റിയുടെ സഹായി രമേഷ് റാവുവും അടൂര്‍ പ്രകാശിന് ഒപ്പമുണ്ടായിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ അടൂര്‍ പ്രകാശ് 2024 ജനുവരി 27ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബംഗളൂരുവിലെ അയ്യപ്പഭക്തന്‍ എന്നാണ് അടൂര്‍ പ്രകാശ് വിശേഷിപ്പിച്ചിട്ടുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും ബംഗളൂരുവില്‍നിന്നുള്ള രാഘവേന്ദ്ര, രമേശ് എന്നിവരുംചേര്‍ന്ന് നിര്‍മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാനം അടൂര്‍ പ്രകാശ് നിര്‍വഹിക്കുന്നതായിരുന്നു ചിത്രങ്ങള്‍.
2017ലാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഡല്‍ഹിയില്‍ സോണിയയുടെ വീട്ടിലെത്തിയതെന്നാണ് അടൂര്‍ പ്രകാശ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ആ ചിത്രങ്ങള്‍ 2013ല്‍ എടുത്തതെന്നാണ് ആന്റോ ആന്റണി ശനിയാഴ്ച പറഞ്ഞത്. സോണിയാഗാന്ധിക്ക് ഗുരുതര രോഗം ബാധിച്ച സമയത്താണ് പൂജിച്ച ചരട് കെട്ടാനായി പോറ്റി ഡല്‍ഹിയില്‍ പോയതെന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറി ബിആര്‍എം ഷെഫീര്‍ നെരത്തേ പറഞ്ഞത്.
യുഡിഎഫ് എംപിയായ ആന്റോ ആന്റണിക്കെതിരേ അതിലും ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. അറസ്റ്റിലായ തന്ത്രിക്കു നിക്ഷേപം ഉണ്ടായിരുന്നെന്നു പറയുന്ന നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ആന്റോ ആന്റണി എം.പിയും എത്തുകയാണ്. ആന്റോ ആന്റണിക്ക് നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം.രാജു നല്‍കിയത് തട്ടിപ്പ് പണമെന്ന് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏഴുവര്‍ഷം മുമ്പ് പലതവണയായി രണ്ടുകോടി രൂപ വായ്പ നല്‍കിയെന്നായിരുന്നു കഴിഞ്ഞ ദിവസം എന്‍.എം രാജു ആരോപിച്ചത്.
ഇതും കോണ്‍ഗ്രസിനു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. തട്ടിപ്പ് സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്നും ഇതു തിരിച്ചടയ്ക്കാതെ അതിലും വലിയ തട്ടിപ്പാണ് നേതൃത്വം നടത്തുന്നു എന്നുമാണ് എതിര്‍ ക്യാമ്പില്‍നിന്നുള്ള പ്രചാരണം. നിലവില്‍ ഇടതുപക്ഷത്തിനെതിരേ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അകത്തായിരിക്കുന്ന ഇടതു നേതാക്കള്‍ക്ക് എല്ലാം ഭരണപരമായ വീഴ്ച മാത്രമാണ് ഉണ്ടായതെന്നാണു വിലയിരുത്തല്‍. സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയില്ലെങ്കില്‍ ഇതുവരെയുള്ള കേസിന്റെ പോക്ക് അടിമുടി മാറിമറിഞ്ഞേക്കും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏഴുവര്‍ഷം മുമ്പ് പലതവണയായി വായ്പയെടുത്ത രണ്ടുകോടി രൂപ മടക്കി നല്‍കിയില്ലെന്നുമാണ് ആന്റോയ്‌ക്കെതിരായ രാജുവിന്റെ ആരോപണം. പലതവണ കാലുപിടിച്ച് ആവശ്യപ്പെട്ടതിനുശേഷം 20 ലക്ഷം രൂപ മാത്രമാണ് മടക്കി നല്‍കിയത്. രേഖയൊന്നുമില്ലാതെ വ്യക്തിബന്ധം വച്ച് പണം നല്‍കിയതാണെന്നും എന്‍.എം. രാജു പറഞ്ഞു.
പണം വാങ്ങിയ കാര്യം ആന്റോ ആന്റണി സമ്മതിച്ചു. പ്രചാരണത്തിനായി സഹായിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുഴുവന്‍ പണവും രാജുവിന് തിരികെനല്‍കി എന്നുമാണ് ആന്റോയുടെ പ്രതികരണം. കഴിഞ്ഞ ദിവസം നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. നെടുംപറമ്പില്‍ ഫിനാന്‍സിന്റെ പൂട്ടിപ്പോയ തിരുവല്ല കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓഫീസിലും സ്ഥാപന ഉടമ എന്‍.എം. രാജുവിന്റെ രാമന്‍ചിറയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്.
ഇഡിക്കു പുറമേ, എസ്‌ഐടിയും ആന്റോ ആന്റണി എംപിയെ ചോദ്യം ചെയ്യും. വരും ദിവസങ്ങളില്‍ തന്നെ നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് തീരുമാനം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള അടുപ്പം കേന്ദ്രീകരിച്ചാണ് ആന്റോ ആന്റണിയെയും ചോദ്യം ചെയ്യുന്നത്. സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍കുന്ന ചിത്രത്തില്‍ ആന്റോ ആന്റണിയുമുണ്ട്. സോണിയ ഗാന്ധിയുടെ കയ്യില്‍ പോറ്റി ചരട് കെട്ടുന്നതും ആന്റോ ആന്റണിയുടെ സാന്നിധ്യത്തിലാണ്. ഇതടക്കമുള്ള കാര്യങ്ങളെക്കുറിച്ചാണ് എസ്‌ഐടി ചോദിച്ചറിയാന്‍ ശ്രമിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരമാവധി സ്ഥാനാര്‍ഥിക്കു ചെലവഴിക്കാവുന്ന തുകയ്ക്കപ്പുറം ആന്റോ ചെലവഴിച്ചിട്ടുണ്ടോ എന്നതിലേക്ക് അടക്കം അന്വേഷണം നീങ്ങിയേക്കും. കള്ളപ്പണം തെരഞ്ഞെടുപ്പിന് ഉപയോഗിച്ചെന്ന കേസും ഇഡി ചുമത്താന്‍ സാധ്യതയുണ്ട്.



