
തിരുവനന്തപുരം: ശബരിമല അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടുവെന്ന വാര്‍ത്താ പരമ്പരകളില്‍ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സി.പി.ഐ നേതാവുമായ കെ.പി ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതോടെ, ഈ കേസ് കേവലമൊരു മോഷണത്തിനപ്പുറം രാഷ്ട്രീയവും ഭരണപരവുമായ വന്‍ അഴിമതിയായി പരിണമിച്ചിരിക്കുന്നു.
ശബരിമല സന്നിധാനത്തെ ശ്രീകോവില്‍, കട്ടിളപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവ സ്വര്‍ണം പൂശുന്നതിനെന്ന പേരില്‍ പുറത്തേക്ക് കടത്തി സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഇതിനായി ഉപയോഗിച്ച സ്വര്‍ണത്തില്‍ കിലോക്കണക്കിന് കുറവുണ്ടായെന്നും വന്‍ ഗൂഢാലോചന നടന്നെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ എസ്.ഐ.ടിയെ കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിയുടെ മകന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായതിനാലാണോ പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസ് രജിസ്റ്റര്‍ ചെയ്ത അന്നുമുതല്‍ ആ ശുപത്രിയില്‍ കഴിയുന്നത് അസംബന്ധമാണെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ നിരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസ്.ഐ.ടി അറസ്റ്റു രേഖപ്പെടുത്തിയത്.
ശങ്കരദാസിനെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ‘നിങ്ങള്‍ ദൈവത്തെ പോലും വെറുതെ വിട്ടില്ലല്ലോ’ എന്ന് കേസ് പരിഗണിക്കവേ കോടതി നടത്തിയ പരാമര്‍ശം വലിയ വാര്‍ത്തയായിരുന്നു. ശങ്കരദാസ് അ ബോധാവസ്ഥയിലാണെന്ന പ്രതിഭാഗം വാദത്തിന് വിരുദ്ധമായി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ വേഗത്തിലായത്. ശങ്കരദാസിന്റെ അറസ്റ്റ് ഇടതു മുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ്. കേസില്‍ അറസ്റ്റിലായവരില്‍ ഉണ്ണികൃഷ്ണന്‍ പോ റ്റിയും തന്ത്രിയും ഒഴികെ ബാക്കിയുള്ളവരെല്ലാം ഇടതുമു ന്നണിയുടെ പ്രധാന നേതാക്കളാണ്.ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ വിശ്വാസത്തിന്റെ കേന്ദ്രമായ ശബരിമലയില്‍ നടന്ന കൊള്ളയില്‍ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കള്‍ ഓരോരുത്തരായി പിടിയിലാകുന്നത് ഇടതുമുന്നണിയെ കടുത്ത പ്രതിരോധത്തിലാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ ഇതിനകം അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഇടതുപക്ഷവുമായി അടുത്ത ബന്ധമുള്ളവരോ മുന്നണിയിലെ ഉന്നത പദവികള്‍ അലങ്കരിച്ചവരോ ആണെന്നത് ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ക്ഷേത്ര ഭരണത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന വാദത്തിന് ഈ സംഭവങ്ങള്‍ കൂടുതല്‍ കരുത്തു പകരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായിരിക്കെയാണ് ശങ്കരദാസ് ഈ ക്രമക്കേടുകളില്‍ പങ്കാളിയായതെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. വിശ്വാസികളുടെ പണവും വഴിപാടുകളും സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ വേലി ചാടി വിളവു തിന്നുന്ന കാഴ്ചയാണിവിടെ കാണുന്നത്.
തന്ത്രിയെയും മുന്‍ മേല്‍ശാന്തിയെയും പോലുള്ള ആത്മീയ സ്ഥാനീയര്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കളും ഗൂഢാലോചനയില്‍ പങ്കാളികളായി എന്നത് കുറ്റകൃത്യത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. സി.പി.ഐയെ സംബന്ധിച്ചിടത്തോളം ഈ അറസ്റ്റ് വലിയ തിരിച്ചടിയാണ്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിക്ക്, തങ്ങളുടെ മുതിര്‍ന്ന നേതാവ് ഇത്തരമൊരു കേസില്‍ പ്രതിയായത് ജനങ്ങളോട് വിശദീകരിക്കുക പ്രയാസകരമായിരിക്കും.
ഇടതുമുന്നണിക്ക് ശബരിമല വിഷയം നേരത്തെ തന്നെ രാഷ്ട്രീയമായി വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയി ട്ടുള്ളതാണ്. പുതിയ വെളിപ്പെടുത്തലുകള്‍ വിശ്വാസികള്‍ ക്കിടയില്‍ സര്‍ക്കാരിനോടുള്ള അതൃപ്തി വര്‍ധിപ്പിക്കാന്‍ മാത്രമേ സഹായിക്കു. ഈ കേസില്‍ കേവലം ഏതാനും വ്യക്തികളെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം നീതി നടപ്പാവില്ല. സുതാര്യമായ അന്വേഷണം അനിവാര്യമാണ്. സ്വര്‍ണ്ണം എങ്ങോട്ടാണ് കടത്തിയത്? ഇതിന് പിന്നില്‍ വലിയ റാക്കറ്റുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ?
ദേവസ്വം ബോര്‍ഡിലെ പരിശോധനാ സംവിധാനങ്ങള്‍ എങ്ങനെ പരാജയപ്പെട്ടു? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കേണ്ടതുണ്ട്.
നഷ്ടപ്പെട്ട സ്വര്‍ണ്ണം പൂര്‍ണ്ണമായും വീണ്ടെടുക്കാനും അത് പുനര്‍നിര്‍മ്മിക്കാനും അടിയന്തര നടപടികളും വേണം. ശബരിമലയെ രാഷ്ട്രീയക്കാരുടെ വിഹാരരംഗമാക്കി മാറ്റുന്നതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുറ്റവാളികള്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എങ്കില്‍ മാത്രമേ തകര്‍ന്നുപോയ വിശ്വാസ്യത അല്‍പ്പമെങ്കിലും വീണ്ടെടുക്കാന്‍ അവര്‍ക്ക് സാധിക്കു




